ഫഹദ് ഫാസിലിനൊപ്പം റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മഹേഷ് നാരായണന്‍ ചിത്രം 'സി യു സൂണ്‍' ആമസോണ്‍ പ്രൈമിലൂടെ പുറത്തെത്തും. ഐ ഫോണില്‍ ചിത്രീകരിച്ച, ഫീച്ചര്‍ സിനിമകളുടെ ദൈര്‍ഘ്യമില്ലാത്ത ചിത്രമായിരിക്കും സീ യു സൂണ്‍. ആമസോണ്‍ പ്രൈമില്‍ സെപ്റ്റംബര്‍ ഒന്നിനാണ് റിലീസ്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ഉടന്‍ പുറത്തെത്തും.

കൊവിഡ് പശ്ചാത്തലത്തില്‍ തീയേറ്റര്‍ വഴിയുള്ള ഓണം റിലീസ് ഒഴിഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് ഒടിടി പ്ലാറ്റ്ഫോം വഴി മറ്റൊരു ചിത്രം കൂടി പ്രേക്ഷകരിലേക്ക് എത്തുന്നത്. ജൂലൈയില്‍ ആമസോണ്‍ പ്രൈമിലൂടെത്തന്നെ റിലീസ് ചെയ്യപ്പെട്ട ജയസൂര്യ നായകനായ സൂഫിയും സുജാതയും ആയിരുന്നു മലയാളത്തിലെ ആദ്യത്തെ ഡയറക്ട് ഒടിടി റിലീസ്. അതേസമയം ഡയറക്ട് ഒടിടി റിലീസ് ആകുമെന്ന് കരുതപ്പെട്ടിരുന്ന ടൊവീനോ തോമസ് ചിത്രം കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഏഷ്യാനെറ്റിന്‍റെ ഓണച്ചിത്രമാണ്.

അതേസമയം ഫഹദ് ഫാസില്‍ നായകനാവുന്ന ഒരു ബിഗ് ബജറ്റ് ചിത്രവും മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ പുറത്തുവരാനുണ്ട്. മാലിക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ മുതല്‍മുടക്ക് 27 കോടിയാണ്.