നിവിൻ പോളിക്കെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് വിനീത് ശ്രീനിവാസൻ; അനായാസം തെളിയിക്കാനാകുമെന്നും സംവിധായകൻ
നവംബർ, ഡിസംബർ മാസങ്ങളിലായി തന്നെ ദുബായിൽ വെച്ച് നിവിൻ പോളിയടക്കം ഒരു സംഘം ആളുകൾ തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി
കൊച്ചി: നിവിൻ പോളിക്കെതിരായ ബലാത്സംഗ കേസിൽ പരാതി വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. പരാതിയിൽ ചൂണ്ടിക്കാട്ടുന്ന ദിവസങ്ങളിൽ നിവിൻ തനിക്കൊപ്പം ഷൂട്ടിലായിരുന്നുവെന്നും ദുബായിൽ അല്ലായിരുന്നുവെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. വർഷങ്ങൾക്ക് ശേഷമെന്ന ചിത്രത്തിന്‍റെ ഷൂട്ടിലായിരുന്നു താരമെന്നാണ് സംവിധായകന്‍റെ വിശദീകരണം. ഇതിന് ഡിജിറ്റൽ തെളിവുകളടക്കം ഹാജരാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നവംബർ, ഡിസംബർ മാസങ്ങളിലായി തന്നെ ദുബായിൽ വെച്ച് നിവിൻ പോളിയടക്കം ഒരു സംഘം ആളുകൾ തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.
കോതമംഗലം ഊന്നുകൾ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം നടപടി തുടങ്ങാനിരിക്കെ ആണ് നിവിന് പിന്തുണയുമായി സുഹൃത്തുക്കൾ എത്തുന്നത്. എന്നാൽ പീഡനം നടന്ന ദിവസങ്ങൾ തനിക്ക് കൃത്യമായി ഓർമയില്ലെന്നാണ് പരാതിക്കാരിയുടെ മൊഴി. ഇക്കാര്യത്തിൽ അന്വേഷണ സംഘത്തിന് വിശദമായ മൊഴി നൽകുമെന്നും അവർ പറഞ്ഞു.
ബലാൽസംഗം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഊന്നുകൽ പൊലീസ് നിവിൻ പോളിക്കും മറ്റ് അഞ്ചു പേർക്കും എതിരെ എഫ്ഐആർ റെജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിന്റെ രേഖകളും വിശദാശംങ്ങളും ലഭിക്കാനായി കാത്തിരിക്കുകയാണ് താരം. ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും പറയുന്ന നിവിൻ എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. കൊച്ചിയിലെ മുതിർന്ന അഭിഭാഷകനുമായി നിവിന്‍ ചര്‍ച്ച നടത്തി. പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേസിലെ രണ്ടാം പ്രതിയായ എ.കെ.സുനിലും വ്യക്തമാക്കി.