'വിഷമിക്കണ്ട, ഞാനുണ്ട് കൂടെ'; സാമന്തയോട് യുവാവിന്റെ വിവാഹാഭ്യർത്ഥന, ഒടുവിൽ മറുപടി, കയ്യടിച്ച് ആരാധകർ
രസകരമായ വീഡിയോയും നടിയുടെ മറുപടിയും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
ഗൗതം മേനോൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് സാമന്ത. ഈച്ച എന്ന സിനിമയിലൂടെ മലയാളികൾക്കിടയിലും സുപരിചിതയായ സാമന്തയുടെ കരിയർ വളർച്ച വളരെ വേഗത്തിൽ ആയിരുന്നു. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ മുനിർനിര നായികയായി ഉയർന്ന് നിൽക്കുന്ന താരത്തിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് എങ്ങും.
നടൻ നാഗ ചൈതന്യയുമായുള്ള സാമന്തയുടെ വേർപിരിയൽ വാർത്ത ഏറെ ശ്രദ്ധനേടിയതാണ്. ഇപ്പോഴിതാ നാഗ ചൈതന്യം നടി ശോഭിതയുമായി വിവാഹിതനാകാൻ പോവുകയാണ്. സാമന്തയോട് ഇത് വേണ്ടിയിരുന്നില്ലെന്ന് പറഞ്ഞ് നിരവധി ആരാധകരാണ് ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും എതിരെ വിമർശനം ഉന്നയിക്കുന്നത്. ഈ അവസരത്തിൽ സാമന്തയോട് വിവാഹാഭ്യർത്ഥന നടത്തിയിരിക്കുകയാണ് ഒരു യുവാവ്. മുകേഷ് എന്ന ആരാധകൻ ആണ് വിവാഹ അഭ്യർത്ഥന നടത്തിയിരിക്കുന്നത്.
'സാമന്ത വിഷമിക്കേണ്ടതില്ല. ഞാൻ എന്നും എപ്പോഴും കൂടെയുണ്ടാകും', എന്നാണ് റീൽ വീഡിയോയിൽ മുകേഷ് കുറിച്ചിരിക്കുന്നത്. ബാഗ് പാക്ക് ചെയ്ത് വിമാനത്തിൽ യാത്രചെയ്ത് സാമന്തയുടെ വീട്ടിൽ വരെ എത്തുന്ന കാര്യങ്ങൾ മുകേഷ് ഗ്രാഫിക്സിന്റെ സഹായത്തോടെ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സാമന്ത തയ്യാറാണെങ്കിൽ വിവാഹം കഴിക്കാൻ താൻ തയ്യാറാണെന്നും സാമ്പത്തികമായി ഉയരാൻ തനിക്കൊരു രണ്ട് വർഷത്തെ സമയം തന്നാൽ മതിയെന്നും ഇയാൾ പറയുന്നുണ്ട്. ഏറെ രസകരമായ വീഡിയോ ഞൊടിയിട കൊണ്ടാണ് സോഷ്യൽ ലോകത്ത് ശ്രദ്ധനേടിയത്.
വീഡിയോ ശ്രദ്ധയിൽപെട്ടതോടെ കമന്റുമായി സാമന്ത തന്നെ രംഗത്ത് എത്തി. 'ബാക്ഗ്രൗണ്ടിലെ ജിം എന്നെ ഏതാണ്ട് കണ്‍വിന്‍സ് ചെയ്തതാണ്', എന്നാണ് സാമന്ത കുറിച്ചത്. ജിമ്മിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു മുകേഷ് വീഡിയോ ചെയ്തത്. സാമന്തയുടെ മറുപടി വന്നതോടെ ആരാധകരും അതേറ്റെടുത്തു.
'സമാന്തയ്ക്ക് ദശലക്ഷക്കണക്കിന് ആരാധകരുണ്ടെങ്കില്‍ അതിലൊരാളാണ് ഞാൻ. സമാന്തയ്ക്ക് പത്ത് ആരാധകരുണ്ടെങ്കില്‍ അവരിൽ ഒരാളും ഞാനാണ്. സമാന്തയ്ക്ക് ഒരേയൊരു ആരാധകനെ ഉള്ളൂവെങ്കിൽ അത് ഞാൻ മാത്രമാണ്. സമാന്തയ്ക്ക് ഒരു ആരാധകനും ഇല്ലെങ്കില്‍ അതിനർത്ഥം ഞാന്‍ ഈ ഭൂമിയില്‍ ഇല്ലെന്നാണ്. ഈ ലോകം സമാന്തയ്ക്ക് എതിരാണെങ്കില്‍ ഞാന്‍ ഈ ലോകത്തിന് എതിരാണ്', എന്നാണ് സാമന്തയുടെ മറുപടി പങ്കുവച്ച് മുകേഷ് കുറിച്ചത്. എന്തായാലും രസകരമായ വീഡിയോയും നടിയുടെ മറുപടിയും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
ഒന്നാമന് 70 കോടി, 'മഞ്ഞുമ്മലി'ന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ കൽക്കി ! തമിഴകത്ത് പണംവാരിയ പടങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..