കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രചാരണാ‌ര്‍ഥം മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ഹ്രസ്വചിത്രങ്ങൾ ഒരുക്കുന്നു. ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഒന്‍പത് ബോധവത്കരണ ചിത്രങ്ങളാണ് ഫെഫ്കയുടെ എന്റര്‍ടൈന്‍മെന്റ് യൂ ട്യൂബ് ചാനലിലൂടെ പുറത്തിറക്കുന്നത്.  എല്ലാവരും സുരക്ഷിതരായാലേ നമ്മളും സുരക്ഷിതരാകൂ എന്ന സന്ദേശം മുന്നോട്ട് വെക്കുന്ന മുത്തുമണി അഭിനയിക്കുന്ന ‘വണ്ടര്‍ വുമണ്‍ വനജ’യാണ് ആദ്യ ചിത്രമായി പുറത്തിറങ്ങിയത്. 

സംവിധായകൻ ജോണി ആന്റണി പ്രധാന വേഷത്തിലെത്തിയ സൂപ്പർമാൻ സദാനന്ദൻ എന്ന ചിത്രം  ഇന്ന് റിലീസ് ചെയ്തു. ഗൾഫില്‍ നിന്നും നാട്ടിലെത്തിയിട്ടും അനന്തരവളുടെ വിവാഹം കൂടാതെ സ്വയം ക്വാറന്റീനിൽ പ്രവേശിച്ച സദാനന്ദനാണ് ഇതിലെ ഹീറോ.

ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനുമായി ചേർന്നാണ് ഫെഫ്ക ഈ ചിത്രങ്ങൾ പൂർത്തിയാക്കിയത്. ചലച്ചിത്ര സാങ്കേതിക പ്രവർത്തകരും താരങ്ങളും ഫെഫ്കയുടെ ഈ സംരംഭവുമായി സൗജന്യമായാണ് സഹകരിച്ചത്. തുടർചിത്രങ്ങള്‍ വരും ദിവസങ്ങളില്‍ രാവിലെ 11 മണിക്കും വൈകുന്നേരം 5 മണിക്കുമായി ഫെഫ്കയുടെ യു ട്യൂബ് ചാനലിലൂടെ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, രജീഷ വിജയന്‍, കുഞ്ചന്‍, അന്ന രാജന്‍, സോഹന്‍ സീനുലാല്‍, സിദ്ധാര്‍ത്ഥ ശിവ തുടങ്ങിയവരും ചിത്രങ്ങളില്‍ പങ്കാളികളാകുന്നു.