Asianet News MalayalamAsianet News Malayalam

'എഫ്ഐആര്‍ സ്വഭാവിക നടപടി' : രഞ്ജിത്തിനെതിരെ ഇപ്പോള്‍ അച്ചടക്ക നടപടി ഉണ്ടാകില്ലെന്ന് ഫെഫ്ക

സംവിധായകൻ രഞ്ജിത്തിനെതിരെ ഫെഫ്കയുടെ അച്ചടക്ക നടപടി തൽക്കാലം ഉണ്ടാകില്ല. പോലീസ് റിപ്പോർട്ടോ, അറസ്റ്റോ, കോടതിയുടെ കടുത്ത ഇടപെടലോ ഉണ്ടായാൽ മാത്രമേ സസ്പെൻഡ് ചെയ്യൂ. 

fefka says no disciplinary action will be taken against director Ranjith
Author
First Published Aug 27, 2024, 8:09 AM IST | Last Updated Aug 27, 2024, 8:12 AM IST

കൊച്ചി: സംവിധായകന്‍  രഞ്ജിത്തിനെതിരെ ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടന ഫെഫ്കയുടെ അച്ചടക്ക നടപടി തൽക്കാലം ഉണ്ടാകില്ല. രഞ്ജിത്തിനെതിരെ പോലീസ് റിപ്പോർട്ടോ, അറസ്റ്റോ, കോടതിയുടെ കടുത്ത ഇടപെടലോ ഉണ്ടായാൽ സസ്പെൻഡ് ചെയ്യാം എന്നതാണ് ഫെഫ്കയുടെ നിലപാട്. എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത് സ്വാഭാവിക നടപടി എന്നാണ് സിനിമ സംഘടനയുടെ വിലയിരുത്തല്‍. 

കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ പരാതി ലഭിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ശ്യാം സുന്ദർ സ്ഥിരീകരിച്ചത്. പരാതി നോർത്ത് പൊലീസിന് കൈമാറിയെന്നും 354 ഐപിസി പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. 

കേസിലെ തുടർനടപടികൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം എടുക്കുമെന്നും കമ്മീഷ്ണർ പറഞ്ഞു. ലൈം​ഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് ശ്രീലേഖ കൊച്ചി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. രഞ്ജിത്തിനെതിരെ ശ്രീലേഖ മിത്ര ഉന്നയിച്ച ആരോപണം പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസാണ്. തുടർന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു.

അതിക്രമം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വെച്ചാണെന്നും പരാതിയില്‍ പറയുന്നുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണമെന്നും ശ്രീലേഖ മിത്ര അയച്ച ഇമെയില്‍ പരാതിയിലുണ്ട്. രഞ്ജിത്ത്  നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ശ്രീലേഖ പരാതി നല്‍കിയിരിക്കുന്നത്. കേസെടുക്കാന്‍ പരാതി വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അറിഞ്ഞു. അതുകൊണ്ടാണ് രേഖാമൂലം ഇപ്പോള്‍ പരാതി നല്‍കുന്നതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. 

2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios