ചെയർമാൻ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടെന്ന വ്യവസ്ഥ എടുത്ത് മാറ്റാനാണ് നീക്കം. നിലവിൽ ദിലീപ്, ആന്റണി പെരുമ്പാവൂർ എന്നിവരാണ് ഈ തസ്തികകളിൽ ഉള്ളത്.
കൊച്ചി: സംസ്ഥാനത്തെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ ഭരണഘടന മാറ്റത്തിന് ഒരുങ്ങി ഭരണസമിതി. നടന്‍ ദിലീപിനെയും (Dileep) നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും (Antony Perumbavoor) പുറത്താക്കാനാണ് ഫിയോക്കിന്റെ നിര്‍ണായക നീക്കം. ചെയർമാൻ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടെന്ന വ്യവസ്ഥ എടുത്ത് മാറ്റാനാണ് ഭരണ സമിതി ഒരുങ്ങുന്നത്. നിലവിൽ ദിലീപ്, ആന്റണി പെരുമ്പാവൂർ എന്നിവരാണ് ഈ തസ്തികകളിൽ ഉള്ളത്.
മറ്റ് സംഘടനകളിൽ അംഗങ്ങളായവർ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന ചട്ടം ഏർപ്പെടുത്താനും നീക്കമുണ്ട്. ഇതും ദിലീപിനെയും ആന്റണി പെരുമ്പാവൂരിനും തിരിച്ചടിയാകും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഈ മാസം 31 ന് ചേരുന്ന ഫിയോക് വാർഷിക ജനറൽ ബോഡി യോഗത്തിൽ എടുക്കും. 2017 ൽ സംഘടന രൂപീകരണത്തിന് മുൻകൈ എടുത്തവരെന്ന നിലയിലാണ് ദിലീപിനെ ആന്റണി പെരുമ്പാവൂരിനെയും ആയിരുന്നു ആജീവനാന്ത ഭാരവാഹികളാക്കിയിരുന്നത്.
സംസ്ഥാനത്തെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ അടുത്തിടെ ഉണ്ടായ ഭിന്നത വ്യക്തമാക്കുന്നതാണ് നിലവിലെ നീക്കങ്ങൾ. 2017ല്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍ന്നാണ് തിയറ്ററുടമകളുടെ ഇന്നത്തെ സംഘടനയായ ഫിയോക് രൂപികരിക്കുന്നത്. സംഘടന രൂപീകരണത്തിന് മുൻകൈ എടുത്തവരെന്ന നിലയിലാണ് ദിലീപിനെ ആന്റണി പെരുമ്പാവൂരിനെയും ആജീവനാന്ത ഭാരവാഹികളാക്കിയിരുന്നത്. ഈ രണ്ട് സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് പാടില്ലെന്നും ഫിയോക്കിന്റെ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിരുന്നു. ഈ ചട്ടം പൊളിച്ചെഴുതാനാണ് ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്.
മോഹന്‍ലാല്‍ ചിത്രമായ മരക്കാറിന്റെ റിലീസിങുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരും ഫിയോക്കുമായുണ്ടായ അഭിപ്രായഭിന്നതയുടെ തുടര്‍ച്ചയാണ് നിലവിലെ നീക്കത്തിലെത്തി നില്‍ക്കുന്നത്. നേരത്തെ ചെയര്‍മാനായ ദിലിപ് മുഖേന സംഘടനയ്ക്ക് ആന്റണി പെരുമ്പാവൂര്‍ രാജി നല്‍കിയിരുന്നെങ്കിലും അതേകുറിച്ച് അറിവില്ലെന്നാണ് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ, പുതിയ ഭാരവാഹിക്കള്‍ വരുക എന്നത് സ്വാഗതാര്‍ഹമായ കാര്യമാണെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചു.

ദുൽഖറിനെ വിലക്ക് ഫിയോക്ക്
നടൻ ദുൽഖർ സൽമാനും അദ്ദേഹത്തിന്‍റെ നിർമാണക്കമ്പനിക്കും തിയേറ്ററുടമകളുടെ സംയുക്ത സംഘടനയായ ഫിയോക്ക് വിലക്കേർപ്പെടുത്തിയിരുന്നു. നിലവിലെ ധാരണകൾ ലംഘിച്ചാണ് സല്യൂട്ട് സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നതെന്നും നന്ദികേടാണ് ദുൽഖർ സൽമാന്‍ കാണിച്ചതെന്നും സംഘടന അറിയിച്ചു.
ദുൽഖർ സൽമാന്‍റെ നിർമാണ കന്പനിയായ വേ ഫെയറർ ഫിലിംസാണ് സല്യൂട്ട് സിനിമ നിർമിച്ചിരിക്കുന്നത്. ഈ മാസം 18ന് ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനിരിക്കെയാണ് ദുൽഖറിനും നിർമാണ കമ്പനിക്കും വിലക്കേർപ്പെടുത്തി തിയേറ്ററുടമകൾ രംഗത്തെത്തിയത്. സല്യൂട്ട് സിനിമ ജനുവരി 14ന് തിയേറ്ററിൽ റിലീസ് ചെയ്യാമെന്ന് കരാർ ഉണ്ടായിരുന്നതാണ്. ഇതനുസരിച്ച് പോസ്റ്ററുകളും അച്ചടിച്ചു. എന്നാൽ മുൻ ധാരണകൾ ലംഘിച്ച് ദുൽഖർ സൽമാൻ ചിത്രം ഒടിടിക്ക് നൽകി. നന്ദികേടാണ് ദുൽഖറിന്‍റെ ഭാഗത്തുനിന്നുണ്ടായത്. കുറുപ്പ് സിനിമ റിലീസ് ചെയ്തപ്പോൾ തിയേറ്ററുകാരെ ദുൽഖറിനും നിർമാണക്കന്പനിക്കും വേണമായിരുന്നു.
