അന്വേഷണ സംഘം പല കേസുകളും അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് പറയാറുണ്ടെന്നും എന്നാൽ പുറത്തുള്ളവർക്ക് അങ്ങനെ തോന്നണമെന്നില്ലെന്നും ഫിയോക്ക് പ്രസിഡന്‍റ്
കൊച്ചി: നടി ആക്രമിക്കപ്പെട്ടത് അപൂർവ്വ സംഭവമായി തോന്നുന്നത് പുറത്തുനിന്നുള്ളവർക്കാണെന്ന് ഫിയോക്ക് പ്രസിഡന്‍റ് വിജയകുമാർ. അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് കോടതിയും ജഡ്ജിയും പറഞ്ഞാലും അത് പുറത്തുനിക്കുന്നവർക്ക് തോന്നണമെന്നില്ലെന്നും അത് അനുഭവിക്കുന്ന ഓരോരുത്തരുമാണ് തീരുമാനിക്കുകയെന്നും വിജയകുമാർ പറഞ്ഞു. അന്വേഷണ സംഘം പല കേസുകളും അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന് പറയാറുണ്ടെന്നും എന്നാൽ പുറത്തുള്ളവർക്ക് അങ്ങനെ തോന്നണമെന്നില്ലെന്നും ഫിയോക്ക് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. ഫിയോക് ചെയർമാനായ ദിലീപിനോട് സംഘടനയിൽ നിന്ന് മാറി നിൽക്കാൻ യോഗത്തിൽ ഒരാൾ പോലും ആവശ്യപ്പെട്ടില്ലെന്നും വിജയകുമാർ വ്യക്തമാക്കി.

അതേസമയം ദുൽഖർ സൽമാന്‍റെ നിർമ്മാണ കമ്പനിക്ക് ഫിയോക് ഏർപ്പെടുത്തിയ വിലക്ക് നീക്കാനും യോഗത്തിൽ തീരുമാനമായി. കൊവിഡ് രൂക്ഷമായതോടെ തിയറ്റർ റിലീസ് വൈകിയെങ്കിലും ഒ ടി ടി കരാർ വൈകിപ്പിക്കാൻ കഴിയാതിരുന്ന സാഹചര്യം നിർമ്മാണ കമ്പനി വിശദീകരിച്ചു. ഇക്കാര്യങ്ങൾ അംഗീകരിച്ച് വിലക്ക് നീക്കിയെങ്കിലും ഇനി മുതൽ സിനിമകളുടെ ഒ ടി ടി റിലീസിൽ വിട്ട് വീഴ്ച വേണ്ടെന്നാണ് തീരുമാനം. തിയറ്റർ റിലീസിന് 42 ദിവസത്തിന് ശേഷം മാത്രമാകണം ഒ ടി ടി എന്ന് കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗം തീരുമാനിച്ചു. നടൻമാരുടെ നിലനിൽപ്പ് തിയറ്ററർ തന്നെയെന്ന് തെളിഞ്ഞ് വരുന്നതായും സംഘടന പ്രസിഡന്‍റ് ചൂണ്ടികാട്ടി.
ഫിയോക് സംഘടനയുടെ ഭരണഘടനയിൽ മാറ്റം വരുത്താനുള്ള തീരുമാനവും മൂന്ന് മാസത്തേക്ക് നീട്ടിവെച്ചിട്ടുണ്ട്. ദിലീപിനെയും ആന്‍റണി പെരുമ്പാവൂരിനെയും സ്ഥിരം ചെയർമാൻ വൈസ് ചെയർമാൻ സ്ഥാനങ്ങളിൽ നിന്ന് മാറ്റുന്ന രീതിയിലായിരുന്നു ഭേദഗതി. ഇക്കാര്യത്തിൽ നിയമോപദേശം തേടാനാണ് ഫിയോക്കിന്‍റെ തീരുമാനം.
'ദുൽഖറിന്‍റെ വിലക്ക് നീക്കി'; ഒടിടി റിലീസിന് കർശന മാനദണ്ഡം ക൪ശനമാക്കുമെന്നും ഫിയോക്
ഫിയോകിന്റെ സ്വീകരണ പരിപാടിയിൽ വേദി പങ്കിട്ട് ദിലീപും രഞ്ജിത്തും
നേരത്തെ ഫിയോകിന്റെ സ്വീകരണ പരിപാടിയിൽ നടൻ ദീലിപും സംവിധായകൻ രഞ്ജിത്തും വേദി പങ്കിട്ടത് ചർച്ചയായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തിനും സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മധുപാലിനും നൽകിയ ഫിയോക്കിന്റെ സ്വീകരണ യോഗത്തിലാണ് ദിലീപും പങ്കെടുത്തത്. ഫിയോകിന്റെ ആജീവനാന്ത കാല ചെയർമാനാണ് ദിലീപ്. എന്തിനും കെൽപ്പുള്ളയാളാണ് രഞ്ജിത്തെന്ന് യോഗത്തിൽ ദിലീപ് പ്രശംസിച്ചു. തിയേറ്റർ ഉടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്നും രഞ്ജിത്ത് മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.
ഇതിന് പിന്നാലെ ദിലീപുമായി വേദി പങ്കിട്ടതിൽ തെറ്റ് കാണേണ്ടതില്ലെന്ന വാദവുമായി സംവിധായകൻ രഞ്ജിത്ത് രംഗത്തെത്തി. താൻ ദിലീപിന്റെ വീട്ടിൽ പോയതല്ല. ഏതെങ്കിലും റെസ്റ്റോറന്റിൽ ദിലീപിനൊപ്പം കാപ്പി കുടിക്കാൻ പോയതല്ല. ഇനി ആണെങ്കിലും തന്നെ അതിൽ കഴുവേറ്റണ്ട കാര്യവുമില്ല. ഫിയോക്കിന്റെ പ്രതിനിധികളുടെ ക്ഷണ പ്രകാരമാണ് താൻ പോയത്. താൻ കയറുന്ന വിമാനത്തിൽ ദിലീപുണ്ടെങ്കിൽ അതിൽ നിന്ന് എടുത്ത് ചാടണോയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സർക്കാരിന്റെ മുഖമാണെങ്കിലു൦ സിനിമാ പ്രവ൪ത്തകരുമായുള്ള ബന്ധം തുടരു൦. അതിനുള്ള സ്വാതന്ത്ര്യം തനിക്ക് സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി.
നേരത്തേ നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയവെ ദിലീപിനെ രഞ്ജിത്ത് കണ്ടതും വിവാദമായിരുന്നു. നടന്‍ ദിലീപിനെ ന്യായീകരിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെന്നായിരുന്നു രഞ്ജിത്ത് അന്ന് നൽകിയ മറുപടി. 'ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായിട്ടാണ് ജയിലിൽ പോയി ദിലീപിനെ കണ്ടത്. ദിലീപുമായി അടുത്ത ബന്ധം ഇല്ലെന്നും രഞ്ജിത് വിശദീകരിച്ചിരുന്നു
