അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് നോട്ടീസ് നൽകുക. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജോയിന്റ് ആർ ടി ഒ യെ നിയോഗിക്കുമെന്നും ഇടുക്കി ആർ ടി ഒ അറിയിച്ചു.
തൊടുപുഴ:
തൊടുപുഴ: വാഗമണ്ണിലെ ഓഫ് റോഡ് റൈഡില്‍ പങ്കെടുത്ത നടൻ ജോജു ജോർജ്ജിന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകും. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് നടപടി. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജോയിൻറ് ആർടിഒയെ നിയോഗിക്കുമെന്നും ഇടുക്കി ആർടിഒ അറിയിച്ചു. കെ എസ് യുവിൻറെ പരാതിയെ തുടർന്നാണ് നടപടി.
ജോജു ജോർജ്ജ് അപകടകരമായ രീതിയിൽ ഓഫ് റോഡ് റൈഡിൽ വാഹനം ഓടിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ് യു ഇടുക്കി ജില്ല പ്രസിഡൻറ് ടോണി തോമസ് മോട്ടോർ വാഹന വകുപ്പിന് പരാതി നൽകി. ഇതേത്തുടർന്നാണ് നടന് നോട്ടീസ് നൽകാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. പരിപാടിയുടെ സംഘാടകർക്കും നോട്ടീസ് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഓഫ് റോഡ് അസ്സോസിയേഷൻ ഓഫ് കേരളയാണ് റൈഡ് സംഘടിപ്പിച്ചത്. വാഗമൺ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലായിരുന്നു ഇത്. പൊതു സ്ഥമാണോ അതോ സ്വകാര്യ സ്ഥലത്താണോ എന്നത് സംബന്ഝിച്ചും പരിശോധന നടത്തും. മോട്ടോർ വാഹന വകുപ്പിൻറെ അനുമതി വാങ്ങാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും ഇടുക്കി ആർടിഒ പറഞ്ഞു.
ഇടുക്കിയിൽ ഓഫ് റോഡ് റെയ്സുകൾ കളക്ടർ നിരോധിച്ചിട്ടുണ്ട്. ഇത് മറികടന്നാണ് പരിപാടി നടത്തിയത്. സംഭവം സംബന്ധിച്ച് ജോയിൻറ് ആർടിഒ യുടെ റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ആർടിഒ പറഞ്ഞു. അതേ സമയം എല്ലാ വിധ സുരക്ഷ സംവിധനങ്ങളും ഒരുക്കിയിരുന്നുവെന്നും പരിചയ സമ്പന്നരായ ആളുകളാണ് വാഹനം ഓടിച്ചതെന്നും സംഘാടകർ പറഞ്ഞു. സ്വകാര്യ സ്ഥലമായതിനാൽ അനുമതി വാങ്ങേണ്ടതില്ലെന്നും ഇത്തരം സാഹസിക പരിപാടികൾക്ക് അനുമതി നൽകാൻ പ്രത്യേക സംവിധാനം ഇല്ലെന്നുമാണ് ഇവരുടെ പ്രതികരണം. ജോജുവിനെതിരായ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും സംഘാടക സമിതി അംഗമായ സുജീഷ് വ്യക്തമാക്കി.
വന്‍ മൂഡ്, പൊളി'; ജീപ്പ് റാംഗ്ലറില്‍ ഓഫ് റോഡിംഗിന് ഇറങ്ങി ജോജു ജോര്‍ജ്: വീഡിയോ
ഡ്രൈവിംഗ് ഏറെ ഇഷ്ടപ്പെടുന്ന ആളാണ് നടന്‍ ജോജു ജോര്‍ജ് . പ്രിയ വാഹനങ്ങളെക്കുറിച്ച് അദ്ദേഹം പലപ്പോഴും സംസാരിച്ചിട്ടുമുണ്ട്. തന്‍റെ ജീപ്പ് റാംഗ്ലറുമായി ഒരു ഓഫ് റോഡ് ട്രാക്കിലൂടെയും ഡ്രൈവ് ചെയ്യുന്നതിന്‍റെ ലഘുവീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുകയായിരുന്നു.
ആദ്യമായാണ് ഒരു ഓഫ് റോഡിംഗ് മത്സരത്തില്‍ അദ്ദേഹം പങ്കെടുത്തത്. കുത്തനെയുള്ള കയറ്റങ്ങളും മറ്റു പ്രതിബന്ധങ്ങളുമൊക്കെയുള്ള ട്രാക്കില്‍ ആവേശത്തോടെ വാഹനമോടിക്കുന്ന ജോജുവിനെ വീഡിയോയില്‍ കാണാം. ഡ്രൈവിന് ശേഷം അദ്ദേഹം പ്രതികരിക്കുന്നതിന്‍റെയും വീഡിയോ പുറത്തെത്തിയിട്ടുണ്ട്. വന്‍ മൂഡ്, പൊളി, ചെതറിക്കല്.. എന്നൊക്കെയാണ് ചുരുങ്ങിയ വാക്കുകളില്‍ ജോജു തന്‍റെ ഡ്രൈവിംഗ് ആവേശം വെളിപ്പെടുത്തുന്നത്. ജീപ്പ് റാംഗ്ലര്‍ അണ്‍ലിമിറ്റഡിന്‍റെ പെട്രോള്‍ വേരിയന്‍റ് ആണ് ജോജുവിനുള്ളത്. 2018ല്‍ ആണ് അദ്ദേഹം ഈ വാഹനം സ്വന്തമാക്കിയത്.

അതേസമയം ഷാനില്‍ മുഹമ്മദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച അവിയല്‍ ആണ് ജോജുവിന്‍റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. അതിനു മുന്‍പ് തിയറ്ററുകളിലെത്തിയ കമല്‍ കെ എമ്മിന്‍റെ പടയിലും ഒരു ശ്രദ്ധേയ കഥാപാത്രമായിരുന്നു ജോജുവിന്. അരവിന്ദന്‍ മണ്ണൂര്‍ എന്നായിരുന്നു പടയില്‍ ജോജു അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്. 1996ല്‍ പാലക്കാട് കളക്റ്ററേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ അധികരിച്ച് നിര്‍മ്മിക്കപ്പെട്ട ചിത്രമാണിത്. നിരൂപകശ്രദ്ധ നേടിയിരുന്നു ഈ ചിത്രം. തുറമുഖം, പീസ്, ഒറ്റക്കൊമ്പന്‍ എന്നിവയാണ് ജോജുവിന്‍റേതായി പുറത്തെത്താനിരിക്കുന്ന ചിത്രങ്ങള്‍.
