ജനുവരിയില്‍ തിയറ്ററുകള്‍ കുലുക്കുക 'വാലിബന്‍' മാത്രമല്ല, വരുന്നത് വന്‍ ക്ലാഷ്
മിക്ക ഭാഷകളില്‍ നിന്നും ഈ സമയത്ത് പുതിയ പ്രധാന സിനിമകള്‍ എത്തുന്നുണ്ട്

സിനിമകളുടെ പ്രധാന റിലീസ് സീസണുകളായി മുന്‍പ് പരിഗണിക്കപ്പെട്ടിരുന്നത് ആഘോഷവേളകളാണ്. ഓണം, ക്രിസ്മസ്, ദസറ, ഹോളി തുടങ്ങി അതത് ഇടങ്ങളില്‍ പ്രാധാന്യമുള്ള ഫെസ്റ്റിവല്‍ സീസണുകളാണ് വ്യത്യസ്ത ഭാഷാ സിനിമകളുടെയും പ്രധാന റിലീസിംഗ് സീസണ്‍ ആയി പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് ഏത് പൊതുഅവധിദിനത്തിലും റിലീസിംഗ് സാധ്യത തിരയാറുണ്ട് നിര്‍മ്മാതാക്കള്‍. അത്തരത്തില്‍ ഇന്ത്യന്‍ സിനിമയില്‍ വരാനിരിക്കുന്ന ഒരു പ്രധാന റിലീസിംഗ് വീക്കെന്‍ഡ് റിപബ്ലിക് ദിനവുമായി ബന്ധപ്പെട്ടാണ്.
മിക്ക ഭാഷകളില്‍ നിന്നും ഈ സമയത്ത് പുതിയ പ്രധാന സിനിമകള്‍ എത്തുന്നുണ്ട്. മലയാളത്തില്‍ നിന്ന് ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ ആണ് വരുന്നതെങ്കില്‍ തമിഴില്‍ നിന്ന് എത്തുക പാ രഞ്ജിത്ത്- വിക്രം ചിത്രം തങ്കലാന്‍ ആണ്. ബോളിവുഡില്‍ നിന്ന് പഠാന്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദിന്‍റെ ഹൃത്വിക് റോഷന്‍ ചിത്രം ഫൈറ്ററും എത്തുന്നു. ഇതില്‍ മലൈക്കോട്ടൈ വാലിബനും ഫൈറ്ററും ജനുവരി 25 ന് എത്തുമ്പോള്‍ തങ്കലാന്‍ 26 നാണ് എത്തുക. പഠാന് ശേഷമെത്തുന്ന സിദ്ധാര്‍ഥ് ആനന്ദ് ചിത്രം എന്നത് ഫൈറ്ററിന് കേരളത്തിലും പ്രേക്ഷകശ്രദ്ധ നല്‍കുന്ന ഘടകമാണ്. വിക്രം ചിത്രത്തിനും കേരളത്തില്‍ അതുണ്ട്.
അതേസമയം മലയാളി സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു എന്നതുതന്നെയാണ് അതിന്‍റെ പ്രധാന യുഎസ്‍പി. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ALSO READ : തെലുങ്കിലെ ദസറ വിന്നര്‍ ആര്? ബാലയ്യ, രവി തേജ ചിത്രങ്ങള്‍ ഇതുവരെ നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക