നവാസിന്റെ ജൻമദിനത്തിൽ രഹ്ന പങ്കുവെച്ച ഹൃദയസ്‍പർശിയായ പോസ്റ്റിൽ പലരുടെയും കണ്ണുടക്കുകയാണ്.

സ്റ്റേജ് ഷോകളിലും സിനിമയിലും ഒന്നിച്ച് അഭിനയിച്ച്, ഒടുവിൽ ജീവിതത്തിലും ഒന്നായവരാണ് നവാസും രഹ്നയും. ഒരു വർഷം മുൻപാണ് ഹൃദായാഘാതത്തെത്തുടർന്ന് നവാസ് മരണപ്പെടുന്നത്. നവാസിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം പലരും ഓർക്കുന്നൊരു മുഖമാണ് രഹ്നയുടേതും. ഇപ്പോഴിതാ നവാസിന്റെ ജൻമദിനത്തിൽ രഹ്ന പങ്കുവെച്ച ഹൃദയസ്പർശിയായ പോസ്റ്റിൽ പലരുടെയും കണ്ണുടക്കുകയാണ്. ''ഇന്ന് ആഗസ്റ്റ് 10. നവാസ്‌ക്കയുടെ പിറന്നാളാണ്. കാത്തിരിപ്പിനൊടുവിൽ സുബർക്കത്തിൽ വെച്ച് ഞങ്ങൾ വീണ്ടും കണ്ടുമുട്ടും. ഇതിനേക്കാൾ മനോഹരമായി ഞങ്ങൾ അവിടെ ജീവിക്കും'', എന്നാണ് രഹ്ന കുറിച്ചിരിക്കുന്നത്. നവാസ് മുൻപ് പാടിയൊരു പാട്ടും ഇരുവരുമൊന്നിച്ച് ഊഞ്ഞാൽ ആടുന്നതുമെല്ലാം വീഡിയോയിൽ ചേർത്തിട്ടുണ്ട്.

നിരവധിയാളുകൾ വീഡിയോയ്ക്കു താഴെ രഹ്നയെ ആശ്വസിപ്പിച്ച് കമന്റ് ചെയ്യുന്നുണ്ട്. ''എന്തു മനോഹരമായാണ് ഇവർ സ്നേഹിച്ചിരുന്നത്'', എന്നാണ് പലരും കുറിക്കുന്നത്. ''വീഡിയോ കണ്ട് കരഞ്ഞുപോയി'', എന്നും ചിലർ പറയുന്നു. ''ഒരു കലാകാരന് പടച്ചവന്‍ സ്വര്‍ഗം കൊടുത്ത് അനുഗ്രഹിക്കുകയാണെങ്കില്‍ അത് നവാസിക്കയിക്കായിരിക്കും. കാരണം, അദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖിക്കാത്ത മലയാളികള്‍ ഉണ്ടാവില്ല, അതുപോലെ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാത്തവരും. അള്ളാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ'', എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

View post on Instagram

2002ലായിരുന്നു നവാസിന്റെയും രഹ്നയുടെയും വിവാഹം. ഇവർക്ക് മൂന്ന് മക്കളുണ്ട്. വിവാഹശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത രഹ്ന, വർഷങ്ങൾക്കുശേഷം 'ഇഴ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തിയിരുന്നു. ഈ സിനിമയിൽ നവാസിന്റെ നായികയായാണ് രഹ്ന അഭിനയിച്ചത്. കരിയറിൽ സജീവമായി തുടരുന്നതിനിടെയാണ് നവാസിന്റെ അപ്രതീക്ഷിത മരണം. 'പ്രകമ്പനം' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ചോറ്റാനിക്കരയിലെത്തിയ നവാസിന് ഹോട്ടൽ മുറിയിൽ വെച്ച് ഹൃദായാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക