തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ജൂബിലി മെഡിക്കല്‍ മിഷൻ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ സച്ചിയുള്ളത്. വെന്റിലേറ്ററിലാണ്. അതേസമയം സച്ചിയുടെ ആരോഗ്യനില നിയന്ത്രണത്തിലാണ് എന്ന് ജൂബിലി ആശുപത്രി അധികൃതര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു. സച്ചിയുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ പറയാനാകുക 48- 72 മണിക്കൂറിന് ശേഷമായിരിക്കുമെന്നും ജൂബിലി മെഡിക്കല്‍ മിഷൻ ഹോസ്‍പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. മറ്റൊരു ആശുപത്രിയില്‍ നടത്തിയ ഹിപ്പ് റിപ്ലേസ്‍മെന്റ് ശസ്‍ത്രക്രിയ കഴിഞ്ഞാണ് സച്ചിക്ക് ഹൃദയാഘാതമുണ്ടായതെന്നും ഇന്ന് പുലര്‍ച്ചെ ജൂബിലി ആശുപത്രിയിലേക്ക് കൊണ്ടുവന്നത് എന്നും അധികൃതര്‍ പറയുന്നു.

ഹിപ്പ് റിപ്ലേസ്‍മെന്റ് ശസ്‍ത്രക്രിയ സച്ചിക്ക് നടത്തിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ജൂബിലി ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ഇപ്പോള്‍ സച്ചിയുടെ ആരോഗ്യനില നിയന്ത്രണത്തിലാണ്. പക്ഷേ ഹൃദയാഘത്തെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞിട്ടുണ്ടാകും. മെഡിക്കല്‍ യൂണിറ്റ് അദ്ദേഹത്തെ നിരീക്ഷിക്കുകയാണ് എന്നും ജൂബിലി അധികൃതര്‍ പറയുന്നു.  അടുത്തകാലത്ത് ഏറെ ഹിറ്റായ അയ്യപ്പനും കോശിയും എന്ന സിനിമയുടെ സംവിധായകനാണ് സച്ചി. അനാര്‍ക്കലിയാണ് സച്ചി ആദ്യം സംവിധാനം ചെയ്‍തത്. സേതുമായി ചേര്‍ന്ന് തിരക്കഥാകൃത്തായാണ് സച്ചി ആദ്യം സിനിമയുടെ ഭാഗമാകുന്നത്.