പ്രിയ നടന്‍ കലാഭവന്‍ മണിയുടെ വിയോഗം ഉള്‍ക്കൊള്ളാന്‍ മലയാള സിനിമാലോകത്തിനും ആരാധകര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. നല്ല അഭിനേതാവായും മനുഷ്യസ്നേഹിയായും മലയാളി മനസ്സുകളില്‍ ഇടം പിടിച്ച കലാഭവന്‍ മണിയുടെ നാലാം ചരമവാര്‍ഷികമാണ് ഇന്ന്. 

ചരമവാര്‍ഷിക ദിനത്തില്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണമിക്കുകയാണ് സിനിമാലോകം. മലയാള സിനിമാ മേഖലയില്‍ നിന്നും നിരവധി പേരാണ് മണിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചത്. 'എന്നെന്നും മിസ് ചെയ്യും മണി ചേട്ടാ' അയാളും ഞാനും തമ്മില്‍ എന്ന സിനിമയില്‍ മണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. 

"വളരെ പെട്ടെന്ന് ജീവിച്ചു മടങ്ങിയ നല്ലൊരു മനുഷ്യന്‍. മണിയുടെ ഓര്‍മ്മകള്‍ക്ക് നാല് ആണ്ടുകള്‍ തികയുകയാണ്. പൊരുതി നേടിയതായിരുന്നു ആ ജീവിതത്തിലെ ഓരോ നേട്ടങ്ങളും. ചേര്‍ത്തു നിര്‍ത്താനും തലോടാനും അറിയുമായിരുന്ന ചങ്ങാതി. ഇനിയും ആ ശൂന്യതയെ എനിക്ക് അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കാലത്തിന് മായ്ക്കാന്‍ കഴിയാത്ത മുറിവുകളില്ല എന്നല്ലേ പറയാറ്. വെറുതെയാണ്, മണിയുടെ വേര്‍പാടിന്റെ നൊമ്പരം കൂട്ടുവാന്‍ മാത്രമേ കാലത്തിന് പോലും കഴിയുന്നുള്ളൂ"- സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കുറിച്ചു.

'മണി യാത്രയായിട്ട് നാലു വർഷം. മലയാളസിനിമയും, മലയാളിയും ഒരിക്കലും മറക്കാൻ പാടില്ലാത്ത കഴിവുറ്റ കലാകാരൻ ആയിരുന്നു കലാഭവൻ മണി. തന്റെ ദുഃഖങ്ങളും, സ്വപ്‍നങ്ങളും, ദാരിദ്ര്യം നിറഞ്ഞ വന്ന വഴികളും ഒക്കെ പച്ചയായി തുറന്നു പറഞ്ഞിരുന്ന ആ മനുഷ്യസ്നേഹി തികച്ചും വ്യത്യസ്‍തനായിരുന്നു. ആദരാഞ്ജലികൾ'- എന്നായിരുന്നു മണിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ വിനയന്‍റെ വാക്കുകള്‍.