പവർ സ്റ്റാർ, നല്ല സമയം തുടങ്ങിയ ചിത്രങ്ങളുടെ അണിയറ പ്രവർത്തനങ്ങളിലാണ് ഒമർ ഇപ്പോൾ.

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സംവിധായകൻ ഒമർ ലുലു. മൂന്ന് വിജയങ്ങൾ ഒരു ചരിത്രമാണ് അത്കൊണ്ട് ആ റെക്കോഡ്‌ കൂടി തൂക്കിയടിച്ചിട്ടേ മുഖ്യമന്ത്രി സ്ഥാനം വിടാൻ പാടുള്ളൂ ക്യാപ്റ്റന്‍ എന്നാണ് മുഖ്യമന്ത്രിയെ കുറിച്ച് ഒമർ ഫേസ്ബുക്കിൽ കുറിച്ചത്. മുഖ്യമന്ത്രിയുടെ ചിത്രവും ഒമർ പങ്കുവച്ചിട്ടുണ്ട്. 

'ക്രിക്കറ്റ്‌ എനിക്ക്‌ ഉയിരാണ് അത് കൊണ്ട്‌ Hattrick എന്ന വാക്കും. Hattrick മുഖ്യമന്ത്രി: മൂന്ന് വിജയങ്ങൾ ഒരു ചരിത്രമാണ് അത്കൊണ്ട് ആ റെക്കോഡ്‌ കൂടി തൂക്കിയടിച്ചിട്ടേ മുഖ്യമന്ത്രി സ്ഥാനം വിടാൻ പാടുള്ളൂ ക്യാപ്റ്റന്‍. My leader', എന്നാണ് ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. 'സൂപ്പർ ലാൽസലാം സഖാവേ', എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിന് മറുപടിയായി 'ഞാന്‍ സഖാവ് ഒന്നും അല്ല പിണറായി വിജയൻ എന്ന ലീഡറെ ഇഷ്‌ടം', എന്നാണ് ഒമർ ലുലു കുറിച്ചത്. 

അതേസമയം, പവർ സ്റ്റാർ, നല്ല സമയം തുടങ്ങിയ ചിത്രങ്ങളുടെ അണിയറ പ്രവർത്തനങ്ങളിലാണ് ഒമർ ഇപ്പോൾ. നടൻ ബാബു ആന്റണിയാണ് പവർ സ്റ്റാറിലെ നടൻ. 2020ന്റെ ആദ്യ പകുതിയില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് പവർ സ്റ്റാർ. ചിത്രത്തിന്റേതായി അടുത്തിടെ ഇറങ്ങിയ പ്രമോഷണല്‍ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. ഖാലിദ് ഭായ് എന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തെണ്ണൂറുകളിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന ആക്ഷൻ കിം​ഗ് ബാബു ആന്റണിയുടെ ​ഗംഭീര തിരിച്ചുവരവാകും ചിത്രമെന്നാണ് പ്രേക്ഷക വിലയിരുത്തലുകൾ. 

സുഹൃത്തിന് പുത്തൻ കാർ സമ്മാനമായി നൽകി ഒമർ ലുലു; നല്ല മനസ്സെന്ന് കമന്റുകൾ

ഇർഷാദ് നായകനാകുന്ന ചിത്രമാണ് നല്ല സമയം. ചിത്രത്തിന്റെ ഷൂട്ടിം​ഗ് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. സ്വാമിയേട്ടൻ എന്ന കഥാപാത്രത്തെയാണ് നല്ല സമയത്തിൽ ഇർഷാദ് അവതരിപ്പിക്കുന്നത്. 'ഹാപ്പി വെഡ്ഡിം​ഗ്' എന്ന സിനിമയിലൂടെയാണ് ഒമർ ലുലു സംവിധാന രംഗത്തേക്ക് എത്തിയത്. പിന്നാലെ വന്ന 'ഒരു അഡാറ് ലവ്' എന്ന ചിത്രത്തിലൂടെ വലിയ തരംഗമായിരുന്നു ഒമർ കേരളക്കരയിൽ ഉണ്ടാക്കിയത്. ചങ്ക്‌സ്, ധമാക്ക എന്നിങ്ങനെയുള്ള സിനിമകളും ഒമറിന്റെ സംവിധാനത്തിലൂടെ സിനിമാസ്വാദകർക്ക് മുന്നിലെത്തി.