Asianet News MalayalamAsianet News Malayalam

അച്ഛന്റെ പാതയിലൂടെ മകനും, പുതിയ അസിസ്റ്റന്റിനെ പരിചയപ്പെടുത്തി ഷാജി കൈലാസ്

ഷാജി കൈലാസിന്റെയും ആനിയുടെയും മൂത്തമകനാണ് ജഗന്‍.

film maker shaji kailas introduce his son jagan
Author
Kochi, First Published Oct 7, 2021, 9:14 AM IST

ന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഷാജി കൈലാസും(Shaji Kailas) മോഹന്‍ലാലും (Mohanlal) ഒന്നിക്കുന്ന ചിത്രമാണ് 'എലോൺ'(alone). പ്രഖ്യാപന സമയം മുതൽ വൻസ്വീകാര്യത ലഭിച്ച ചിത്രവുമായി(movie) ബന്ധപ്പെട്ട് വരുന്ന വിവരങ്ങൾ ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ സംവിധാനസഹായിയായി ഷാജി കൈലാസിന്റെ മകനായ ജ​ഗൻ(jagan) എത്തുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.  

ഷാജി കൈലാസ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഏലൂരിലെ വിവിഎം സ്റ്റുഡിയോയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന് പിതാവിന് വേണ്ട സഹായവുമായി മുമ്പത്തിയിൽ തന്നെയുണ്ട് ജഗൻ. സ്വന്തമായി സിനിമ എടുക്കാനുള്ള ഒരുക്കത്തിലാണ് ജ​ഗനിപ്പോൾ. ഇതിനിടെയാണ് അച്ഛന്റെ അസിസ്റ്റന്റ് ആയി എത്തിയത്. നേരത്തെ നടി അഹാനയെ കേന്ദ്ര കഥാപാത്രമാക്കി 'കരി' എന്നൊരു മ്യൂസിക്കല്‍ വീഡിയോ ജഗന്‍ സംവിധാനം ചെയ്തിരുന്നു. മമ്മൂട്ടി ചിത്രം കസബയില്‍ സംവിധാന സഹായി ആയിരുന്നു. 

ഷാജി കൈലാസിന്റെയും ആനിയുടെയും മൂത്തമകനാണ് ജഗന്‍. ഷാരോണ്‍, റോഷന്‍ എന്നിവരാണ് മറ്റ് മക്കൾ. ഷാജി കൈലാസിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ആറാം തമ്പുരാനില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ജഗന്നാഥന്‍. ഇതിന്റെ ഓർമ്മയ്ക്കാണ് മകന് ജ​ഗൻ എന്ന് പേരിട്ടതെന്ന് ഷാജി കൈലാസ് നേരത്തെ പറഞ്ഞിരുന്നു. 

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് എലോണിന്റെ നിര്‍മ്മാണം. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'നരസിംഹ'മായിരുന്നു ആശിര്‍വാദ് സിനിമാസിന്‍റെ ലോഞ്ചിംഗ് ചിത്രം. ആശിര്‍വാദിന്‍റെ 30മത്തെ ചിത്രം കൂടിയാണിത്. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസി'നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. മുന്‍പ് ഷാജി കൈലാസിന്‍റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്. 

അതേസമയം പൃഥ്വിരാജിനെ നായകനാക്കി 'കടുവ' എന്ന ചിത്രം ഷാജി കൈലാസ് ആരംഭിച്ചിരുന്നു. ഏപ്രില്‍ 16ന് ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചിരുന്ന ചിത്രം പത്ത് ദിവസത്തിനു ശേഷം കൊവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios