രൺവീറിന് എതിരായ കേസ് മണ്ടത്തരമാണെന്നും താരത്തിന്റെ നഗ്നചിത്രങ്ങൾ എങ്ങനെ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും വിവേക് അഗ്‌നിഹോത്രി ചോദിക്കുന്നു.

ടൻ രൺവീർ സിങ്ങിന്റെ (Ranveer Singh) നഗ്ന ഫോട്ടോഷൂട്ട് (Nude Photoshoot) ചിത്രങ്ങളാണ് ഇപ്പോൾ ബോളിവുഡിലെയും സമൂഹമാധ്യമങ്ങളിലെയും ചർച്ചാ വിഷയം. പേപ്പര്‍ മാഗസിന് വേണ്ടിയായിരുന്നു ആരാധകരെയും ബോളിവുഡിനെയും ഞെട്ടിച്ചു കൊണ്ടുള്ള താരത്തിന്റെ ഫോട്ടോഷൂട്ട്. ട്രോളുകളിലും മറ്റും ഈ ചിത്രങ്ങൾ നിറഞ്ഞു. പിന്നാലെ സ്ത്രീകളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഒരുവിഭാ​ഗം രം​ഗത്തെത്തുകയും രൺവീറിനെതിരെ മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരത്തെ പിന്തുണച്ച് കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് കശ്മീർ ഫയൽ സംവിധായകൻ വിവേക് അഗ്‌നിഹോത്രി(Vivek Agnihotri).

രൺവീറിന് എതിരായ കേസ് മണ്ടത്തരമാണെന്നും താരത്തിന്റെ നഗ്നചിത്രങ്ങൾ എങ്ങനെ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും വിവേക് അഗ്‌നിഹോത്രി ചോദിക്കുന്നു. ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. 

'വളരെ മണ്ടത്തരമായ എഫ്‌ഐആർ ആണ്. ഒരു കാരണവുമില്ലാതെ ശ്രദ്ധ നേടുന്ന രസകരമായ ഒരു കേസാണിത്. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് എഫ്‌ഐആറിൽ എഴുതിയിരിക്കുന്നത്. ഇനി പറയൂ, ഇത്രയധികം സ്ത്രീകളുടെ നഗ്നചിത്രങ്ങൾ വരുമ്പോൾ അത് പുരുഷന്മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നുണ്ടോ? ഇത് വെറും മണ്ടൻ വാദമാണ്', എന്നാണ് വിവേക് അഗ്‌നിഹോത്രി പറഞ്ഞത്. 

ജൂലൈ 21നാണ് രൺവീറിന്റെ ന​ഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നത്. പിന്നാലെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയിരുന്നത്. ഒരു സ്ത്രീയാണ് ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയതെങ്കില്‍ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്ന് ചോദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രവർത്തിയും രം​ഗത്തെത്തിയിരുന്നു. ശേഷമാണ് താരത്തിനെതിരെ മുംബൈ പൊലീസ് കേസെടുത്തത്. എൻജിഒ ഭാരവാഹിയും, ഒരു ഒരു വനിതാ അഭിഭാഷകയുമാണ് രൺവീർ സിങിനെതിരെ പൊലീസിൽ പരാതി നൽകിയത്. നടനെതിരെ ഐടി നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.

Ranveer Singh : ന​ഗ്ന ഫോട്ടോഷൂട്ട്; രൺവീർ സിങ്ങിനെതിരെ കേസ്

1972-ൽ കോസ്‌മോപൊളിറ്റൻ മാസികയ്‌ക്കായി ബർട്ട് റെയ്‌നോൾഡ്‌സിന്‍റെ ഐക്കണിക് ഫോട്ടോഷൂട്ടിനുള്ള ആദരാഞ്ജലിയാണ് പേപ്പര്‍ മാസികയ്ക്ക് വേണ്ടിയുള്ള രണ്‍വീറിന്‍റെ ഫോട്ടോഷൂട്ട്. ’ദി ലാസ്റ്റ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍’എന്ന അടിക്കുറിപ്പോടെയാണ് മാഗസിന്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. 

തന്‍റെ ഫോട്ടോഷൂട്ടിനെ കുറിച്ച് രണ്‍വീറും സംസാരിച്ചിരുന്നു. “എനിക്ക് ശാരീരികമായി നഗ്നനാകുന്നത് വളരെ എളുപ്പമാണ്. എന്നാൽ എന്‍റെ ചില പ്രകടനങ്ങളിൽ ഞാൻ നഗ്നനായിരുന്നു. നിങ്ങൾക്ക് എന്‍റെ ആത്മാവിനെ കാണാൻ കഴിയും. അത് എത്രമാത്രം നഗ്നമാണ്? അത് യഥാർത്ഥത്തിൽ നഗ്നമാണ്. ആയിരം ആളുകൾക്ക് മുന്നിൽ എനിക്ക് നഗ്നനാകാന്‍ പറ്റും. ഞാൻ ഒന്നും തരില്ല. അവർക്ക് അത് അസ്വസ്ഥതയുണ്ടാകുന്നുവെന്നു മാത്രം", എന്നാണ് രണ്‍വീര്‍ പറഞ്ഞത്.