Asianet News MalayalamAsianet News Malayalam

കൊവിഡിനും ലോക്ക്ഡൗണിനും സിനിമയുടെ തിരിച്ചടി ഇങ്ങനെ

കൊവിഡ്‍വൈറസിനും ലോക്ക്ഡൗണിനും സിനിമാലോകം എങ്ങനെ മറുപടി നല്‍കുമെന്ന ചര്‍ച്ച ലോകമാകമാനം നടക്കുന്നുണ്ട്. സിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ പ്രതിഭയാണ് താരമെന്നും ഏറ്റവും പരിമിതമായ സാഹചര്യങ്ങളില്‍ നിന്നും പ്രശസ്‍തമായ ധാരാളം സിനിമകള്‍  ഉണ്ടായിട്ടുണ്ടെന്നും കാണാം. രോഗബാധ നീണ്ടുനിന്നാല്‍ ആ മാതൃകയാവും ലോകമെമ്പാടും സിനിമാപ്രവര്‍ത്തകര്‍ പിന്തുടരുക- ടി അരുണ്‍കുമാര്‍ എഴുതുന്നു.

film maker will overcome covid with their creativity
Author
Thiruvananthapuram, First Published May 19, 2020, 4:45 PM IST

ലോക്ക്ഡൗണും കൊവിഡും ലോകമാകെ ചലച്ചിത്രനിര്‍മ്മാണത്തിന്റെയും കാഴ്‍ചയുടെയും പതിവ് മാതൃകകളെ തിരസ്‌ക്കരിക്കുകയാണ്. സാമൂഹികഅകലം പാലിക്കേണ്ടി വരുന്നിടത്തോളം തിയേറ്ററുകള്‍ എത്ര കണ്ട് സജീവമാവുമെന്നത് ഒരു വലിയ ചോദ്യമാണ്. ഒപ്പം രോഗം നിലനില്‍ക്കുന്നിടത്തോളം വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ എത്രകണ്ട് സിനിമയാക്കാനാവുമെന്നതും സംശയമാണ്. കാരണം സിനിമ അടിസ്ഥാനപരമായി ഒരു കൂട്ടം ആളുകളുടെ കൂട്ടായപ്രക്രിയയിലൂടെയാണ് രൂപം കൊള്ളുന്നതെന്നത് തന്നെ. അടുത്തിടപഴകല്‍ സിനിമയെ സംബന്ധിച്ച് ഒഴിവാക്കാനാവാത്തതാണ്.

നിലവില്‍ ലോകസിനിമ പക്ഷെ പുതിയ സാഹചര്യത്തിനനുസരിച്ച് മാറാനുള്ള തയ്യാറെടുപ്പിലാണ്. വെബ് - മൊബൈല്‍ അധിഷ്‍ഠിത പ്‌ളാറ്റ്‌ഫോമിലൂടെയുള്ള റിലീസും, ഏറ്റവും ചെറിയ ക്രൂവിനെ ഉപയോഗിച്ച് ചിത്രീകരിക്കാനാവുന്ന ചെറിയ സിനിമകളും ഉണ്ടാക്കിയെടുക്കാനാണ് ശ്രമം നടക്കുന്നത്. ഒപ്പം ടെലിവിഷന്‍ സ്‌ക്രീനുകളെയും ആശ്രയിക്കാവുന്നതാണെന്ന്  മേഖലയിലെ വിദഗ്‍ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഇത്തരത്തില്‍ ഉണ്ടാക്കിയെടുക്കുന്ന പരീക്ഷണസിനിമകള്‍ എത്ര കണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നതാണ് പ്രധാനചോദ്യമായി ഉന്നയിക്കപ്പെടുന്നത്. ഒന്നോ രണ്ടോ അഭിനേതാക്കളെയും, ഏറ്റവും ചെറിയകൂട്ടം ആളുകളെയും ഉപയോഗിച്ച് ഏറ്റവും ചെറിയ ബജറ്റില്‍ ഒരൊറ്റ ലൊക്കേഷനില്‍ ഉണ്ടാക്കുന്ന സിനിമകള്‍ എത്ര കണ്ട് ആസ്വാദ്യകരമായിരിക്കും ? അവയ്ക്ക് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിയുമോ ? അവയ്ക്ക് ഉദ്വേഗതയും ആവേശവും ഉണര്‍ത്താന്‍ കഴിയുമോ എന്നതൊക്കെയാണ് പ്രധാനചോദ്യത്തിന്റെ ഉപചോദ്യമായി ഉന്നയിക്കപ്പെടുന്നതും.

എന്നാല്‍ ചലച്ചിത്രകലയുടെ സാധ്യതകളെയും കരുത്തിനെയും പറ്റി അറിയാത്തവരാണ് ഇത്തരം ആശങ്കകളുന്നയിക്കുന്നതെന്നാണ് ഇത്തരം നീക്കത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. വെറുതെ പറയുകയല്ല. സിനിമയുടെ ചരിത്രത്തില്‍ തന്നെ ആവേശമായ അത്തരം സിനിമകളുടെ ചരിത്രം ചൂണ്ടിക്കാട്ടുകയാണ് ഇവര്‍. ചരിത്രമായ അത്തരം പരീക്ഷണചിത്രങ്ങളില്‍ ചിലത് ഏതൊക്കെയാണ് ? എത്രത്തോളം ആവേശകരമായിരുന്നു ആ സിനിമാനുഭവം? സമീപകാലത്തിറങ്ങിയ അത്തരം ചിത്രങ്ങളില്‍ പ്രധാനപ്പെട്ടത് ഏതൊക്കെ ആയിരുന്നു?  ഒരു ഫ്‌ളാഷ്ബാക്ക് ആവാമെന്ന് തോന്നുന്നു:

 

നിശബ്‍ദം, നിശബ്‍ദമീവീട്

ഒരൊറ്റ ലൊക്കേഷനില്‍, ഏറ്റവും കുറച്ച് കഥാപാത്രങ്ങളെ ഉപയോഗിച്ച് ഇത്തരം പരീക്ഷണങ്ങള്‍ ഏറെ നടന്നിട്ടുള്ളത് ഹൊറര്‍ ചിത്രങ്ങളിലാണ്. ഹൊറര്‍ സിനിമകള്‍ സാധാരണഗതിയില്‍ തന്നെ ഇത്തരം സമീപനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നതാവും ഇതിന് കാരണം.  എടുത്ത് പറയേണ്ട രണ്ട് ചിത്രങ്ങളാണ് ഹഷ്, ദി സൈലന്റ് ഹൗസ് എന്നിവ.

ഹഷ് 2016-ല്‍ റിലീസ് ചെയ്‍ത ഹോളിവുഡ് സ്വതന്ത്രസിനിമയാണ്. മൈക്ക് ഫ്‌ളാനഗന്‍ സംവിധാനം ചെയ്‍ത ചിത്രം നോവലെഴുതാനായി ഒരൊറ്റപ്പെട്ട വീട്ടില്‍ താമസിക്കുന്ന ബധിരയായ ഒരെഴുത്തുകാരിക്ക് ഒരു രാത്രിയിലുണ്ടാകുന്ന ഒരു ഭീകരാനുഭവം ചിത്രീകരിക്കുന്നു. മുഖംമൂടി ധരിച്ചൊരു കൊലയാളി അവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം. ഒരു വീട്ടിലും പരിസരത്തുമായി ചിത്രീകരിച്ച ഹഷ് നമ്മളെ കണ്ണിമചിമ്മാതെ പിടിച്ചിരുത്തും. രണ്ട് പ്രാവശ്യം  സിനിമ ഇതിനോടകം തന്നെ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന സവിശേഷതയുമുണ്ട്. വന്‍ നിരൂപകപ്രശംസയും ചിത്രത്തിന് ലഭിച്ചു.

ക്രിസ് കെന്റിസും ലാറ ലൂവും ചേര്‍ന്ന് സംവിധാനം ചെയ്‍ത സൈലന്റ് ഹൗസ് ( 2012 ) ഇതുപോലെ തന്നെ നമ്മെ ഞെട്ടിക്കുന്നൊരു ചിത്രമാണ്. വില്‍ക്കാനുദ്ദേശിക്കുന്ന വീട് വൃത്തിയാക്കാനായി എത്തുന്ന ഒരു കുടുംബത്തിലെ മൂന്ന് പേരിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഒരു വീട്ടിനും ചുറ്റുപാടിലുമായി നടക്കുന്ന ചിത്രം റിയല്‍ടൈം നരേഷനെന്ന സങ്കേതം വൃത്തിയായി ഉപയോഗിച്ചൊരു ചിത്രമാണ്. സസൂക്ഷ്മം രൂപപ്പെടുത്തിയ സൗണ്ട് ട്രാക്കും, ലൈറ്റിങ്ങുമെല്ലാം ചേര്‍ന്ന് പരിമിതമായൊരിടത്ത് നിന്നും ലോകത്തെ മുഴുവന്‍ പേടിപ്പിച്ചൊരു ചിത്രമായി സൈലന്റ് ഹൗസ് മാറി.

 

127 അവേഴ്‌സ് (2011 )

ഇന്ത്യയിലേക്ക് രണ്ട് ഓസ്‌കറുകള്‍ കൊണ്ടുവന്ന 'സ്‌ളംഡോഗ് മില്യണയര്‍' എന്ന ഹോളിവുഡ് ചിത്രം ആരും മറക്കാനിടയില്ല. അതുകൊണ്ട് തന്നെ ഡാനി ബോയല്‍ എന്ന അതിന്റെ സംവിധായകനെയും. അദ്ദേഹം സംവിധാനം ചെയ്‍ത 127 അവേഴ്‌സ് എന്ന പരീക്ഷണചിത്രം ലോകപ്രശസ്‍തമായ ഒന്നാണ്. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചിത്രം സിനിമയ്ക്ക് ശേഷവും നമ്മളെ പിന്തുടരുന്ന ഒരനുഭവമായി മാറുന്നു. ഒരു പാറക്കെട്ടിലാണ് ചിത്രം സംഭവിക്കുന്നത്.

ഒരു യഥാര്‍ത്ഥ അനുഭവത്തെയാണ് ചിത്രം ദൃശ്യവത്ക്കരിക്കുന്നത്. അമേരിക്കന്‍ പര്‍വ്വതാരോഹകനായ ആരോണ്‍ റാല്‍സ്റ്റണ്‍ യൂട്ടായിലെ ശിലാസമുച്ചയങ്ങളിലൊന്നില്‍ അകപ്പെട്ടതിന്റെയും അതിജീവനത്തിന്റെയും കഥയാണിത്. ഒടുവില്‍ സ്വന്തം കൈമുറിച്ച് മോചിതനാവുകയായിരുന്നു ആരോണ്‍. ഞെട്ടിപ്പിക്കുന്ന അനുഭവം ചിത്രീകരിച്ച സിനിമയും ലോകപ്രശസ്‍തമായി. ഒരു വിറയലോടെയല്ലാതെ കണ്ടിരിക്കാന്‍ പറ്റാത്ത ചിത്രമാണിത്.

കൊഹെറന്‍സ് ( 2013)

ആകാശത്ത് കൂടി  'മില്ലറുടെ വാല്‍നക്ഷത്രം'  കടന്നു പോകുന്ന രാത്രി.  കുറച്ചു സുഹൃത്തുക്കള്‍ ഒരു ഡിന്നര്‍ പാര്‍ട്ടിക്കായി അതിലൊരാളുടെ വീട്ടില്‍ ഒത്തുകൂടുന്നു. വാല്‍നക്ഷത്രം കടന്നുപോകുന്നതിനിടയില്‍ വീട്ടിലുണ്ടാകുന്ന അവിചാരിതസംഭവവികാസങ്ങളാണ് കൊഹെറന്‍സ് എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്റെ ഇതിവൃത്തം. ജെയിംസ് വാര്‍ഡ് വിര്‍ക്കിറ്റ് സംവിധാനം ചെയ്‍ത ചിത്രം ടൈംട്രാവല്‍ എന്ന സങ്കല്‍പ്പത്തെക്കൂടി വിഷയമാക്കുന്നുണ്ട്. സംവിധാനമികവിനാല്‍ കൂടി ശ്രദ്ധിക്കപ്പെട്ട ചിത്രം ചലച്ചിത്രപ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ പരീക്ഷണസിനിമകളില്‍ ഒന്നാണ്.

ലോക്ക് (2013 )

ടോംഹാര്‍ഡിയുടെ മികച്ച പ്രകടനത്താല്‍ ശ്രദ്ധേയമായ ലോക്ക് ഒരു കാറിനകത്ത് മാത്രം ചിത്രീകരിച്ച ബ്രിട്ടീഷ്- അമേരിക്കന്‍ സിനിമയാണ്. സംവിധായകനായ സ്റ്റീവന്‍നൈറ്റിനെ പരീക്ഷണചിത്രം ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്തു. ക്ഷീണിതമായ ഒരു ദിവസത്തിന്റെ അന്ത്യത്തില്‍ ബര്‍മിംഗ്ഹാമില്‍ നിന്ന് രാത്രിയില്‍ കാറോടിച്ചു ലക്ഷ്യമില്ലാതെ പോകാന്‍ തീരുമാനിക്കുകയാണ് ഹാര്‍ഡി അവതരിപ്പിക്കുന്ന ഇവാന്‍ ലോക്ക്. ദീര്‍ഘയാത്രക്കിടയില്‍ ബ്‌ളൂടൂത്ത് കാളറിലൂടെ അയാള്‍ തന്റെ ജീവിതവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പലരുമായും സംസാരിക്കുന്നു. ഒരു കാറിനെയും അതിനുള്ളിലെ അഭിനേതാവിനെയും മാത്രം കേന്ദ്രീകരിച്ച് അതിമനോഹരമായ, മാതൃകകളില്ലാത്ത ഒരു സിനിമാനുഭവം ലോകത്തിന് നല്‍കാന്‍ സ്റ്റവന്‍ നൈറ്റിന് കഴിഞ്ഞു.
 
എക്‌സാം (2009)

പരിമിതമായ ഇടത്തില്‍ നിന്ന് ഏററവും ത്രില്ലിംഗായ പരീക്ഷണസിനിമകള്‍ ഏറ്റവും ചെറിയ മുതല്‍മുടക്കില്‍ ഉണ്ടാക്കിയെടുക്കാമെന്നതിന്റെ ഏറ്റവും ജനപ്രിയമായ ഉദാഹരണമാണ് എക്‌സാം എന്ന ബ്രിട്ടീഷ് ചിത്രം. ഹാസെല്‍ഡീന്‍ സംവിധാനം ചെയ്‍ത ചിത്രം ലോകമെമ്പാടും ചലച്ചിത്രപ്രേമികളുടെ പ്രിയപ്പെട്ട ചിത്രമായി മാറി. ഒരു കോര്‍പ്പറേറ്റ് ജോലിക്കായി എട്ട് ഉദ്യോഗാര്‍ത്ഥികള്‍ ഒരു ഹാളിലേക്ക് പരീക്ഷ എഴുതാനായി എത്തുന്നു. പരീക്ഷ എഴുതുന്നതിന് ചില നിയമങ്ങളുണ്ട്. പരീക്ഷകനോടോ പുറത്തു നില്‍ക്കുന്ന കാവല്‍ക്കാരനോടോ ഒന്നും സംസാരിക്കരുത് എന്നതാണ് പ്രധാനനിയമം. ചോദ്യക്കടലാസ് നല്‍കപ്പെടുമ്പോള്‍ അത് ശൂന്യമാണെന്ന് മനസ്സിലാക്കുന്ന എട്ടുപേരും അമ്പരക്കുന്നു. ഇവിടെ നിന്നാണ് എക്‌സാം എന്ന വിചിത്രമായ ചലച്ചിത്രാനുഭവം ആരംഭിക്കുന്നത്.

 

2007-ല്‍ പുറത്തിറങ്ങിയ സ്‍പാനിഷ് ത്രില്ലറായ ഫെര്‍മാറ്റ്‌സ് റൂം ഇതിന് സമാനമായ അനുഭവം തരുന്ന ചിത്രമാണ്. ഫെര്‍മാറ്റിന്റെ ഗണിതസിദ്ധാന്തം പരിഹരിക്കുന്നതിനായി ഒരു വീട്ടിലേക്ക് വിളിച്ചു വരുത്തപ്പെടുന്ന നാല് ഗണിതകാരന്‍മാരുടെ അനുഭവങ്ങളിലൂടെയാണ്  ചിത്രം സഞ്ചരിക്കുന്നത്. 2009-ല്‍ പുറത്തിറങ്ങിയ കില്ലിങ്ങ് റൂം എന്ന ചിത്രവും ഒരു മുറിക്കുള്ളില്‍ മാത്രം സംഭവിക്കുന്ന പരീക്ഷണചിത്രമാണ്.

ദി മാന്‍ ഫ്രം ദി എര്‍ത്ത്(2007), ക്യൂബ് (1997 ) തുടങ്ങിയ ചിത്രങ്ങളും മുഴുവനായി ഒരു മുറിയില്‍ ചിത്രീകരിച്ച പ്രശസ്‍ത സിനിമകളാണ്. ഫോണ്‍ബൂത്ത് (2002 ) ഇത്തരത്തില്‍ ത്രില്ലിങ്ങായ മറ്റൊരു പരീക്ഷണമാണ്. ഫിഞ്ചറിന്റെ പാനിക് റൂം (2002 ) ഇത്തരത്തിലുള്ള ഒരു പശ്ചാത്തലമാണെങ്കിലും അതൊരു പരീക്ഷണചിത്രത്തിന്റെ നിര്‍വചനത്തില്‍ ഒതുങ്ങുന്ന ഒന്നല്ല. ഡെവിള്‍ (2010 ), എലിവേറ്റര്‍ (2011 ) എന്നിവ ചിത്രങ്ങളില്‍ ലിഫ്റ്റില്‍ കുടുങ്ങിപ്പോകുന്ന കുറച്ചുപേരുടെ അനുഭവങ്ങളെ മികച്ചരീതിയില്‍ ചിത്രീകരിച്ച ചിത്രങ്ങളാണ്.

ബറീഡ് (2010)

ഒരാള്‍ക്ക് കഷ്‍ടിച്ച് കിടക്കാന്‍ പറ്റുന്നൊരു പെട്ടി. ഒരു പെന്‍ടോര്‍ച്ച്. ഒരു മൊബൈല്‍ഫോണ്‍. പിന്നെ കുറച്ച് അല്ലറ ചില്ലറ സാധനങ്ങള്‍. ഇത്രയും മാത്രം വച്ചു കൊണ്ട് പരീക്ഷണചിത്രങ്ങളിലെ കള്‍ട്ടായ ബറീഡ് എന്ന സിനിമ സാധ്യമാക്കാന്‍ സംവിധായകന്‍ റോഡിഗ്രോ കോര്‍ത്തെയ്ക്ക് കഴിഞ്ഞു. പരിമിതഇടങ്ങളിലെ ചലച്ചിത്രപരീക്ഷണങ്ങളില്‍ എക്കാലത്തേയും വിജയങ്ങളിലൊന്നായിരുന്നു ബറീഡ്. എത്ര ചെറിയ സാഹചര്യങ്ങളില്‍ നിന്ന് പോലും അങ്ങേയറ്റം ആവേശകരമായ, വിസ്‍മയകരമായ സിനിമാനുഭവം സാധ്യമാക്കാമെന്ന് ബറീഡ് തെളിയിച്ചു. സ്‍പാനിഷ് ചിത്രമാണെങ്കിലും ബറീഡ് സംസാരിക്കുന്നത് ഇംഗ്‌ളീഷാണ്.

അമേരിക്കന്‍ ട്രക്ക് ഡ്രൈവറായ പോള്‍ കോണ്‍റോ ഇറാഖില്‍ ആക്രമിക്കപ്പെടുന്നതില്‍ നിന്നാണ് ബറീഡ് ആരംഭിക്കുന്നത്. അയാളെ അക്രമണകാരികള്‍ ഒരു പെട്ടിയിലാക്കി കുഴിച്ചിടുന്നു. ബോധം തിരികെകിട്ടുമ്പോള്‍ അയാള്‍ പെട്ടിക്കകത്താണ്. തുടര്‍ന്നയാള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിത്തുടങ്ങുന്നു. ഇവിടെ നിന്ന് ചലിച്ചു തുടങ്ങുന്ന ബറീഡ് കാണിയെക്കൂടി അക്ഷരാര്‍ത്ഥത്തില്‍ കാഴ്‍ചയുടെ പെട്ടിക്കുള്ളില്‍ അടക്കം ചെയ്യുന്നു. ലൈറ്റിങ്ങിലും ഷോട്ടുകളിലും തുടങ്ങി സിനിമയെ സംബന്ധിച്ച പലധാരണകളെയും അടിമുടി തകര്‍ത്തു കളഞ്ഞ ബറീഡ് വളരെ വേഗം തന്നെ കള്‍ട്ട് സ്റ്റാറ്റസിലേക്ക് ഉയരുക ആയിരുന്നു.

മുകളില്‍ പരാമര്‍ശിക്കപ്പെട്ട പരീക്ഷണചിത്രങ്ങള്‍ എല്ലാം തന്നെ താരതമ്യേന പുതിയതായിരുന്നെങ്കിലും  ക്‌ളാസിക് ചിത്രങ്ങളും ഉണ്ട്. മാസ്റ്റര്‍ ഡയറക്ടറായ ഹിച്ച്‌കോക്കിന്റെ റിയര്‍വിന്‍ഡോ (1964) , റോപ് (1948 )എന്നീ ചിത്രങ്ങള്‍ ഉദാഹരണം. ഒരിക്കലും ഒഴിവാക്കാനാവാത്ത മറ്റൊരു ക്‌ളാസിക്കായ ദി ട്വല്‍വ് ആംഗ്രിമെന്‍ (1957) ഒരു കോടതിമുറിയിലെ നിയമവിദഗ്ധരുടെ തീക്ഷ്‍ണമായ വാദപ്രതിവാദങ്ങള്‍ ചിത്രീകരിക്കുന്നു. ലൈഫ്‌ബോട്ട് (1944) മൈ ഡിന്നര്‍ വിത്ത് ആന്ദ്രേ (1981 ) എന്നിവയും പരാമര്‍ശിക്കേണ്ടതാണ്.

ചുരുക്കത്തില്‍ വൈറസിനെയും ലോക്ക്ഡൗണിനേയുമെല്ലാം പ്രതിരോധിക്കാന്‍ സിനിമയ്‌ക്കൊരു തെളിയിക്കപ്പെട്ട വാക്‌സിന്‍ ഉണ്ട്. സര്‍ഗാത്മകത എന്ന വാക്‌സിന്‍.

Follow Us:
Download App:
  • android
  • ios