ഒടിടി ഭീമനായ നെറ്റ്ഫ്ലിക്സ്, ഹോളിവുഡിലെ പ്രശസ്ത സ്റ്റുഡിയോ ആയ വാര്‍ണര്‍ ബ്രദേഴ്സിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. 

ഹോളിവുഡിലെ വിഖ്യാത സ്റ്റുഡിയോ ആയ വാര്‍ണര്‍ ബ്രദേഴ്സിനെ (വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്കവറി) ഏറ്റെടുക്കാന്‍ ഒടിടി ഭീമന്‍ ആയ നെറ്റ്ഫ്ലിക്സ്. കരാര്‍ പ്രകാരം വാര്‍ണര്‍ ബ്രദേഴ്സിന്‍റെ സിനിമ, ടെലിവിഷന്‍ സ്റ്റുഡിയോകളും എച്ച്ബിഒ, എച്ച്ബിഒ മാക്സ് എന്നീ ചാനലുകളുമടക്കം നെറ്റ്ഫ്ലിക്സിന്‍റെ ഭാഗമാവും. പണവും ഓഹരിയും ചേര്‍ന്നതാണ് കരാര്‍ പ്രകാരമുള്ള കൈമാറ്റം. ഇതിന് 82.7 ബില്യണ്‍ ഡോളറിന്‍റെ (7.5 ലക്ഷം കോടി രൂപ) മൂല്യമുണ്ട്. അടുത്ത വര്‍ഷം മധ്യത്തോടെ പൂര്‍ത്തിയാവുന്ന ഏറ്റെടുക്കലോടെ വാര്‍ണര്‍ ബ്രദേഴ്സിന്‍റെ പക്കലുള്ള ലോകപ്രശസ്ത സിനിമാ, സിരീസ് ടൈറ്റിലുകളൊക്കെയും നെറ്റ്ഫ്ലിക്സിലൂടെ ലഭ്യമാവും.

വാര്‍ണര്‍ ബ്രദേഴ്സിന്‍റെ പക്കലുള്ള പ്രശസ്ത സിരീസുകളായ ദി ബിഗ് ബാങ് തിയറി, ദി സൊപ്രാനോസ്, ഗെയിം ഓഫ് ത്രോണ്‍സ്, ഒപ്പം ദി വിസാര്‍ഡ് ഓഫ് ഒസി പോലെയുള്ള സിനിമകളുമൊത്തെ നെറ്റ്ഫ്ലിക്സിലൂടെ കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. കമ്പനിയുടെ സര്‍ഗാത്മകമായ ആഗ്രഹങ്ങളെ ശക്തമാക്കുന്ന ഏറ്റെടുക്കലാണ് ഇതെന്നാണ് നെറ്റ്ഫ്ലിക്സ് കോ-സിഇഒ ടെഡ് സരന്‍ഡോസ് പ്രതികരിച്ചത്. “ലോകത്തെ രസിപ്പിക്കുക എന്നതായിരുന്നു എല്ലാക്കാലത്തും ഞങ്ങളുടെ ലക്ഷ്യം. ക്ലാസിക്കുകളായ കാസാബ്ലാങ്കയും സിറ്റിസണ്‍ കെയ്നും നവകാല ഫേവറൈറ്റുകളായ ഹാരി പോട്ടറും ഫ്രണ്ട്സും അടങ്ങിയ വാര്‍ണര്‍ ബ്രദേഴ്സിന്‍റെ വമ്പന്‍ ലൈബ്രറി സ്ട്രേഞ്ചര്‍ തിംഗ്സും ഡെമോണ്‍ ഹണ്ടേഴ്സും സ്ക്വിഡ് ഗെയിമും അടക്കമുള്ള ഞങ്ങളുടെ ടൈറ്റിലുകളുമായി ചേരുമ്പോള്‍ ഞങ്ങള്‍ക്ക് അത് കൂടുതല്‍ മികവോടെ സാധിക്കും. പ്രേക്ഷകര്‍ എന്താണോ ആഗ്രഹിക്കുന്നത് അത് കൂടുതല്‍ നല്‍കാനും അടുത്ത നൂറ്റാണ്ടിലെ കഥപറച്ചിലിനെ രൂപപ്പെടുത്താനും ഞങ്ങള്‍ ഒരുമിക്കുന്നതിലൂടെ സാധിക്കും”, ടെഡ് സരന്‍ഡോസ് പ്രസ്താവനയില്‍ പറഞ്ഞു.

പുതിയ കരാര്‍ അനുസരിച്ച് വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്കവറിയുടെ ഓഹരി ഉടമകള്‍ക്ക് ഓഹരി ഒന്നിന് 27.75 ഡോളര്‍ വീതമാണ് ലഭിക്കുക. കരാര്‍ നടപ്പില്‍ വരുന്നതോടെ ആഗോള വിനോദ വ്യവസായത്തില്‍ നെറ്റ്ഫ്ലിക്സിന്‍റെ തലപ്പൊക്കെ വര്‍ധിക്കും. കമ്പനി വളര്‍ച്ചയുടെ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനോടനുബന്ധിച്ച് നെറ്റ്ഫ്ലിക്സ് ന്യൂജേഴ്‌സിയിൽ 350 മില്യൻ ഡോളർ ചിലവ് വരുന്ന ഒരു പുതിയ സ്റ്റൂഡിയോ സമുച്ചയവും നിർമ്മിക്കുന്നുണ്ട്. ഇതിന്‍റെ നിര്‍മ്മാണം പുരോഗമിക്കുകയാണ് ഇപ്പോള്‍.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live