Asianet News MalayalamAsianet News Malayalam

John Paul Passed Away : ഇനി 'സാഗരം ശാന്തം'; മലയാളത്തിന്‍റെ ഇതിഹാസ കഥാകാരന് വിട

രോഗാവശതകളെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ജോണ്‍ പോളിന്‍റെ അന്ത്യം. 72 വയസായിരുന്നു.

film writer director John Paul Passed Away
Author
Thiruvananthapuram, First Published Apr 23, 2022, 1:36 PM IST

തിരക്കഥാകൃത്ത് ജോണ്‍ പോള്‍ (John Paul) അന്തരിച്ചു. എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, നടന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ പോകുന്നു ജോണ്‍ പോളിന്‍റെ വിശേഷണങ്ങള്‍. നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. രോഗാവശതകളെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ജോണ്‍ പോളിന്‍റെ അന്ത്യം. 72 വയസായിരുന്നു.

എറണാകുളം സ്വദേശിയായിരുന്നു. അധ്യാപകനായിരുന്ന ഷെവലിയർ പുതുശ്ശേരി വർക്കി പൗലോസിന്‍റെയും മുളയരിക്കൽ റബേക്കയുടേയും മകനായി 1950-ൽ ഒക്ടോബർ 29-ന് ജോൺപോൾ പുതുശ്ശേരിയിലായിരുന്നു ജനനം. എറണാകുളം സെന്‍റ് ആൽബർട്സ് സ്കൂൾ, സെന്‍റ് അഗസ്റ്റിൻ സ്കൂൾ, പാലക്കാട് ചിറ്റൂർ ഗവണ്‍മെന്‍റ്  സ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എറണാകുളം മഹാരാജാസിലായിരുന്നു കോളേജ് വിദ്യാഭ്യാസം.  പ്രീഡിഗ്രിയും ബിരുദവും തുടർന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഇവിടെ പൂര്‍ത്തിയാക്കി.  

പഠനകാലത്ത് ഗ്രന്ഥശാല, സ്കൗട്ട്, ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ഹ്രസ്വചിത്രങ്ങള്‍ക്കും ഡോക്കുമെന്‍ററികള്‍ക്കും പരസ്യങ്ങൾക്കും വേണ്ടി രചന നിര്‍വഹിച്ചു. പതിനൊന്ന് വർഷം കാനറാ ബാങ്കിൽ ജോലി ചെയ്തു. ഐ വി ശശി സംവിധാനം ചെയ്ത ‘ഞാന്‍, ഞാന്‍ മാത്രം’ എന്ന ചിത്രത്തിന് കഥയെഴുതിയാണ് സിനിമയിലേക്കുളള വരവ്. ഭരതന്‍ സംവിധാനം ചെയ്ത ‘ചാമരം’ എന്ന ചിത്രത്തിലൂടെ സിനിമാ തിരക്കഥാകൃത്തായി. സിനിമയില്‍ സജീവമായതോടെ മുപ്പത്തിമൂന്നാം വയസ്സില്‍ കാനറാ ബാങ്കിലെ ജോലി ഉപേക്ഷിച്ച് മുഴുവന്‍സമയ എഴുത്തുകാരനായി. ഭരതൻ, ഐ വി ശശി, കെ എസ് സേതുമാധവന്‍, മോഹൻ, പി ജി വിശ്വംഭരൻ, സത്യൻ അന്തിക്കാട്, കമല്‍, സിബി മലയില്‍,കെ മധു, വിജി തമ്പി തുടങ്ങി നിരവധി പ്രമുഖ സംവിധായകര്‍ക്കു വേണ്ടി തിരക്കഥയും സംഭാഷണവുമെഴുതി. 

എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത ‘ഒരു ചെറുപുഞ്ചിരി’, ഐ വി ശശി സംവിധാനം ചെയ്ത ‘ഭൂമിക’ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ഒരു ചെറുപുഞ്ചിരി ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ നേടി. ‘ഗ്യാങ്സ്റ്റർ’, ‘സൈറാബാനു’ തുടങ്ങിയ ചിത്രങ്ങളില്‍ നടനായി. ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗവും സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അംഗവുമായിരുന്നു. സിനിമാ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ 'മാക്ട'യുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. 

Also Read: തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു

സ്വസ്തി, എന്‍റെ ഭരതൻ തിരക്കഥകൾ, ഒരു കടം കഥ പോലെ ഭരതൻ, കാലത്തിന് മുൻപേ നടന്നവർ, ഇതല്ല ഞാനാഗ്രഹിച്ചിരുന്ന സിനിമ, കഥയിതു വാസുദേവം, പരിചായകം: കാഴ്ചയും കഥയും,  എം.ടി. ഒരു അനുയാത്ര, പ്രതിഷേധം തന്നെ ജീവിതം എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇതിൽ എം ടി ഒരു അനുയാത്രയ്ക്ക് മികച്ച സിനിമാഗ്രന്ഥത്തിനുളള സംസ്ഥാന സർക്കാരിന്‍റെ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.  നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. 

കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, ഇത്തിരപ്പൂവേ ചുവന്നപൂവേ, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഏഴരക്കൂട്ടം, ഒരു കടങ്കഥ പോലെ, സവിധം, ആരോരുമറിയാതെ, സൂര്യഗായത്രി, ഒരുക്കം, ഭൂമിക, സാഗരം ശാന്തം, ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍, സൈമണ്‍ പീറ്റര്‍ നിനക്കുവേണ്ടി, അക്ഷരം, രേവതിക്കൊരു പാവക്കുട്ടി, തേനും വയമ്പും, പ്രണയമീനുകളുടെ കടല്‍, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങൾ ജോൺപോളിന്റെ തൂലികയിൽ വിരിഞ്ഞവയാണ്. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവിൽ എഴുതിയത്. 

മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എംടി വാസുദേവൻനായർ സംവിധാനം ചെയ്ത സംസ്ഥാന, ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന ചലച്ചിത്രത്തിന്റെ നിർമാതാവായിരുന്നു. ഗ്യാങ്സ്റ്റർ, കെയർഓഫ് സൈറാബാനു എന്നീ സിനിമകളിൽ അഭിനയിച്ചു.

മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. ഫിലിംസൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സംവിധായകൻ ഭരതനുവേണ്ടിയാണ് ജോൺ പോൾ ഏറ്റവുമധികം തിരക്കഥകൾ എഴുതിയത്. ഐ വി ശശി, മോഹൻ, ജോഷി, കെ എസ് സേതുമാധവൻ, പി എൻ മേനോൻ, കമൽ, സത്യൻ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ മധു, പി ജി വിശ്വംഭരൻ, വിജി തമ്പി തുടങ്ങിയ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു. ആയിഷ എലിസബത്താണ് ഭാര്യ. ജിഷയാണ് മകള്‍.

Follow Us:
Download App:
  • android
  • ios