ചുവപ്പുകോട്ടയായ പാട്യത്ത് നിന്ന് അരങ്ങിലെത്തിയ പ്രതിഭയ്‍ക്ക് കേരളം എപ്പോഴും കാതോര്‍ത്തു.
ഞാൻ എഴുതാതെ പോയ തിരക്കഥകളാണ് മലയാള സിനിമയ്‍ക്ക് നല്‍കിയ ഏറ്റവും വലിയ സംഭാവന- ഒരിക്കല്‍ ശ്രീനിവാസൻ പറഞ്ഞതാണ്. ഇങ്ങനെ കുറിക്കുകൊള്ളുന്ന പ്രതികരണങ്ങളാണ് ശ്രീനിവാസന്റെ പ്രത്യേകത. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന തിരയെഴുത്തുകളിലൂടെ മലയാള സിനിമയെ പോഷിപ്പിച്ച ചലച്ചിത്രകാരനാണ് ശ്രീനിവാസൻ. വിശേഷണങ്ങള്‍ക്കപ്പുറമാണ് ശ്രീനിവാസന്റെ സംഭാവനകളെന്ന് നിസ്സംശയും പറയാം.
കേരളത്തില സാധാരണ ജനങ്ങളുടെ പ്രശ്‍നങ്ങളെ ആക്ഷേപഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയായിരുന്നു തന്റെ തിരയെഴുത്തുകളിലൂടെ ശ്രീനിവാസൻ. കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളായിരുന്നു അദ്ദേഹത്തിന്റെ തിരക്കഥയുടെ പ്രത്യേകത. മലയാളികള്‍ക്കൊപ്പം ജീവിക്കുന്ന മനുഷ്യരാണ് ശ്രീനിവാസന്റെ തിരക്കഥയിലെ കഥാപാത്രങ്ങളെന്നും പറയാം. ശ്രീനിവാസിന്റെ കഥാപാത്രങ്ങളെല്ലാം മലയാളികള്‍ക്കിടയില്‍ ജീവിക്കുന്നവരാണ്. ശ്രീനിവാസൻ കണ്ടെത്തിയ കഥാപാത്രങ്ങളെല്ലാം തന്നെ നമ്മുക്കിടയില്‍ ഉള്ളവരു തന്നെ. മലയാളികളുടെ പൊങ്ങച്ചവും അസൂയയും അപകര്‍ഷതയും അതി രാഷ്‍ട്രീയ ബോധവും നിസഹയാവസ്ഥയുമെല്ലാം ലളിതമായി ശ്രീനിവാസൻ പകര്‍ത്തി.
തൊഴില്‍ തേടി നടക്കുന്ന ടി പി ബാലഗോപാലൻ മുതല്‍ പരിഷ്‍കാരത്തിനായി പേര് പി ആര്‍ ആകാശ് എന്നാക്കുന്ന പ്രകാശ് വരെ കാണിക്കുന്നത് ആ പ്രതിഭയുടെ നിരീക്ഷണ ബോധം. പതിവ് നായക സങ്കല്‍പങ്ങള്‍ പൊളിച്ച് കുറവുകള്‍ കാണിച്ച് സ്വയം കളിയാക്കുന്ന ശ്രീനിവാസനറെ നായകരിലും കണ്ടത് മലയാളിയെ. അപാരമായ നര്‍മ്മവും കൂരമ്പാകുന്ന മറുപടികളും ശ്രീനിവാസൻ ഡയലോഗുകളിലെ സവിശേഷത. തലമുറകള്‍ ഏറ്റെടുത്ത സംഭാഷണങ്ങളും സന്ദര്‍ഭങ്ങളും ട്രോളുകള്‍ക്ക് മുമ്പേ മലയാളിയെ ഊറിച്ചിരിപ്പിച്ചു, ചിന്തിപ്പിച്ചു.
കണ്ണൂരുകാരൻ പാട്യത്തെ ശ്രീനിവാസനെ വളര്‍ത്തിയെടുത്തത് മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്. രജനികാന്ത് അടക്കമുള്ള പ്രമുഖര്‍ക്കൊപ്പം സിനിമാ പഠനം. 1977ല്‍ പി എ ബക്കറിന്റെ മണിമുഴക്കത്തില്‍ അഭിനയത്തിന്റെ അരങ്ങേറ്റം കുറിച്ചു. ആദ്യം ചെറിയ വേഷങ്ങള്‍. പിന്നീട് കണ്ടത് ചെറിയ ശ്രീനിയുടെ വലിയ ലോകം. സത്യൻ അന്തിക്കാടുമൊത്ത് 15 സിനിമകള്‍. മികച്ച കൂട്ടുകെട്ട് ഒരുക്കിയവരില്‍ പ്രിയദര്‍ശൻ കമല്‍ എന്നിവരും.
സിനിമയ്‍ക്ക് പുറത്തെ ശ്രീനിവാസനും എന്നും ചര്‍ച്ചകളില്‍ നിറഞ്ഞു. ചുവപ്പുകോട്ടയായ പാട്യത്ത് നിന്ന് അരങ്ങിലെത്തിയ പ്രതിഭയ്‍ക്ക് കേരളം എപ്പോഴും കാതോര്‍ത്തു. ഇടത് ആശയങ്ങള്‍ മുറുകെ പിടിക്കുമ്പോഴും ഇടംവലം നോക്കാതെ സാമൂഹ്യ വിമര്‍ശനം. കൃഷിയുടെ നല്ല പാഠങ്ങള്‍ പകര്‍ന്നു നല്‍കിയും ശ്രീനിവാസൻ കേരളത്തെ വിസ്‍മയിപ്പിച്ചു. നാല്‍പത് വര്‍ഷത്തെ സിനിമ ജീവിതത്തില്‍ ദേശീയ സംസ്ഥാന പുരസ്‍കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍.
പക്ഷേ അതിനെല്ലാമപ്പുറമാണ് ജനമനസ്സുകളില്‍ ശ്രീനിവാസനുള്ള സ്ഥാനം. വെള്ളിത്തിരയിലെ യഥാര്‍ഥ ഹീറോ.
