ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 1000 കോടി ക്ലബിലെത്തിയ ചിത്രം, കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ സിനിമയായി മാറി

വമ്പൻ വിജയം നേടി മുന്നേറുകയാണ് രൺവീർ സിങ് നായകനായി എത്തിയ 'ധുരന്ദർ'. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 1000 കോടി ക്ലബിലെത്തിയ ചിത്രം പോയ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രമായി മാറുകയും ചെയ്തിരുന്നു. ആദിത്യ ധർ ആണ് ചിത്രം സംവിധാനം ചെയ്തത്. B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നായികയായി എത്തിയ സാറ അർജുൻ. തന്റെ യാത്ര തുടങ്ങുന്നതേയുള്ളുവെന്നും താൻ ഭാഗമായ സിനിമയ്ക്ക് വലിയ പ്രോത്സാഹനം ലഭിക്കുന്നത് വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണെന്നും സാറ അർജുൻ കുറിച്ചു.

"ദൈവത്തിന് മുൻപിലും ഒപ്പം നിങ്ങൾക്ക് മുൻപിലും ആത്മാർത്ഥമായ നന്ദിയോടെ ഞാൻ ശിരസ്സ് നമിക്കുന്നു. ഞാൻ എൻ്റെ യാത്ര തുടങ്ങുന്നതേയുള്ളൂ. ഞാൻ ഭാഗമായ ഒരു സിനിമയ്ക്കും ഞാൻ ചെയ്യാൻ ശ്രമിക്കുന്ന ജോലിക്കും ഇത്ര നേരത്തെ തന്നെ വലിയ പ്രോത്സാഹനം ലഭിക്കുന്നത് വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ്, അത് തനിക്ക് കൂടുതൽ കറുത്ത പകരുന്നു..." സാറ അർജുൻ കുറിച്ചു.

എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വയലൻസിന്റെ പേരില്‍ കട്ടുകളും നിര്‍ദ്ദേശിച്ചിരുന്നു. മൂന്ന് മണിക്കൂര്‍ 34 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ബജറ്റ് 280 കോടിയാണ്. രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്‍ത അനിമലിന്റെ ലൈഫ് ടൈം കളക്ഷനെ ധുരന്ദര്‍ ഇതിനകം മറികടന്നിരുന്നു. ഇന്ത്യൻ ബോക്സ് ഓഫീസില്‍ അനിമലിന്റെ ലൈഫ് ടൈം കളക്ഷൻ 553 കോടി രൂപയായിരുന്നു.

View post on Instagram

ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് നേരത്തെ പുറത്തുവിട്ടത് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ടൈറ്റിൽ ട്രാക്കിന്റെ ലിറിക്കൽ വീഡിയോ സാരേഗാമ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്. ശാശ്വത് സച്ച്ദേവും ചരൺജിത് അഹൂജയും ചേർന്നാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ആധുനിക ഹിപ്-ഹോപ്പ്, പഞ്ചാബി സ്റ്റൈൽ, സിനിമാറ്റിക് ഗ്രിറ്റ് എന്നിവയുടെ മികച്ച സംയോജനമാണ് ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം ഗാനം. ഹനുമാൻകൈൻഡ്, ജാസ്‍മിൻ സാൻഡ്ലാസ്, സുധീർ യദുവൻഷി, ശാശ്വത് സച്ച്ദേവ്, മുഹമ്മദ് സാദിഖ്, രഞ്ജിത് കൌർ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ധുരന്ദറിന്റെ വ്യാപ്തിയും ഊർജ്ജവും തീവ്രതയും പ്രതിഫലിപ്പിക്കുന്ന ഈ ഗാനം ഹനുമാൻകൈൻഡ്, ജാസ്മിൻ സാൻഡ്ലാസ്, ബാബു സിംഗ് മാൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. ഹനുമാൻകൈൻഡ് ആദ്യമായി ചെയ്യുന്ന ബോളിവുഡ് പ്രൊജക്റ്റ് കൂടിയാണിത്. അദ്ദേഹത്തിന്റെ തനത് ശൈലിയിൽ ശക്തവും കൃത്യവുമായി ആധുനിക റാപ്പിനെ ഓൾഡ് സ്‌കൂൾ ദേസി സ്വാഗറുമായി ലയിപ്പിച്ചാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. രൺവീർ സിങ്ങിൻ്റെ ഉഗ്രമായ സ്ക്രീൻ പ്രെസൻസിനെ വലിയ രീതിയിലാണ് ഈ ഗാനം പിന്തുണക്കുന്നത്.

'നാ ദേ ദിൽ പർദേശി നു' എന്ന ഈ ഗാനം ആഴത്തിലുള്ള വികാരങ്ങൾ വഹിക്കുന്ന ഒരു നാടോടി ക്ലാസിക് ആണെന്നും ഇത് ചിത്രത്തിനായി പുനർരൂപകൽപ്പന ചെയ്യാൻ സാധിച്ചത് ഒരു ബഹുമതിയും ഉത്തരവാദിത്തവും ആണെന്നും സംഗീത സംവിധായകനായ ശാശ്വത് സച്ച്ദേവ് പറഞ്ഞിരുന്നു. സിനിമയുടെ ആത്മാവിന്റെ തന്നെ ഭാഗമായ ഈ ഗാനം തുടക്കം മുതൽ തന്നെ തിരക്കഥയിലുണ്ടായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. നേരത്തെ രൺവീർ സിംഗിന്റെ ജന്മദിനം പ്രമാണിച്ചു റിലീസ് ചെയ്‍ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും വൻ ശ്രദ്ധ നേടിയിരുന്നു. ഇതുവരെ കാണാത്ത രൂപത്തിൽ രൺവീറിനെ അവതരിപ്പിച്ച "ധുരന്ദർ" ഫസ്റ്റ് ലുക്ക് വീഡിയോ വമ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും ശ്രദ്ധ നേടി.

'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ആദിത്യ ധർ രചനയും സംവിധാനവും നിർവഹിച്ച "ധുരന്ദർ" അദ്ദേഹവും ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന, 'ധുരന്ദർ', അജ്ഞാതരായ പുരുഷന്മാരുടെ ഉത്ഭവത്തെക്കുറിച്ചുള്ള പറയപ്പെടാത്ത കഥ വെളിപ്പെടുത്തുന്നു. ഈ വർഷത്തെ ഏറ്റവും വലിയ ഹിന്ദി ചിത്രമായാണ് "ധുരന്ദർ" തീയേറ്ററുകളിലെത്തിയത്. ഛായാഗ്രഹണം - വികാഷ് നൗലാഖ , എഡിറ്റർ -ശിവകുമാർ വി പണിക്കർ, സംഗീതം - ശാശ്വത് സച്‌ദേവ്, പ്രൊഡക്ഷൻ ഡിസൈനർ - സെയ്‍നി എസ് ജോഹറായ്, വസ്ത്രാലങ്കാരം - സ്‌മൃതി ചൗഹാൻ, ആക്ഷൻ - എജെസ് ഗുലാബ്, സീ യങ് ഓ, യാനിക്ക് ബെൻ, റംസാൻ ബുലുത്, നൃത്തസംവിധാനം - വിജയ് ഗാംഗുലി, പിആർഒ - ശബരി.