മോസ്‍കോ ചലച്ചിത്രോത്സവത്തിലേക്ക് മലയാളത്തിലെ രണ്ട് യുവസംവിധായകരുടെ ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഡോണ്‍ പാലത്തറയുടെ '1956, മധ്യതിരുവിതാംകൂര്‍', സജിന്‍ ബാബുവിന്‍റെ 'ബിരിയാണി' എന്നീ സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.  മധ്യതിരുവിതാംകൂറിന്‍റെ വേള്‍ഡ് പ്രീമിയറും ബിരിയാണിയുടെ റഷ്യന്‍ പ്രീമിയറുമാണ് മോസ്‍കോ മേളയില്‍ നടക്കുക. ഫിയാപിന്‍റെ (ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍സ്) അക്രെഡിറ്റേഷന്‍ ഉള്ള ലോകത്തിലെ 15 പ്രധാന ചലച്ചിത്രോത്സവങ്ങളില്‍ ഒന്നാണ് മോസ്‍കോ ചലച്ചിത്രോത്സവം.

 

1956ല്‍ കോര, ഓനന്‍ എന്നീ സഹോദരങ്ങള്‍ ഏതാനും സുഹൃത്തുക്കളെ കൂട്ടി ഒരു കാട്ടുപോത്തിനെ വെടിവെക്കാന്‍ കാടിനുള്ളില്‍ പോകുന്നതിനെത്തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് മധ്യവിതുവിതാംകൂറിന്‍റെ കഥാതന്തു. ഭൂപരിഷ്കരണത്തോടനുബന്ധിച്ച് ഇടുക്കിയിലെ വനപ്രദേശങ്ങളിലേക്ക് കുടിയേറിയ ആദ്യകാല കുടിയേറ്റക്കാരുടെ ജീവിതത്തില്‍ നിന്നുള്ള ഒരേടാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇടുക്കിയിലും തമിഴ്നാട്ടിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ അടുത്തകാലത്ത് പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ അപൂര്‍വ്വം സിനിമകളില്‍ ഒന്നുമാണ്. ശവം, വിത്ത് എന്നീ സിനിമകള്‍ക്കുശേഷമുള്ള ഡോണ്‍ പാലത്തറയുടെ ചിത്രമാണ് ഇത്. ആസിഫ് യോഗി, ജെയിന്‍ ആന്‍ഡ്രൂസ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, കനി കുസൃതി, ഷോണ്‍ റോമി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

 

അതേസമയം ഒരു മുസ്ലിം സ്ത്രീയുടെ ജീവിതകഥ പ്രമേയമാക്കുന്ന സിനിമയാണ് ബിരിയാണി. കനി കുസൃതി അവതരിപ്പിക്കുന്ന ഖദീജയിലൂടെ സ്ത്രീകളുടെ മാനസിക സംഘര്‍ഷങ്ങളെ വരച്ചുകാട്ടാന്‍ ശ്രമിക്കുകയാണ് സംവിധായകന്‍ സജിന്‍ ബാബു. രാജ്യം നേരിടുന്ന സാമൂഹികപ്രശ്നങ്ങളും സിനിമയില്‍ പരാമര്‍ശവിധേയമാകുന്നു. ജെ ഷൈലജ, സുര്‍ജിത്ത് ഗോപിനാഥ്, അനില്‍ നെടുമങ്ങാട്, ജയചന്ദ്രന്‍, ശ്യാം റെജി, മൈത്രേയന്‍ എന്നിവര്‍ക്കൊപ്പം സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും ഗായിക പുഷ്പവതിയും സിനിമയില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഇറ്റലിയിലെ ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയര്‍ നടന്ന ചിത്രത്തിന് നെറ്റ്പാക് പുരസ്‍കാരവും ലഭിച്ചിരുന്നു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന മോസ്‍കോ ചലച്ചിത്രോത്സവം ഒക്ടോബറിലേക്ക് മാറ്റിവെക്കുകയായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍റെ സ്വയംവരം, വേണുവിന്‍റെ മുന്നറിയിപ്പ് എന്നീ ചിത്രങ്ങളാണ് ഇതിനുമുന്‍പ് മോസ്‍കോ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മലയാളചിത്രങ്ങള്‍.