Asianet News MalayalamAsianet News Malayalam

സുശാന്ത് സിംഗ് രാജ്പുത്തിന്റെ അവസാന മണിക്കൂറുകൾ ഇങ്ങനെ

"എന്റെ അമ്മ ഇന്ന് ജീവനോടുണ്ടായിരുന്നെങ്കിൽ, ഞാൻ ജീവിതത്തിൽ വിജയിച്ചത് കണ്ട്, അവർ വല്ലാതെ സന്തോഷിച്ചിരുന്നേനെ. എന്നെക്കുറിച്ചോർത്ത് അവർ അഭിമാനം കൊണ്ടിരുന്നേനെ. ചിലപ്പോൾ ഞാൻ ഇപ്പോൾ ഉള്ളതിനേക്കാൾ കുറേക്കൂടി നല്ലൊരു വ്യക്തിപോലും ആയിരുന്നേനെ"

final hours of actor sushant singh rajput
Author
Mumbai, First Published Jun 15, 2020, 7:02 AM IST

സുപ്രസിദ്ധ യുവ ബോളിവുഡ് അഭിനേതാവ് സുശാന്ത് സിങ് രാജ്പുത് ഇന്ന് നമുക്കിടയിലില്ല. ആ വാർത്ത അറിഞ്ഞതിനെ ഞെട്ടലിലാണ് ഇന്ത്യയിലെ സിനിമാസ്വാദകർ ഒന്നടങ്കം. സുശാന്തിന്റെ സിനിമകളെ പിന്തുടർന്നിരുന്ന, സിനിമയോട് അദ്ദേഹത്തിനുള്ള പാഷൻ മനസ്സിലാക്കിയിരുന്നു അദ്ദേഹത്തിന്റെ ആരാധകർക്ക് ഇനിയും ആ വിവരം ഉള്ളിലേക്കെടുക്കാൻ സാധിച്ചിട്ടില്ല. ദില്ലി യൂണിവേഴ്സിറ്റി പോലെ ഉത്‌കൃഷ്ടമായൊരു സർവകലാശാലയിൽ നിന്നുള്ള എഞ്ചിനീയറിങ് പഠനത്തിന്റെ നാലാം വർഷം, സിനിമയോടുള്ള ഭ്രമം കാരണം പഠനം പൂർത്തിയാകാതെ ഡ്രോപ്പ് ഔട്ട് ആയ, അതിനു ശേഷം ഡാൻസ് ഷോകളിലൂടെയും സീരിയലുകളിലൂടെയും ജനപ്രിയനായ, അവിടെ നിന്ന് സിനിമയുടെ അത്ഭുതലോകത്ത് കഠിനപരിശ്രമം കൊണ്ടുമാത്രം തന്റേതായ ഒരിടം നേടിയ ഈ അഭിനേതാവിനെ ഞായറാഴ്ച ഉച്ചയോടെ സ്വന്തം ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

image.png

മുംബൈയിലെ ബാന്ദ്രയിൽ സുശാന്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് ഇന്നലെ പുറത്തേക്ക് കൊണ്ടുവന്നത് അദ്ദേഹത്തിന്റെ ചേതനയറ്റ ജഡമായിരുന്നു. സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്തതാണ് എന്നാണ് മുംബൈ പൊലീസ് പറയുന്നത്. എന്തുകൊണ്ട് എന്ന് ഇനിയും വ്യക്തമായിട്ടില്ല. കഴിഞ്ഞ ആറുമാസമായി ഈ യുവനടൻ ക്ലിനിക്കൽ ഡിപ്രഷന് ചികിത്സ തേടുകയായിരുന്നു എന്ന് പറയപ്പെടുന്നുണ്ട്.

സ്വന്തമായി സുശാന്തിന്‌ മുംബൈയിൽ ഒരു ഫ്ലാറ്റ് ഉണ്ടെങ്കിലും, കുറേക്കൂടി വലിയൊരു വീട്ടിൽ താമസിക്കണം ഇന്നുണ്ടായിരുന്നതിനാലാണ് എട്ടുമാസം മുമ്പ് സുശാന്ത് ഈ ഫ്ലാറ്റിലേക്ക് താമസം മാറ്റിയത്. ഒറ്റയ്ക്കായിരുന്നില്ല ഈ ഫ്ളാറ്റിലെ സുശാന്തിന്റെ വാസം. ഒപ്പം അദ്ദേഹത്തിന്റെ ക്രിയേറ്റീവ് മാനേജർ, ഒരു സുഹൃത്ത്, വീട്ടുജോലി ചെയ്യുന്ന ആൾ എന്നിവർ താമസമുണ്ടായിരുന്നു. ആ വീട്ടിൽ താമസമുണ്ടായിരുന്ന ഒരാളും സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.  ആ പ്രഭാതം തങ്ങളുടെ പ്രിയസുഹൃത്തിന്റെ അവസാനത്തേതാകും എന്നാരും ധരിച്ചിരുന്നില്ല.

image.png

രാവിലെ വരെ എല്ലാം ഓകെ ആയിരുന്നു എന്നാണ് വീട്ടിലുള്ളവർ പറയുന്നത്. രാവിലെ ആറരയോടെ ഉറക്കമുണർന്ന  സുശാന്ത് ജോലിക്കാർ കൊടുത്ത മാതളനാരകം ജ്യൂസ് കുടിച്ചു. ഒമ്പതുമണിയോടെ സഹോദരിയുമായി ഫോണിൽ  സംസാരിച്ചിരുന്നത്രെ. അതിനു ശേഷം തന്റെ കരിയറിന്റെ തുടക്കം മുതൽ പരിചയമുള്ള മഹേഷ് ഷെട്ടി എന്ന നടനുമായും ഫോണിൽ സംസാരിച്ചിരുന്നു സുശാന്ത്. 'കിസ് ദേശ് മേം ഹോഗാ മേരാ ദിൽ' എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സുശാന്തിന്റെ അടുത്ത സ്നേഹിതനായിരുന്ന മഹേഷിനോടായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ സംഭാഷണം. അതിനു ശേഷം മുറിക്കുള്ളിൽ കയറി വാതിലടച്ചതാണ്. പത്തുമണിയോടെ പ്രാതലിന് എന്തുവേണം എന്ന് ചോദിയ്ക്കാൻ വേണ്ടി കുക്ക് ചെന്ന് വാതിൽ മുട്ടിയപ്പോൾ തുറന്നില്ല. രണ്ടുമൂന്നു മണിക്കൂർ കഴിഞ്ഞും തുറക്കാതെ വന്നപ്പോൾ മാനേജരാണ് സുശാന്തിന്റെ സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞത്. അവർ ഉടൻ തന്നെ ഫ്ലാറ്റിലെത്തുകയും, മറ്റൊരു താക്കോൽ ഉണ്ടാക്കിച്ച് വാതിൽ തുറപ്പിക്കുകയും ചെയ്തു. വാതിൽ തുറന്നപ്പോൾ സുശാന്ത് ഫാനിൽ നിന്ന് തൂങ്ങി നിൽക്കുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് അവരെല്ലാവരും കണ്ടത്.

image.png


പത്തുമണിക്കും ഒരുമണിക്കുമിടയിലാണ് സുശാന്ത് സിംഗ് രാജ്പുത് മരിച്ചിട്ടുള്ളത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസിൽ വിളിച്ചറിയിച്ചത് വീട്ടിൽ ജോലിക്ക് നിൽക്കുന്ന ആളാണ്. രണ്ടുമണിയോടെ വിവരം കിട്ടിയ ബാന്ദ്ര പൊലീസ് രണ്ടരയോടെ തന്നെ ഫ്ലാറ്റിൽ എത്തി. അതിനു ശേഷം അവർ അന്വേഷണം തുടങ്ങി. ഇതുവരെ ആത്മഹത്യാക്കുറിപ്പൊന്നും തന്നെ കണ്ടെടുക്കാൻ സാധിച്ചിട്ടില്ല എന്ന് പൊലീസ് പറയുന്നു. വൈകുന്നേരം അഞ്ചരയോടെ മൃതദേഹം കൂപ്പർ ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെയാണ് പോസ്റ്റുമോർട്ടം നടന്നത്.

ഡിപ്രഷനിലേക്ക് നയിച്ചത് അമ്മയുടെ മരണത്തിൽ തുടങ്ങിയ വിഷാദമോ?

2002 -ൽ തന്റെ പതിനാറാമത്തെ വയസ്സിൽ തന്നെ തനിച്ചാക്കി കടന്നുപോയ തന്റെ അമ്മയ്ക്കാണ് സുശാന്ത് തന്റെ വിജയത്തിന്റെ ക്രെഡിറ്റ് എന്നും നൽകിയിട്ടുള്ളത്. തനിക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന, തന്റെ സങ്കടങ്ങൾ പങ്കിട്ടിരുന്ന അമ്മയുടെ അവിചാരിത വിയോഗം വലിയൊരു ശൂന്യതയാണ് തന്റെ ജീവിതത്തിലുണ്ടാക്കിയത് എന്നും പല അഭിമുഖങ്ങളിലും സുശാന്ത് പറഞ്ഞിട്ടുണ്ട്.

 

കഴിഞ്ഞ ജൂൺ 3 -ന് തന്റെയും അമ്മയുടെയും കൊളാഷ് ചിത്രം പങ്കുവെച്ച് സുശാന്ത് തന്റെ ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ കുറിച്ചു, "മങ്ങിയ ഭൂതകാലം എന്റെ കണ്ണീർക്കണങ്ങളിൽ നിന്ന് ചുടുബാഷ്പമായിപ്പോകുന്നു. മുഖത്ത് പുഞ്ചിരി പടർത്തുന്ന അന്തമില്ലാത്ത സ്വപ്‌നങ്ങൾക്കും, നശ്വരമായ ഈ ജീവിതതിനുമിടയിൽ, പെടാപ്പാടുപെട്ട് ഈ ഞാനും..! " ഈ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ കമന്റ്സ് സെക്ഷനിൽ സുശാന്തുമായി സ്നേഹബന്ധത്തിലാണ് എന്ന് കരുതപ്പെട്ടിരുന്ന അഭിനേത്രി റിയ ചക്രബർത്തിയുടെ ചുവന്ന ഹൃദയചിഹ്നങ്ങൾ നിരവധി കാണാം.

ധോണി : ദ അൺടോൾഡ് സ്റ്റോറി എന്ന ചിത്രത്തിന്റെ റിലീസിനോടടുപ്പിച്ച് ഡിഎൻഎ'ക്ക് നൽകിയ ഒരഭിമുഖത്തിൽ സുശാന്ത് അമ്മയോടുള്ള തന്റെ ഹൃദയബന്ധത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരുന്നു, "എന്റെ അമ്മ ഇന്ന് ജീവനോടുണ്ടായിരുന്നെങ്കിൽ, ഞാൻ ജീവിതത്തിൽ വിജയിച്ചത് കണ്ട്, അവർ വല്ലാതെ സന്തോഷിച്ചിരുന്നേനെ. എന്നെക്കുറിച്ചോർത്ത് അവർ അഭിമാനം കൊണ്ടിരുന്നേനെ. ചിലപ്പോൾ ഞാൻ ഇപ്പോൾ ഉള്ളതിനേക്കാൾ കുറേക്കൂടി നല്ലൊരു വ്യക്തിപോലും ആയിരുന്നേനെ. കാര്യങ്ങളെ ഞാൻ നോക്കിക്കാണുന്ന, പ്രതികരിക്കുന്ന രീതികൾ ഒക്കെ മറ്റൊന്നായിരുന്നേനെ. അതിലേക്കൊരു തിരിച്ചുപോക്ക് ഇനി സാധ്യമല്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നാണ് അമ്മ എന്നെ വിട്ടുപോയത്. അമ്മയുണ്ടായിരുന്നപ്പോൾ എനിക്ക് ആസ്വദിക്കാൻ സാധിച്ചിരുന്ന പലതും ഇന്ന് എന്നെ ഒട്ടുമേ ആനന്ദിപ്പിക്കുന്നില്ല. ജീവിതത്തിലെ ബന്ധങ്ങളോ, വിജയങ്ങളോ ഒന്നും..! എന്നെ ആ മരണം വല്ലാതെ മാറ്റിക്കളഞ്ഞു. അമ്മ പോയതോടെ ഞാൻ വല്ലാത്തൊരു അരസികനായി മാറിയ പോലെ. വികാരങ്ങളൊക്കെ ഉള്ളിൽ തണുത്തുറഞ്ഞു പോയി. ഒരു പരിധിയിൽ കവിഞ്ഞ സന്തോഷമോ, ആവേശമോ ഒക്കെ പുറത്തേക്ക് വരുത്തണമെങ്കിൽ ഒരുപാട് പ്രയത്നിക്കണം. അഭിനയമാണ് ഇന്ന് എന്നെ ആഹ്ലാദിപ്പിക്കുന്ന ഒരേയൊരു പ്രവൃത്തി. എന്നിൽ നിന്ന് എത്രയോ ദൂരേക്ക് എത്തിപ്പെടാൻ അതെന്നെ സഹായിക്കുന്നുണ്ട്.."

 

image.png

 

അമ്മയ്ക്കുവേണ്ടി സുശാന്ത് സിംഗ് രാജ്പുത് ഒരിക്കൽ കുറിച്ച വികാരാർദ്രമായ കുറിപ്പ് ഇങ്ങനെ

അമ്മയുണ്ടായിരുന്നിടത്തോളം കാലം,
ഞാനുമുണ്ടായിരുന്നു.
ഇന്ന് ഞാൻ
ഉയിർത്തെഴുന്നേൽക്കുന്നത്
അമ്മയുടെ ഓർമകളിൽ മാത്രമാണ്.

ഒരു നിഴൽ പോലെ...
ഒരു വെളിച്ചത്തുണ്ടു പോലെ...


ഇവിടെ കാലം
നിശ്ചലമാണമ്മേ..!
ഏറെ സുന്ദരം, അനശ്വരം...!

എന്നെ വിട്ടുപോകില്ലൊരിക്കലും
എന്നെനിക്ക് വാക്കുതന്നത്
അമ്മയ്ക്ക് ഓർമ്മയില്ലെന്നുണ്ടോ?
എന്തുവന്നാലും
ചിരിക്കാൻ മറക്കില്ല
എന്ന് ഈ ഞാനും
വാക്കുതന്നിരുന്നു.

നമുക്ക് രണ്ടുപേർക്കും 

തെറ്റിപ്പോയല്ലോ അമ്മാ..! "

Follow Us:
Download App:
  • android
  • ios