രജിഷ വിജയന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഫൈനല്‍സി'ന്റെ ഓഡിയോ ലോഞ്ചില്‍ ശ്രദ്ധാകേന്ദ്രമായി നടി പ്രിയ വാര്യര്‍. 'ജെമ്‌നാപ്യാരി' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി ആര്‍ അരുണ്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ഓണം റിലീസ് ആണ്. കൈലാസ് മേനോന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തില്‍ നരേഷ് അയ്യര്‍ക്കൊപ്പം പ്രിയ ഒരു ഗാനം ആലപിച്ചിട്ടുമുണ്ട്.

'ഓണത്തിന് വമ്പന്‍ റിലീസുകളുടെ കൂടെ സൈഡില്‍ക്കൂടി പോകുന്ന ഒരു സിനിമയാണ്. സപ്പോര്‍ട്ട് ചെയ്‌തേക്കണേ', ചടങ്ങില്‍ സംസാരിക്കവെ രജിഷ പറഞ്ഞു. ഒളിംപിക്‌സിന് തയ്യാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ വേഷത്തിലാണ് രജിഷ എത്തുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, നിരഞ്ജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മണിന്‍പിള്ള രാജുവും പ്രജീവ് സത്യവര്‍ത്തനും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം സുദീപ് ഇളമണ്‍. എഡിറ്റിംഗ് ജിത്ത് ജോഷി. സെപ്റ്റംബര്‍ ആറിന് തീയേറ്ററുകളില്‍.