ചെന്നൈ: ലോക്ക്ഡൌണ്‍ കാലത്ത് ആവശ്യമുള്ളവരെ ലോണെടുത്തും സഹായിക്കുമെന്ന് നടന്‍ പ്രകാശ് രാജ്. സമ്പാദ്യത്തില്‍ കാര്യമായ കുറവ് വന്നതോടെയാണ് തീരുമാനം. തനിക്ക് എപ്പോള്‍ വേണമെങ്കിലും വീണ്ടും സമ്പാദിക്കാന്‍ സാധിക്കും. എന്നാല്‍ കഷ്ടപ്പാടിന്‍റെ കാലത്ത് മുന്നില്‍ നില്‍ക്കേണ്ടത് മനുഷ്യത്വമാണെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. ഒരു ജീവിതം തിരികെ നല്‍കാന്‍ താല്‍പര്യമുള്ളവര്‍കക് സഹകരിക്കാമെന്ന് അഭ്യര്‍ത്ഥനയും പ്രകാശ് രാജ് ട്വീറ്റിലൂടെ മുന്നോട്ട് വയ്ക്കുന്നുണ്ട്. 

പ്രകാശ് രാജ് ഫൌണ്ടേഷന്‍ ലോക്ഡൌണ്‍കാലത്ത് ചെയ്യുന്ന പ്രവര്‍ത്തികളേക്കുറിച്ചും ട്വീറ്റ് വിശദമാക്കുന്നുണ്ട്. നിരവധി കുടുംബങ്ങള്‍ക്കാണ് പ്രകാശ് രാജിന്‍റെ പേരിലുള്ള ഫൌണ്ടേഷന്‍ ലോക്ക്ഡൌണ്‍ കാലത്ത് സഹായമായത്. ഇതിന് പുറമേ ലോക്ക്ഡൌണ്‍ സാരമായി ബാധിച്ച 30 ദിവസ വേതനക്കാരെയാണ് തന്‍റെ ഫാം ഹൌസില്‍ പ്രകാശ് രാജ് സംരക്ഷിക്കുന്നത്. പുതുച്ചേരി, ചെന്നൈ, ഖമ്മാം എന്നിവിടങ്ങളില്‍ നിന്നും ജോലി തേടിവന്ന പതിനൊന്ന് തൊഴിലാളികള്‍ക്കാണ് പ്രകാശ് രാജ് അഭയമൊരുക്കിയത്. ഇവരുടെ പേരില്‍ കുറച്ച് പണം നിക്ഷേപിക്കാന്‍ സാധിച്ചുവെന്നും പ്രകാശ് രാജ് ട്വിറ്ററില്‍ വിശദമാക്കിയിരുന്നു.