ഫാഷന്‍ ഡിസൈനര്‍, ഇന്‍റീരിയര്‍ ഡിസൈനര്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ഗൌരി ഖാന്‍

ഷാരൂഖ് ഖാന്‍റെ ഭാര്യയും ഇന്‍റീരിയര്‍ ഡിസൈനറുമായ ഗൗരി ഖാന് എതിരെ പൊലീസില്‍ പരാതി. ലഖ്നൌവിലുള്ള ഒരു ഫ്ലാറ്റിന്‍റെ വില്‍പ്പനയെച്ചൊല്ലി മുംബൈ സ്വദേശിയായ ജസ്വന്ത് സിംഗ് നല്‍കിയ പരാതി അനുസരിച്ച് ഗൌരിക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ലഖ്നൌവിലെ സുശാന്ത് ഗോള്‍ഫി സിറ്റിയിലുള്ള തുള്‍സിയാനി ഗോള്‍ഡ് വ്യൂ പാര്‍പ്പിട സമുച്ചയത്തിലെ ഒരു ഫ്ലാറ്റ് വാങ്ങുന്നതിനായി കരാര്‍ പ്രകാരം 86 ലക്ഷം നല്‍കിയിട്ടും തനിക്ക് ഉടമസ്ഥാവകാശം കൈമാറിയിട്ടില്ലെന്നാണ് പരാതി. 

ജസ്വന്ത് ഷായുടെ പരാതിയിന്മേല്‍ ഫ്ലാറ്റ് നിര്‍മ്മാതാക്കളായ തുള്‍സിയാനി കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ എംഡി അനില്‍ കുമാര്‍, ഡയറക്ടര്‍ മഹേഷ് തുള്‍സിയാനി എന്നിവര്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് ഗൌരി ഖാന്‍. ബ്രാന്‍ഡ് അംബാസിഡറാല്‍ സ്വാധീനിക്കപ്പെട്ടാണ് താന്‍ പാര്‍പ്പിടം വാങ്ങാന്‍ തീരുമാനമെടുത്തതെന്ന് ജസ്വന്ത് ഷായുടെ പരാതിയില്‍ പറയുന്നു. ഐപിസി സെക്ഷന്‍ 409 പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. 

ഫാഷന്‍ ഡിസൈനര്‍, ഇന്‍റീരിയര്‍ ഡിസൈനര്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ഗൌരി ഖാന്‍. മുകേഷ് അംബാനി, റോബര്‍ട്ടോ കാവല്ലി, റാല്‍ഫ് ലൌറെന്‍ എന്നിവര്‍ക്കൊപ്പം ബോളിവുഡിലെ പല പ്രശസ്തരുടെയും വാസസ്ഥലങ്ങളുടെ ഇന്‍റീരിയര്‍ ഡിസൈനിംഗ് നിര്‍വ്വഹിച്ചിട്ടുണ്ട് ഗൌരി. 

അതേസമയം ഷാരൂഖ് ഖാന്‍റെ ഏറ്റവും പുതിയ റിലീസ് പഠാന്‍ വന്‍ വിജയമാണ്. നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന്‍ നായകനായി തിരിച്ചെത്തിയ ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം 500 കോടി നേടിയിട്ടുണ്ട്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെയുള്ള നേട്ടം 1000 കോടി ആണ്. 1000 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന അഞ്ചാമത്തെ ഹിന്ദി ചിത്രമാണ് പഠാന്‍.

ALSO READ : 'ജയിലില്‍' ഏറ്റുമുട്ടാന്‍ മോഹന്‍ലാലും രജനിയും? നെല്‍സണ്‍ ഒരുക്കുന്നത് മാസ് ഫൈറ്റ് സീന്‍ എന്ന് റിപ്പോര്‍ട്ട്