ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല. പരമ്പരാഗത രീതിയിൽ പാട്ട് ചൊല്ലിക്കൊടുത്ത ഗുരുവില്ല. സംഗീതപാരമ്പര്യവുമില്ല. എന്നിട്ടും ആ സുന്ദരശബ്ദം പാട്ടിന്‍റെ പുഴയായി ആസ്വാദകരുടെ കാതുകളിൽ ഒഴുകിയെത്തി. 

സ്പി ബാലസുബ്രഹ്മണ്യം(s p balasubrahmanyam) ഇല്ലാത്ത ഒരു വര്‍ഷം. 2020 സെപ്റ്റംബർ 25നായിരുന്നു സം​ഗീത ലോകത്തെ കണ്ണീരിലാഴ്ത്തി എസ്പിബി എന്ന വിസ്മയം കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ആ മഹാത്മാവിന്റെ വിയോ​ഗം ഇന്നും ഒരു തീരാനഷ്ടമായി നിൽക്കുകയാണ്. ഇത്രമേല്‍ സംഗീതാസ്വാദകരുടെ ഹൃദയത്തോട് ചേർന്നു നിന്ന എസ്പിബി(spb) എന്ന ആ മൂന്നക്ഷരത്തെ ഇന്ത്യൻ സംഗീതലോകം ഒരിക്കലും മറക്കില്ല.

ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല. പരമ്പരാഗത രീതിയിൽ പാട്ട് ചൊല്ലിക്കൊടുത്ത ഗുരുവില്ല. സംഗീതപാരമ്പര്യവുമില്ല. എന്നിട്ടും ആ സുന്ദരശബ്ദം പാട്ടിന്‍റെ പുഴയായി ആസ്വാദകരുടെ കാതുകളിൽ ഒഴുകിയെത്തി. ഒരുപക്ഷേ അദ്ദേഹത്തെ പോലെ ലോകമെമ്പാടുമുള്ള ജന മനസ്സുകളിൽ കുടിയേറിയ മറ്റൊരു ​ഗായകനുണ്ടോ എന്നത് സംശയമാണ്. ആദ്യം തെലുങ്കിലും പിന്നെ മൊഴിമാറ്റി മലയാളത്തിലുമിറങ്ങിയ ശങ്കരാഭരണമാണ് എസ്പിബിയെ ഇത്രമേല്‍ സംഗീതാസ്വാദകരുടെ ഹൃദയത്തോട് ചേത്തുനിര്‍ത്തിയത്.

സിനിമാ പിന്നണി ഗായകനായി മാത്രമല്ല, നടന്‍,സംഗീത സംവിധായകന്‍, സിനിമാ നിര്‍മ്മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നിരവധി രംഗങ്ങളിൽ തിളങ്ങി എസ്പിബി. പാട്ടുകളുടെ റെക്കോഡ് പെരുമഴയാണ് എസ്പിബിയുടെ പേരിൽ. 16 ഭാഷകളിലായി നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു.

1946 ജൂണ്‍ 4-ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ശ്രീപതി പണ്ഡിതരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്പിബിയുടെ ജനനം. ചെറുപ്പകാലത്ത് നിരവധി സംഗീത മത്സരങ്ങളില്‍ മികച്ച ഗായകനായി. സിനിമാ പിന്നണി ഗാനരംഗത്തേക്കുളള അരങ്ങേറ്റം 1966-ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു. എം.ജി.ആര്‍ നായകനായ അടിമൈപ്പെണ്‍ എന്ന ചിത്രത്തിലെ ഗാനമാണ് എസ്പിബിയുടെ തമിഴിലെ ആദ്യ ഹിറ്റുഗാനം. ഹിന്ദിയിലെ അരങ്ങേറ്റം ആര്‍.ഡി.ബര്‍മന്‍ ഈണമിട്ട പഞ്ചാം എന്ന ചിത്രത്തിലെ ഗാനത്തിലൂടെയായിരുന്നു. 

മലയാളവും എസ്പിബിയും

എസ്പിബി ആദ്യമായി മലയാളത്തിലേക്കെത്തുന്നത് ജി.ദേവരാജന്‍ മാഷിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു. 1969-ല്‍ പുറത്തിറങ്ങിയ കടല്‍പ്പാലം(kadalppalam) എന്ന ചിത്രത്തില്‍ വയലാര്‍ എഴുതി ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട ഈ കടലും മറുകടലും എന്ന അതിമനോഹരമായ മെലഡി പാടിക്കൊണ്ട് എസ് പി ബാലസുബ്രഹ്മണ്യം മലയാളത്തില്‍ പുതിയൊരു യുഗത്തിന് വഴിതെളിച്ചു. പിന്നീട് തന്റെ സ്വരശുദ്ധമായ ശബ്ദത്തിൽ ഒട്ടേറെ ​ഗാനങ്ങൾ മലയാളികളുടെ മനസ്സിൽ കോറിയിട്ടു ഈ പ്രതിഭ. ആര്‍.കെ ശേഖറിന്റെ 'നീല സാഗര തീരം' എന്ന തന്റെ രണ്ടാം ഗാനത്തിലൂടെയാണ് എസ്പിബി മലയാളത്തില്‍ സ്ഥാനമുറപ്പിച്ചത്.

YouTube video player

പിന്നീട് 1973-ല്‍ കെ രാഘവന്‍ മാഷിനുവേണ്ടി കവിത എന്ന ചിത്രത്തിലും അ​ദ്ദേഹം പാടി. ശേഷം മറ്റു ഭാഷകളുടെ തിരക്കുകളിലേക്ക് കടന്ന അദ്ദേഹം, നാലു വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് ശക്തമായി തിരിച്ചുവരവ് നടത്തി. ചിലങ്ക എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്. അന്ന് മുതൽ ‌മലയാളത്തിലും എസ്പിബി എന്ന ബ്രാന്‍ഡ് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുകയായിരുന്നു. 

റാംജി റാവു സ്പീക്കിങ്ങിലെ കളിക്കളം ഇത് കളിക്കളം, കിലുക്കത്തിലെ ഊട്ടിപ്പട്ടണം, ഗാന്ധര്‍വത്തിലെ നെഞ്ചില്‍ കഞ്ചബാണം, ഡാര്‍ലിങ് ഡാര്‍ലിങ്ങിലെ ഡാര്‍ലിങ് ഡാര്‍ലിങ്, ദോസ്തിലെ വാനം പോലെ വാനം മാത്രം, സി.ഐ.ഡി മൂസയിലെ മേനെ പ്യാര്‍ കിയാ തുടങ്ങിയ പാട്ടുകള്‍ എസ്പിബിയുടെ ഫാസ്റ്റ് നമ്പര്‍ പാട്ടുകളിലുള്ള കഴിവ് തെളിയിച്ചു. എന്നാൽ അടിപൊളപ്പാട്ടുകൾ മാത്രമല്ല കരളലിയിപ്പിക്കുന്ന ഭാവത്തില്‍ പ്രണയം തുടിക്കുന്ന സംഗീതത്തില്‍ നിരവധി മെലഡികളെയും മലയാളികള്‍ക്ക് വേണ്ടി അദ്ദേഹം സമ്മാനിച്ചു. ഗീതാഞ്ജലിയിലെ ഓ പ്രിയേ പ്രിയേ, അനശ്വരത്തിലെ താരാപഥം ചേതോഹരം തുടങ്ങിയ ഗാനങ്ങള്‍ മലയാളിയ്ക്ക് ഒരുകാലത്തും മറക്കാനാകില്ല.

എസ് പി ബാലസുബ്രഹ്മണ്യം അവസാനമായി മലയാളത്തില്‍ പാടിയത് 2018-ല്‍ പുറത്തിറങ്ങിയ കിണര്‍ എന്ന ചിത്രത്തിലാണ്. എം. ജയചന്ദ്രന്റെ സംഗീതത്തില്‍ വിരിഞ്ഞ അയ്യാ സാമി എന്ന ഗാനത്തില്‍ അദ്ദേഹത്തോടൊപ്പം പാടിയത് യേശുദാസായിരുന്നു. ഇരുവരും പാട്ടുരംഗത്ത് അഭിനയിച്ചിട്ടുമുണ്ട്. ഒരുപക്ഷേ മലയാളികളില്‍ പലരും ബിഗ് സ്‌ക്രീനില്‍ അദ്ദേഹത്തെ അവസാനമായി കണ്ടതും ഈ ഗാനത്തിലൂടെ തന്നെയാകണം.

YouTube video player

1979-ല്‍ ശങ്കരാഭരണം എന്ന ചിത്രത്തിലെ ഗാനത്തിന് ആദ്യ ദേശീയ അവാര്‍ഡ് എസ്പിബിക്ക് ലഭിച്ചു. പിന്നീട് 5 തവണ കൂടി രാജ്യത്തെ മികച്ച ഗായകനുളള പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. യേശുദാസിനുശേഷം ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ ഗായകന്‍ എന്ന ബഹുമതി എസ്പിബിയ്ക്ക് അവകാശപ്പെട്ടതാണ്. മികച്ച ഗായകന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിലായി ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ അവാര്‍ഡ് ഇരുപതിലേറെ തവണ ലഭിച്ചു. മികച്ച ഗായകനുളള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ നന്തി അവാര്‍ഡ് 24 തവണ ലഭിച്ചു. മികച്ച ഗായകനുളള കര്‍ണാടക സര്‍ക്കാരിന്‍റെ പുരസ്കാരം 3 വട്ടം ലഭിച്ചു. 4 വട്ടം തമിഴ്നാട്ടിലെ മികച്ച ഗായകനുളള സംസ്ഥാന പുരസ്കാരം നേടി. ഫിലിംഫെയര്‍ പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ വേറെയും ലഭിച്ചു.

നാല് ഭാഷകളിലായി അമ്പതോളം സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു അദ്ദേഹം. കെ.ബാലചന്ദറിന്‍റെ മനതില്‍ ഉറുതി വേണ്ടും എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തെലുങ്ക്, തമിഴ്,കന്നഡ ഭാഷകളിലായി എഴുപതില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചു. തിരുടാ തിരുടാ, കാതലന്‍ അടക്കം തമിഴില്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ചു. 

ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകനെന്ന ബഹുമതിയും എസ്.പി.ബിക്ക് സ്വന്തമാണ്. 2001-ല്‍ പത്മശ്രീയും 2011-ല്‍ പത്മഭൂഷണും നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു. 72-ാം റിപ്പബ്ലിക് ദിനത്തിൽ എസ്പിബിയെ പത്മവിഭൂഷണ്‍ നൽകി രാജ്യം ആദരിച്ചു. അതുല്യകലാകാരന്റെ ഓർമ്മകൾക്ക്(death anniversary) ഇന്ന് ഒരാണ്ട് തികയുമ്പോൾ അദ്ദേഹത്തിന്റെ ​ഗാനങ്ങൾക്ക് മുമ്പിൽ, അതിനെക്കാൾ ഉപരി അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ സം​ഗീതലോകം നമസ്കരിക്കുകയാണ്.