ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‍ട്രൈക്ക് പ്രമേയമാക്കി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ  പ്രേക്ഷകഹൃദയത്തില്‍ ഇടംനേടിയ  നടനാണ് വിക്കി കൌശല്‍. ഇന്ത്യയുടെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍ ആയ സാം മനേക് ഷാ ആയാണ് വിക്കി കൌശാല്‍ പുതിയതായി അഭിനയിക്കുന്നത്. ചിത്രത്തിലെ  വിക്കി കൌശലിന്റെ ഗെറ്റപ്പ് പുറത്തുവിട്ടു. അതിഗംഭീര മേയ്‍ക്കോവറിലാണ് ചിത്രത്തില്‍ വിക്കി കൌശല്‍ എത്തുന്നത്.

ചിത്രത്തിലെ ലുക്ക് വിക്കി കൌശല്‍ തന്നെയായിരുന്നു സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിട്ടത്. ധീരനായ രാജ്യസ്നേഹി, സാഹസികനായ ജനറല്‍, അതിലുപരി ഇന്ത്യയുടെ ആദ്യ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷാ എന്നാണ് വിക്കി കൌശല്‍ എഴുതിയിരിക്കുന്നത്. മേഘ്ന ഗുല്‍സാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭവാനി അയ്യര്‍, ശന്തനു ശ്രീവാസ്‍തവ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്.

ഇന്ത്യയുടെ എക്കാലത്തെയും തന്ത്രശാലിയായ സൈനികനായി അറിയപ്പെടുന്ന ആളാണ് മനേക് ഷാ. 1971ലെ യുദ്ധത്തില്‍ പക്കിസ്ഥാനെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് മനേക് ഷായാണ്. 1973ല്‍ രാജ്യം ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‍കി ആദരിച്ചു. മനേക് ഷായ്‍ക്ക് പുറമേ, ഇന്ത്യയുടെ കരസേന മേധാവിയായ കെ എം കരിയപ്പയ്‍ക്ക് മാത്രമാണ് ഫീല്‍ഡ് മാര്‍ഷല്‍ പദവിയുള്ളത്.