ആരാധകരുടെ നിരന്തര ചോദ്യങ്ങള്‍ക്കുള്ള മറുപടി
ഭാഷാഭേദമന്യെ ഇന്ത്യയിലെ സിനിമാപ്രേമികള്‍ മുഴുവന്‍ ഒരു സംവിധായകന്‍റെ അടുത്ത ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കില്‍ അത് എസ് എസ് രാജമൗലിയെക്കുറിച്ച് ആയിരിക്കും. ബാഹുബലി സൃഷ്ടിച്ച സ്വാധീനം അത്രത്തോളമാണ്. 2022 ല്‍ പുറത്തെത്തിയ ആര്‍ആര്‍ആര്‍ ആണ് രാജമൗലിയുടേതായി അവസാനം പുറത്തെത്തിയ ചിത്രം. എന്നാല്‍ കരിയറിലെ ഏറ്റവും വലിയ കാന്‍വാസിന്‍റെ പണിപ്പുരയിലാണ് ഏറെ നാളായി അദ്ദേഹം. മഹേഷ് ബാബു നായകനാവുന്ന ചിത്രത്തിന്‍റെ ബജറ്റ് 1000 കോടിയാണ്. എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് അധികം വിവരങ്ങളൊന്നും പുറത്തുപോകാതെ രാജമൗലിയും സംഘവും ശ്രദ്ധിക്കുന്നുണ്ട്. എന്നിട്ടും ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രീകരണ വീഡിയോ ലീക്ക് ആയിരുന്നു. അതിന് ശേഷം ചിത്രീകരണ സ്ഥലത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട് രാജമൗലിയും സംഘവും. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് ഒരു പ്രധാന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.
ചിത്രത്തിന്‍റെ ഫസ്റ്റ് റിവീല്‍ സംബന്ധിച്ചാണ് അത്. ചിത്രത്തിന്‍റെ ഒഫിഷ്യല്‍ അപ്ഡേറ്റുകളും ഫസ്റ്റ് ലുക്കുമൊക്കെ ചോദിച്ച് മഹേഷ് ബാബു ആരാധകര്‍ സ്ഥിരമായി സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. അവരോടുള്ള പ്രതികരണം കൂടി ചേര്‍ത്താണ് രാജമൗലി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തങ്ങള്‍ സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ട് കുറച്ചായെന്നും കഥയും സാധ്യതയുമൊക്കെ വളരെ വിശാലമായതിനാല്‍ കുറച്ച് ചിത്രങ്ങള്‍ കൊണ്ടോ വാര്‍ത്താ സമ്മേളനങ്ങള്‍ കൊണ്ടോ ഒന്നും അതേക്കുറിച്ച് തൃപ്തികരമായി പറയാനാവില്ലെന്നും രാജമൗലി കുറിച്ചു. “ചിത്രത്തിന്‍റെ ആഴവും സത്തയുമൊക്കെ പങ്കുവെക്കുന്ന, സൃഷ്ടിക്കുന്ന ലോകത്തെക്കുറിച്ച് പറയുന്ന ഒന്നിനുവേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഞങ്ങള്‍. അത് 2025 നവംബറില്‍ പുറത്തെത്തും”. അത് ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു റിവീല്‍ ആയിരിക്കുമെന്നും എസ് എസ് രാജമൗലി കുറിച്ചു. ഒരു പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം എത്തിയിരിക്കുന്നത്.
മഹേഷ് ബാബു കഴിഞ്ഞാല്‍ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് സുകുമാരന്‍ ആണ്. ചിത്രം ഒരു ആഫ്രിക്കന്‍ ജംഗിള്‍ അഡ്വഞ്ചര്‍ ആണെന്നാണ് വിവരം. അതിനാല്‍ത്തന്നെ നാം നിത്യജീവിതത്തില്‍ കാണുന്നതരം കഥാപാത്രങ്ങള്‍ ആയിരിക്കില്ല ചിത്രത്തിലേത്. കഥാപാത്രങ്ങള്‍ക്ക് തനതായ രൂപഭാവങ്ങളും പ്രകടനത്തില്‍ സവിശേഷതകളുമൊക്കെ കൊണ്ടുവരാറുള്ള സംവിധായകനാണ് അദ്ദേഹം. പുതിയ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍റെ ഭാഗമായി അഭിനേതാക്കള്‍ക്കുള്ള വര്‍ക്ക്ഷോപ്പ് നയിക്കാനായി രൗജമൗലി ഒരു പ്രമുഖ നടനെ ക്ഷണിച്ചതായി നേരത്തെ തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

