നടൻ പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയത് നെറികേടാണെന്ന് നടൻ ഇന്ദ്രൻസ്. 

നടന്‍ പ്രേംകുമാറിനോട് മുന്‍ സര്‍ക്കാര്‍ കാട്ടിയത് നെറികേടെന്ന് ഇന്ദ്രന്‍സ്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയതിനെ സംബന്ധിച്ച ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് തന്‍റെ അഭിപ്രായം പങ്കുവെക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയത് സംബന്ധിച്ച ചോദ്യത്തിന് ഇന്ദ്രന്‍സിന്‍റെ പ്രതികരണം ഇങ്ങനെ- “സങ്കടം തോന്നി. എനിക്ക് മാത്രമല്ല, ഒരുപാട് പേര്‍ക്ക് അത് തോന്നി. നെറികേട് ആയിരുന്നു അത്. പറഞ്ഞാല്‍ ഇറങ്ങി പോകാത്ത ആളൊന്നുമല്ല അയാള്‍. പറഞ്ഞ് അന്തസ്സായി അയാളെ യാത്ര അയക്കാമായിരുന്നു. നാളെ മുതല്‍ വരണ്ട എന്ന് പറഞ്ഞിരുന്നെങ്കിലും പേനയോ പുസ്തകമോ വല്ലതും അവിടെ ഇരിപ്പുണ്ടായിരുന്നെങ്കില്‍ അതുമെടുത്ത് അയാള്‍ സ്വസ്ഥമായി പോയേനെ. ചിലരുടെയൊക്കെ ഇഷ്ടക്കാര്‍ കയറി കടന്നുകൂടുമല്ലോ. യോഗ്യതയില്ലാത്തവര്‍ അങ്ങനെ കടന്നുകൂടും. ഇവിടുത്തെ ഫിലിം ഫെസ്റ്റിവല്‍, അതിലെ സിനിമകളുടെ തെരഞ്ഞെടുപ്പ്, അവാര്‍ഡ് നല്‍കല്‍ ഇതിലൊക്കെ ഞാന്‍ ഒരുപാട് അഭിമാനം കൊണ്ടിരുന്നു. ഗോവ ഫെസ്റ്റിവലിനൊക്കെ പോകുമ്പോള്‍ പലരും അത് പറഞ്ഞുകേട്ടിട്ടുമുണ്ട്. അവിടെയാണ് ഇന്ന് ഇത് കാണുന്നത് എന്നത് ഒരു സങ്കടം. അതിനുവേണ്ടി ഒരു ഭരണ സംവിധാനം കൂടെയുണ്ട്. ചുമ്മാതെ വിട്ടുകളയുന്ന ഒരു വകുപ്പല്ല ഇത്”, ഇന്ദ്രന്‍സിന്‍റെ വാക്കുകള്‍.

സഹപ്രവര്‍ത്തകരോട് യാത്ര പറയാന്‍ പോലും അവസരം നല്‍കാതെയാണ് അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കിയതെന്ന് പ്രേംകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. “മാസം 10,000 രൂപ ഓണറേറിയം കൈപ്പറ്റിയാണ് ഒരു സിനിമ പോലും ചെയ്യാകെ പൂര്‍ണസമയം ഇതിനുവേണ്ടി പ്രവര്‍ത്തിക്കുകയും എല്ലാ കാര്യങ്ങളിലും കൂടെനിന്ന് പ്രവര്‍ത്തിക്കുകയും ചെയ്തത്. അത്രയും അര്‍പ്പണബോധത്തോടുകൂടി ചെയ്ത പ്രവര്‍ത്തി ആയിരുന്നു. അവിടെനിന്ന് പറഞ്ഞുവിടുമ്പോള്‍ അതിനൊരു മാന്യത ഉണ്ടാവണം. അതൊരു സാധാരണ മനുഷ്യന്‍റെ വികാരമാണ്”, പ്രേംകുമാര്‍ പറഞ്ഞിരുന്നു.

ആശ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ചതിന്‍റെ പേരിലാണ് പ്രേംകുമാറിനെ സ്ഥാനത്തുനിന്ന് നീക്കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രേംകുമാറിന്‍റെ നിലപാടുകളുടെയോ അഭിപ്രായ പ്രകടനങ്ങളുടെയോ പേരിലല്ല തീരുമാനം ഉണ്ടായതെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചിരുന്നു. ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് പ്രേംകുമാറിന് ശേഷം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തിയത്. എന്നാല്‍ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന് പിന്നാലെ റസൂല്‍ പൂക്കുട്ടി സ്ഥാനത്തുനിന്ന് രാജി വച്ചിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming