ചില സ്വാർത്ഥതാത്പര്യക്കാർ അതിൽ ഇടപെട്ടു. അമ്മയിലെ വരവ് ചെലവ് കണക്കുകളിൽ ആകെ കള്ളക്കളിയെന്നും ശ്വേത ചൂണ്ടിക്കാട്ടി.

കൊച്ചി: ആരുടെയും കൈയിലെ പാവയാകാന്‍ തയ്യാറല്ലാത്തതിനാലാണ് താരസംഘടന വിട്ടതെന്ന് ആവര്‍ത്തിച്ച് ശ്വേതാ മേനോന്‍. അമ്മയുടെ തലപ്പത്ത് എത്തും മുന്‍പ് തന്നെ തനിക്കെതിരെ നീചമായ വ്യക്തിഹത്യ തുടങ്ങിയിരുന്നു. കഴിഞ്ഞ രണ്ട് ഭരണസമിതികളുടെയും കാലത്തെ കണക്കുകളില്‍ ഫൊറന്‍സിക് ഓഡിറ്റ് നടത്തണമെന്ന ആവശ്യവും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ശ്വേത മുന്നോട്ടുവച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതി ഇല്ലാതെ കുടുംബമേളയ്ക്കായി വന്‍തുക ചെലവിട്ടത് ചോദ്യം ചെയ്തതാകാം തനിക്കെതിരായ അച്ചടക്ക നടപടിക്ക് കാരണമെന്ന് മുന്‍ ട്രഷറര്‍ ഉണ്ണിശിവപാല്‍ ആരോപിച്ചു.

അമ്മ എക്സിക്യൂട്ടിവില്‍ നിന്ന് ഇട്ടെറിഞ്ഞ് ഇറങ്ങിപ്പോയ ശ്വേതാമേനോന്‍ തുറന്നുപറച്ചില്‍ തുടരുകയാണ്. അമ്മ പ്രസി‍ഡന്‍റ് സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ തുടങ്ങിയ വ്യക്തിഹത്യശ്രമങ്ങള്‍ താന്‍ സഹിച്ചു. എന്നിട്ടും ജയിച്ചു. കഴിവുകള്‍ പരമാവധി സംഘടനക്ക് വേണ്ടി വിനിയോഗിച്ചു. അതിനിടെ ചിലര്‍ കഴുത്തിന് പിടിച്ചു. മുന്‍ ഭാരവാഹികള്‍ ചെയ്ത തെറ്റായ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പോലും അവസരം നല്‍കിയില്ല. അമ്മയുടെ വരവ് ചെലവ് കണക്കുകളില്‍ കള്ളക്കളിയെന്നും സൂചിപ്പിക്കുന്നു മുന്‍ പ്രസിഡന്‍റ്. രണ്ട് ഭരണ സമിതിയുടെയും കണക്കുകള്‍ സമഗ്രമായി പരിശോധിക്കണം. ശാസ്ത്രീയ ഓഡിറ്റ് നടത്തണം.

മറ്റൊന്ന് കൂടി സമൂഹമാധ്യമ പോസ്റ്റിലൂടെ ശ്വേത വ്യക്തമാക്കുന്നു. താന്‍ സംഘിയോ കമ്മ്യൂണിസ്റ്റുകാരിയോ അല്ല. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്‍റെയും കേരളത്തിലെ മുന്‍ ഇടത് സര്‍ക്കാരിന്‍റെയോ പരിപാടികളില്‍ പങ്കെടുത്തിട്ടില്ല. സംഘടനയുടെ സ്വതന്ത്രവും വ്യക്തിപരവുമായി നിലപാട് സംരക്ഷിക്കാനാണ് താന്‍ രാജി വച്ചതെന്ന് ചൂണ്ടിക്കാട്ടിയ ശ്വേത കഥകളിനിയും തുടരുമെന്ന് മുന്നറിയിപ്പ് നല്‍കി. 

അതിനിടെ അനുമതി ഇല്ലാതെ കുടുംബമേളയ്ക്കായി വന്‍തുക ചെലവിട്ടത് ചോദ്യം ചെയ്തതാകാം തനിക്കെതിരായ അച്ചടക്ക നടപടിക്ക് കാരണമെന്ന് മുന്‍ ട്രഷറര്‍ ഉണ്ണിശിവപാല്‍ ആരോപിച്ചു. തന്നെ സ്ഥാപനത്തുനിന്ന് മാറ്റിയത് അറിഞ്ഞില്ലെന്ന ശ്വേതയുടെ വാദം പച്ചകള്ളമെന്നും അമ്മയില്‍ പ്രസിഡന്‍റും സെക്രട്ടറിയും ട്രഷററും മാത്രമടങ്ങിയ വാട്ട്സപ്പ് ഗ്രൂപ്പില്‍ പോലും തമ്മില്‍ തല്ലും ഇറങ്ങിപ്പോക്കും പതിവായിരുന്നുവെന്നും ഉണ്ണി തുറന്നുപറഞ്ഞു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming