സോനം കപൂര്‍ നായികയായി 2016ല്‍ പ്രദര്‍ശനത്തിന് എത്തിയ സിനിമയാണ് നീര്‍ജ. രാം മധ്വാനി സംവിധാനം ചെയ്‍ത സിനിമ നാല് വര്‍ഷം പിന്നിടുമ്പോള്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സോനം കപൂര്‍.

കഥാപാത്രമായ കാലത്തെ ഓര്‍മ്മകളാണ് സോനം കപൂര്‍ പറയുന്നത്.  പാൻ എഎം ഫ്ലൈറ്റ് 73ല്‍ നിന്ന് 359 പേരെ സ്വന്തം ജീവൻ വകവയ്‍ക്കാതെ രക്ഷപ്പെടുത്താൻ ശ്രമിച്ച മുംബൈക്കാരിയായ നീര്‍ജയായി അഭിനയിക്കുമ്പോള്‍ അത് ഒരു വെല്ലുവിളി മാത്രമായിരുന്നില്ല, വലിയൊരു ആദരവ് കൂടിയായിരുന്നുവെന്ന് സോനം കപൂര്‍ പറയുന്നു. സിനിമ നാല് വര്‍ഷം പിന്നിടുമ്പോള്‍ നീര്‍ജ എന്ന യുവതിയുടെ ധൈര്യവും ഓര്‍ക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ധീരതയുടേതും, കരുത്തിന്റെയും, രാജ്യത്തോടുള്ള ത്യാഗത്തിന്റെയും യഥാര്‍ഥ പ്രതീകമാണ് അവര്‍. എല്ലാവര്‍ക്കും പ്രചോദനമായി അവര്‍ തുടരും- സോനം കപൂര്‍ പറയുന്നു. പാൻ എഎം ഫ്ലൈറ്റ് 73 എന്ന വിമാനത്തിലെ സീനിയര്‍ ഉദ്യോഗസ്ഥയായ നീര്‍ജയുടെ ജീവിതകഥയായിരുന്നു സിനിമ പറഞ്ഞത്. പാൻ എഎം ഫ്ലൈറ്റ് 73 മുംബയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുന്നതിനിടെ കറാച്ചിയിലെ ജിന്ന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങി. അബു നിദാല്‍ എന്ന തീവ്രവാദ സംഘടന വിമാനം റാഞ്ചി.  തീവ്രവാദികള്‍ ആയുധം പ്രയോഗിക്കാൻ തുടങ്ങിയപ്പോള്‍ നീര്‍ജ എമര്‍ജൻസി വാതില്‍ തുറക്കുകയും കുറെ യാത്രക്കാരെ പുറത്തുകടക്കാൻ സഹായിക്കുകയും ചെയ്‍തു. പക്ഷേ അതിനിടെ വെടിയുണ്ടകളേറ്റ് നീര്‍ജയെന്ന ഇരുപത്തിരണ്ടുകാരി മരണത്തിനു മുന്നില്‍ കീഴടങ്ങി. നീര്‍ജയുടെ ധീരതയ്‍ക്ക് ഇന്ത്യയുടെ സിവിലിയൻ ബഹുമതിയായ  അശോകചക്ര നല്‍കി രാജ്യം ആദരിച്ചിരുന്നു.