യാഥാർത്ഥ ലൊക്കേഷനുകളിൽ ചിത്രീകരിച്ചതിനാൽ അതിന്റെ ദൃശ്യവിശാലതയും യാഥാർത്ഥ്യബോധവും ഊട്ടിയുറപ്പിക്കുന്നു.
തിരുവനന്തപുരം: തുർക്കി സംവിധായകൻ എർക്കാൻ യാസുജിയുടെ ഉദ്വേഗം നിറഞ്ഞ സർവൈവൽ ഡ്രാമ ഫ്രാഗ്മെൻറ്‌സ് ഫ്രം ദി ഈസ്റ്റിന് 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യ ദിനം മികച്ച പ്രേക്ഷക പ്രതികരണം. ശ്രീ തിയറ്ററിൽ രാവിലെ 10.15 നായിരുന്നു പ്രദർശനം.
2,700 മീറ്റർ ഉയരത്തിലുള്ള കടുത്ത ശൈത്യവും ചെന്നായകൾ സഞ്ചരിക്കുന്ന അപകടഭൂമിയുമായ തുർക്കിയിലെ സാഹചര്യങ്ങളിൽ ചിത്രീകരിച്ച ഈ 131 മിനിറ്റ് ദൈർഘ്യമുള്ള സിനിമ മനുഷ്യമനസ്സിന്റെ ചെറുത്തുനിൽപ്പിന്റെ പച്ചയായ അവതരണവും മനോഹരമായ ദൃശ്യങ്ങളും കൊണ്ട് കയ്യടി നേടി.
ഗുൾദെസ്താൻ യൂസും തുർഗായ് അറ്റാലയും പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രം യുദ്ധത്തിൽ നിന്ന് രക്ഷപെട്ടോടുന്ന ഒരു സ്ത്രീയും ഒളിവിൽ കഴിയുന്ന ഒരു റഷ്യൻ ജനറലും മഞ്ഞു മൂടിയ അപകടകരമായ പർവതങ്ങളിൽ കൂടി സഞ്ചരിക്കുന്ന കഥയാണ് പറയുന്നത്.
യാഥാർത്ഥ ലൊക്കേഷനുകളിൽ ചിത്രീകരിച്ചതിനാൽ അതിന്റെ ദൃശ്യവിശാലതയും യാഥാർത്ഥ്യബോധവും ഊട്ടിയുറപ്പിക്കുന്നു. ചലച്ചിത്രമല്ല, ഒരു യഥാർത്ഥ സംഭവമെന്ന പ്രതീതിയാണ് പടം കണ്ടിറങ്ങിയ പ്രേക്ഷകരിൽ ഉളവായത്.


