ഫ്രൈഡേ ഫിലിം ഹൗസ്  എക്സ്പിരിമെന്‍റസിന്‍റെ  ആദ്യ ചിത്രം  ജനമൈത്രി  ഈ മാസം 19തിന് തീയേറ്ററിലെത്തും

ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പിരിമെന്‍റസിന്‍റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ജനമൈത്രി ഈ മാസം 19തിന് തീയേറ്ററിലെത്തും. ഇന്ദ്രന്‍സ്, വിജയ് ബാബു, സിദ്ധാര്‍ത്ഥ് ശിവ, സൂരജ്, അനീഷ് ഗോപാല്‍, പ്രശാന്ത് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ജോണ്‍ മന്ത്രിക്കലാണ്. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിനൊപ്പം ആന്‍ മരിയ കലിപ്പിലാണ്, അലമാര, എന്നീ ചിത്രങ്ങള്‍ക്കായി തിരക്കഥയൊരുക്കി ശ്രദ്ധേയനായ ആളാണ് ജോണ്‍ മന്ത്രിക്കല്‍.

അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളായ കേസുകളിൽ ജനമൈത്രി പൊലീസ് ഹിന്ദി പറയാൻ നടത്തുന്ന പരിശ്രമം. ഹൈവേകളിലെ പൊലീസുകാരുടെ കട്ടൻ കുടിപ്പിക്കല്‍ തുടങ്ങിയവയൊക്കെ സിനിമയിൽ വിഷയമാകുന്നുണ്ടെന്നാണ് ട്രെയിലർ കാണിച്ചുതരുന്നത്.

പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ വിജയ് ബാബു ആരംഭിച്ച ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പിരിമെന്‍റസിന്‍റെ ബാനറിലുള്ള ആദ്യ ചിത്രം കൂടിയാണ് ജനമൈത്രി. മനു മഞ്ജിത്ത് വരികളെഴുതുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് ഷാന്‍ റഹ്‍മാനാണ്.