മലയാള ചിത്രമായ ഫെമിനിച്ചി ഫാത്തിമ മുതല്‍ അനേകം സ്ത്രീ കേന്ദ്രീകൃത സിനിമകളാണ് 29-ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐഎഫ്എഫ്‌കെ 2024) പ്രദര്‍ശിപ്പിച്ച് കയ്യടി വാങ്ങിയത് 

തിരുവനന്തപുരം: സിഗ്നേച്ചര്‍ ഫിലിം, മുഖ്യാതിഥി, ലൈഫ്‌ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡ്, ജൂറി ചെയര്‍പേഴ്‌സണ്‍, സ്‌പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്, ഫെസ്റ്റിവല്‍ ക്യുറേറ്റര്‍... 29-ാം കേരള രാജ്യാന്തര ചലച്ചിത്ര മേള ഡിസംബര്‍ 13ന് തലസ്ഥാനനഗരിയായ തിരുവനന്തപുരത്ത് ആരംഭിച്ചതുതന്നെ ഐഎഫ്എഫ്‌കെയുടെ സ്ത്രീപക്ഷ നയം ഉയര്‍ത്തിപ്പിടിച്ചായിരുന്നു. ഐഎഫ്എഫ്‌കെ 2024ലെ മേളപ്പെരുക്കത്തില്‍ സ്ത്രീ സംവിധായകരുടെ 'ഫീമെയില്‍ ഗസ്സെ' എന്ന ചലച്ചിത്ര വിഭാഗവുമുണ്ടായിരുന്നു. ഇതിന് പുറമെ മറ്റനേകം സ്ത്രീ ചലച്ചിത്രപ്രവര്‍ത്തകരുടെ സിനിമകളും ഐഎഫ്എഫ്‌കെ 2024ല്‍ സ്ക്രീനിലെത്തി. കഥാതന്തുവില്‍ സ്ത്രീകേന്ദ്രീകൃതമായി പ്രേക്ഷരോട് സംവദിക്കുന്ന അനേകം സിനിമകളും എട്ട് ദിവസം നീണ്ട കേരള രാജ്യാന്തര ചലച്ചിത്രമേള 2024ല്‍ ഇടംപിടിച്ചു. 

ഐഎഫ്എഫ്‌കെ 2024ല്‍ രാജ്യാന്തര മത്സര വിഭാഗത്തില്‍ കേരളത്തില്‍ നിന്ന് ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു 'ഫെമിനിച്ചി ഫാത്തിമ'. ഇതടക്കം അനേകം ചലച്ചിത്രങ്ങളാണ് മേളയില്‍ സ്ത്രീകേന്ദ്രീകൃത സിനിമകളായുണ്ടായിരുന്നത്. അവയില്‍ ശ്രദ്ധിക്കപ്പെട്ട ചില സിനിമകളെ പരിചയപ്പെടാം.

1. ഫെമിനിച്ചി ഫാത്തിമ (സംവിധാനം- ഫാസില്‍ മുഹമ്മദ്, മലയാളം, 99 മിനിറ്റ്)

ഐഎഫ്എഫ്‌കെ 2024ല്‍ രാജ്യാന്തര മത്സര വിഭാഗത്തില്‍ മലയാള സിനിമയുടെ കരുത്തറിയിച്ച സിനിമകളിലൊന്നാണ് 'ഫെമിനിച്ചി ഫാത്തിമ'. വീട്ടിൽ തന്‍റെ ഇടം എത്രത്തോളമുണ്ടെന്ന് പോലുമറിയാതെ നിൽക്കുന്ന സ്ത്രീകളുടെ പ്രതിനിധിയാണ് ഫാത്തിമ. സ്ത്രീ പ്രതിസന്ധികളെ ദൈനംദിന ജീവിത സാഹചര്യങ്ങളിലൂടെ വ്യക്തമായും സരസമായും അവതരിപ്പിക്കുകയാണ് സിനിമ. വീട്ടമ്മയായ ഫാത്തിമ, ഒരു കിടക്കക്കൊണ്ടുണ്ടാകുന്ന കിടക്കപ്പൊറുതികൊണ്ട് 'ഫെമിനിച്ചി'യാവുകയാണ്. പൊന്നാനിയുടെ തീരദേശ മേഖലയിലാണ് കഥ പ്ലേസ് ചെയ്‍തിരിക്കുന്നത്. ഫാത്തിമയുടെ വിഷമങ്ങളെ നമ്മുടെ വീട്ടിലെ ഓരോ സ്ത്രീകളുടെയും വേദനകളായി ബന്ധിപ്പിക്കുന്നതില്‍ സിനിമ വിജയം കാണുന്നു.

Read more: ഫാത്തിമ 'ഫെമിനിച്ചി'യായത് ഇങ്ങനെ- റിവ്യൂ

2. ദി സബ്‌സ്റ്റന്‍സ് (സംവിധാനം- കൊരാലി ഫാര്‍ഗീറ്റ്, ഇംഗ്ലീഷ്, 140 മിനിറ്റ്

പ്രായം ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങളെ അടിസ്ഥാനപ്പെടുത്തി സമൂഹം ഒരാളെ മാറ്റി നിർത്തുന്നതും വിവേചനത്തിനിരയാക്കുന്നതും ചർച്ച ചെയ്യപ്പെടേണ്ടതും വിചാരണ ചെയ്യപ്പെടേണ്ടതുമാണ്. പൊതുബോധ ശരീര സൗന്ദര്യ സങ്കൽപ്പങ്ങളെ അടിസ്ഥാനമാക്കി കോടികൾ മൂലധനമൊഴുകുന്ന വിനോദ വ്യവസായത്തിലാണെങ്കിൽ ശരീരം പ്രധാന ഘടകമാണ്. ഇതോടെ വീണ്ടും ചുറുചുറുക്കാകാന്‍ ഒരു പൊടികൈ സ്വീകരിക്കുന്ന മുന്‍കാല നടിയുടെ കഥയാണ് 'ദി സബ്‌സ്റ്റന്‍സ്'. ബോഡി ഹൊറര്‍ ഴോണറില്‍ ഐഎഫ്എഫ്‌കെ പ്രേക്ഷകരെ നിശാഗന്ധിയിലെ വലിയ സ്ക്രീനില്‍ പിടിച്ചുലച്ച ഈ സിനിമ ഒരുക്കിയതും ഒരു വനിതയാണ്. 'ഫെസ്റ്റിവല്‍ ഫേവറൈറ്റ്' എന്ന ഗണത്തിലെ തെരഞ്ഞെടുപ്പിനെ സബ്‌സ്റ്റന്‍സ് സാധൂകരിച്ചു. 

Read more; ദ സബ്സ്റ്റൻസ്; രക്തവും മാംസവും ചിന്തുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾ- റിവ്യ

3. ലിന്‍ഡ‍ (സംവിധാനം- മരിയാന വെയ്ൻസ്റ്റൈൻ, സ്പാനിഷ്, 100 മിനിറ്റ്)

2024-ലെ ടൊറന്‍റോ, ബെർലിന്‍ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച 'ലിന്‍ഡ' എന്ന സ്പാനിഷ് സിനിമ, ഒരു സമ്പന്ന കുടുംബത്തിലെ ജോലിക്കാരിയായ ലിന്‍ഡയുടെ കഥ പറയുന്നു. മോഹം, അധികാരം, ബന്ധങ്ങൾ എന്നിവയെ പ്രമേയമാക്കി ഒരു സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കിയ ചിത്രം സാമൂഹിക വ്യവസ്ഥകളുടെ അസ്ഥിരത ചോദ്യം ചെയ്യുന്നു. ഐഎഫ്എഫ്കെയില്‍ രാജ്യാന്തര മത്സര വിഭാഗത്തിലാണ് ലിന്‍ഡ പ്രദര്‍ശിപ്പിച്ചത്. മരിയാന വെയ്ൻസ്റ്റൈൻ എന്ന സംവിധായികയുടെ ആദ്യ സിനിമ 29-ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഏറ്റവും കൂടുതല്‍ കയ്യടി വാങ്ങിയ ചിത്രങ്ങളിലൊന്നായി. 

Read more: മോഹങ്ങളും അധികാരവും ബന്ധങ്ങളും കൂടിക്കലര്‍ന്ന ലിന്‍ഡ - റിവ്യൂ

4. അനോറ (സംവിധാനം- സീന്‍ ബേക്കര്‍, ഇംഗ്ലീഷ് 139 മിനിറ്റ്)

സീൻ ബേക്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'അനോറ'. ഫെസ്റ്റിവല്‍ ഫൈവറൈറ്റ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റില്‍ പാം ഡി ഓർ പുരസ്‌കാരം നേടിയതാണ്. ഐഎഫ്എഫ്കെയിലും മികച്ച പ്രതികരണമാണ് ചിത്രം ഉണ്ടാക്കിയത്. ബ്രൂക്ലിനിൽ നിന്നുള്ള ലൈംഗിക തൊഴിലാളിയായ അനോറ എന്ന അനി മിഖീവ ഒരു റഷ്യൻ പ്രഭുവിന്‍റെ മകനായ വന്യ സഖറോവിനെ ഒരു ഡാന്‍സ് ബാറില്‍ വച്ച് കണ്ടുമുട്ടുന്നതോടെ അവളുടെ ജീവിതം ഒറ്റരാത്രിയില്‍ മാറി മറിയുന്നു. അനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കി മാഡിസണിന്‍റെ പ്രകടനമാണ് ചിത്രത്തിന്‍റെ കാതൽ. ആ റോളിന് നല്‍കേണ്ട ആഴവും സങ്കീർണ്ണതയും അവര്‍ ഗംഭീരമായി അവതരിപ്പിക്കുന്നുണ്ട്. 

Read more: അനോറ: ഒരു മസ്മരിക സിനിമ അനുഭവം - റിവ്യൂ

5. മി മറിയം, ദ ചില്‍ഡ്രൻ ആൻഡ് അദേഴ്സ് (സംവിധാനം- ഫെഡ്രോ ഫ്രേറ, പോര്‍ച്ചുഗീസ്, 101 മിനുറ്റ്)

ഐഎഫ്എഫ്കെ 2024ല്‍ രാജ്യാന്തര മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമകളിലൊന്നാണ് 'മി മറിയം, ദ ചില്‍ഡ്രൻ ആൻഡ് അദേഴ്സ്'. ഒരു മുപ്പതുകാരിയുടെ വീടിന്‍റെയും ഓര്‍മകളുടെയും പശ്ചാത്തലത്തിലാണ് മി മറിയം, ദ ചില്‍ഡ്രൻ ആൻഡ് 26 അദേഴ്‌സ് സിനിമാക്കാഴ്‍ചയായിരിക്കുന്നത്. ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന യുവതിയാണ് മറിയം മഹബൊബ. മഹബൊബെ വീട് ഫര്‍ഷദ് ഹഷെമിയുടെ ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി വിട്ടുകൊടുക്കുകയാണ്. സിനിമാ ചിത്രീകരണം എങ്ങനെയാണ് മഹബൊബയുടെ ജീവിതത്തെ ബാധിക്കുന്നതെന്ന് ഇറാന്‍റെ രാഷ്‍ട്രീയ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടും ചര്‍ച്ച ചെയ്യുന്ന സിനിമയാണ് മി മറിയം, ദ ചില്‍ഡ്രൻ ആൻഡ് അദേഴ്‍സ്.

Read more: 'ഏകാന്തതയുടെ നിശ്ചലതയില്‍ നിന്നും ചലനാത്മകമാകേണ്ടുന്ന ജീവിതം'- റിവ്യ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം