Asianet News MalayalamAsianet News Malayalam

'നടക്കുമ്പോഴുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷൂട്ടിംഗിന്‍റെ സ്ട്രെയിന്‍ എന്നു പറഞ്ഞു'

'പാവാട'യുടെ ഷൂട്ടിനിടയിലാണ് അനാർക്കലിയുടെ മൂന്നു ദിവസത്തെ വർക്ക് പ്ലാൻ ചെയ്തിരുന്നതെങ്കിലും രാജുവിനെ എപ്പോൾ വിട്ടുകൊടുക്കുമെന്ന് ഒരു ഐഡിയ ഉണ്ടായിരുന്നില്ല..'

g marthandan remembers sachy
Author
Thiruvananthapuram, First Published Jun 20, 2020, 3:38 PM IST
  • Facebook
  • Twitter
  • Whatsapp

സിനിമയിലെ സഹപ്രവര്‍ത്തകരുമായി പ്രൊഫഷണല്‍ ബന്ധത്തിനപ്പുറം വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്ന ആളായിരുന്നു അന്തരിച്ച ചലച്ചിത്രകാരന്‍ സച്ചി. പലരുടെയും കുറിപ്പുകളില്‍ ആ അടുപ്പത്തിന്‍റെ ഊഷ്‍മളത വ്യക്തമായിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ ജി മാര്‍ത്താണ്ഡ‍ന്‍ സച്ചിയെ അനുസ്മരിക്കുകയാണ്. താന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്ന കാലത്ത് ആരംഭിക്കുന്ന, സച്ചിയുമായുള്ള അടുപ്പത്തെക്കുറിച്ച് പറയുകയാണ് ജി മാര്‍ത്താണ്ഡന്‍.

സച്ചിയുടെ ഓര്‍മ്മയില്‍ ജി മാര്‍ത്താണ്ഡന്‍

സച്ചിയേട്ടാ.. നമ്മൾ തമ്മിൽ പരിചയപ്പെട്ടത് എന്നാണെന്ന് ഓർമ്മയുണ്ടോ? 'ഛോട്ടാ മുംബൈ'ക്ക് ശേഷം മണിയൻപിള്ള രാജു ചേട്ടൻ മോഹൻലാൽ സാറിനെ വച്ച് വീണ്ടും ഒരു സിനിമ ചെയ്യണമെന്ന് അൻവർ റഷീദിനോട് പറഞ്ഞ്, രാജുച്ചേട്ടൻ തന്നെയാണ് സച്ചി-സേതു കൂട്ടുകെട്ടിനെ അൻവറിന് പരിചയപ്പെടുത്തിക്കൊടുത്തത്. ആ സമയത്ത് ഷാഫി സാർ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'ചോക്ലേറ്റി'ന്‍റെ തിരക്കഥാകൃത്തുക്കൾ നിങ്ങളായിരുന്നല്ലോ. ആദ്യസിനിമതന്നെ സൂപ്പർഹിറ്റ്‌. കടവന്ത്രയിൽ, എഴുതാൻ വേണ്ടി എടുത്ത ഫ്‌ളാറ്റിൽ വച്ച്, അൻവറിനൊപ്പം സ്റ്റോറി ഡിസ്കഷനു വന്ന ദിവസമാണ് നമ്മൾ പരിചയപ്പെടുന്നത്. ഞാനന്ന് അൻവറിന്‍റെ ചീഫ് അസോസിയേറ്റാണ്, സുഹൃത്തും. അന്ന്, കാര്യങ്ങളൊക്കെ നോക്കാൻ ഇന്നത്തെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജേഷ് മേനോനും ഉണ്ടായിരുന്നു. സേതുവേട്ടൻ വൈകുന്നേരങ്ങളിൽ വീട്ടിൽ പോകുമായിരുന്നെങ്കിലും, സച്ചിയേട്ടാ, നിങ്ങൾ അവിടെ സ്ഥിരമായി നിന്ന ആ ദിവസങ്ങളിലാണ് നമ്മൾ ഏറെ അടുത്തത്. അന്ന് കഥകളും കാര്യങ്ങളുമൊക്കെയായി നമ്മൾ ഏറെ നേരം ചിലവഴിച്ചു. മൂന്നു മാസത്തോളം ആ ചർച്ചകൾ നീണ്ടെങ്കിലും, പിന്നീട് എന്തൊക്കെയോ കാരണങ്ങളാൽ ആ പടം നടക്കാതെ പോയി. 

പിന്നീട് സച്ചി-സേതു കൂട്ടുകെട്ടിൽ നിരവധി സൂപ്പർഹിറ്റ് സിനിമകൾ ജന്മംകൊണ്ടത് എല്ലാവരും കണ്ടതാണ്. നമ്മൾ വളരെ അടുത്തത്, ലാൽ സാർ (സിദ്ധിഖ്-ലാൽ) സംവിധാനം ചെയ്ത, 'അമ്മ' സംഘടനയുടെ 'സൂര്യതേജസ്സോടെ അമ്മ'യുടെ റിഹേഴ്‌സൽ ക്യാമ്പിൽ വച്ചാണ്. ലാൽ സാറിനെ സപ്പോർട്ട് ചെയ്യാനായി അദ്ദേഹം തിരഞ്ഞെടുത്ത ടീമിൽ ഷാഫി സാറിനും ബെന്നിച്ചേട്ടനും(ബെന്നി പി നായരമ്പലം) സച്ചിയേട്ടനും അജയ് വാസുദേവിനുമൊപ്പം ഞാനുമുണ്ടായിരുന്നല്ലോ. രണ്ടാഴ്ചയോളം നീണ്ട ആ റിഹേഴ്‌സൽ ക്യാമ്പിലാണ് സച്ചിയേട്ടനൊപ്പം കൂടുതൽ നേരം വർക്ക് ചെയ്യാൻ എനിക്ക് സാധിച്ചത്. അന്നത്തെ ആ ഹിറ്റ് ഷോയുടെ പല ഭാഗങ്ങളും എഴുതിയുണ്ടാക്കിയത് ബെന്നിച്ചേട്ടനും സച്ചിയേട്ടനും ചേർന്നായിരുന്നല്ലോ. മമ്മൂട്ടി സാറിന്‍റെ 'രാജമാണിക്യം' സിനിമയിലെ കഥാപാത്രം സ്ക്രീനിലും അതേസമയം സ്റ്റേജിലും വരുന്ന തരത്തിലുള്ള ഐഡിയയൊക്കെ അപാരമായിരുന്നു. പിന്നീട് വർഷങ്ങൾക്കിപ്പുറം ഞാൻ സംവിധായകനായ ശേഷം 'പാവാട'യുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത്, സച്ചിയേട്ടൻ ചെയ്ത 'അനാർക്കലി'യുടെ ഷൂട്ടിംഗ് കുറച്ചു ഭാഗം കൂടി തീരാനുണ്ടായിരുന്നു. ഏതാണ്ട് മൂന്നു ദിവസത്തെ വർക്ക് മാത്രമേ ബാക്കിയുള്ളായിരുന്നുവെങ്കിലും രാജുവിന് (പൃഥ്വിരാജ്) 'പാവാട'യിൽ ജോയിൻ ചെയ്യേണ്ട സമയമായിരുന്നു. 'പാവാട'യുടെ ഷൂട്ടിനിടയിലാണ് അനാർക്കലിയുടെ മൂന്നു ദിവസത്തെ വർക്ക് പ്ലാൻ ചെയ്തിരുന്നതെങ്കിലും രാജുവിനെ എപ്പോൾ വിട്ടുകൊടുക്കുമെന്ന് ഒരു ഐഡിയ ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ "ഡാ, നീ നോ ഒന്നും പറഞ്ഞേക്കരുത്, ഞാനൊരു കാര്യം പറയുകയാണ്, നമ്മൾ തമ്മിൽ മാത്രം അറിഞ്ഞാൽ മതി, വേറെ ആരും അറിയണ്ട, എനിക്ക് രാജുവിനെ ഒരു മൂന്നു ദിവസം വേണം. നീ എനിക്ക് ആരുമറിയാതെ മൂന്നു ദിവസത്തേക്ക് രാജുവിനെ വിട്ടുതരണം..." എന്നു പറഞ്ഞ് സച്ചിയേട്ടന്‍റെ കാൾ വരുന്നത്. എന്നും ഒരു അനിയനോടെന്നപോലെ എന്നോട് പെരുമാറിയിരുന്ന സച്ചിയേട്ടൻ ഈ കാര്യം ആവശ്യപ്പെട്ടയുടൻ തന്നെ എന്‍റെ അസോസിയേറ്റുമായി ചർച്ച ചെയ്ത്, പ്രൊഡ്യൂസർക്ക് യാതൊരു നഷ്ടവും വരാത്ത രീതിയിൽ വർക്ക് പ്ലാൻ ചെയ്ത് രാജുവിനെ മൂന്നു ദിവസത്തേക്ക് ഫ്രീയാക്കിയിട്ട് സച്ചിയേട്ടനെ വിളിച്ച് അത് പറയുകയും ചെയ്തു. അങ്ങനെ 'അനാർക്കലി' പൂർത്തിയായി. 

പിന്നീടൊരിക്കൽ ഞാൻ 'പാവാട'യിലെ കോടതി സീൻ ചിത്രീകരിച്ചുകൊണ്ടിരുന്നപ്പോഴാണ് സച്ചിയേട്ടൻ സെറ്റിൽ വന്നതും, എന്‍റെ കൈയിൽ പിടിച്ച്, ചെവിയിൽ പ്രത്യേകം നന്ദി പറഞ്ഞതും...(കാരണം, അത് രഹസ്യമായി ചെയ്തൊരു സഹായമായിരുന്നല്ലോ). ആ നിമിഷമൊന്നും മറക്കാൻ കഴിയുന്നില്ല. അതിനു ശേഷം, 'അയ്യപ്പനും കോശിയും' നിർമ്മിച്ച ശശിയേട്ടനെയും രഞ്ജിത്ത് സാറിനെയും കാണേണ്ട ഒരാവശ്യവുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിൽ വന്നപ്പോൾ, സച്ചിയേട്ടന്‍റെ സെറ്റിൽ വരാൻ കഴിഞ്ഞു. ഏറെ കോരിത്തരിപ്പിച്ച പോലീസ് സ്റ്റേഷൻ സീനായിരുന്നു അന്ന് ഷൂട്ട് ചെയ്തത്. അവിടെ രാജുവും ബിജുവേട്ടനും ഉണ്ടായിരുന്നു. സച്ചിയേട്ടൻ വളരെ എനർജറ്റിക്കായി നിന്നു ചെയ്ത സീനുകളായിരുന്നു അത്. വളരെ മനോഹരമായൊരു ക്രാഫ്റ്റായിരുന്നല്ലോ ആ സിനിമ. അന്ന് ഞാൻ എന്‍റെ ഒരുപാട് സിനിമാ വിശേഷങ്ങൾ ചേട്ടനോട് പങ്കുവച്ചു. അനുഗ്രഹിച്ച്, യാത്ര പറഞ്ഞാണ് സച്ചിയേട്ടൻ എന്നെ തിരിച്ചയച്ചത്. പിന്നെ നമ്മൾ കണ്ടത് വിസ്മയ സ്റ്റുഡിയോയിൽ സുഹൃത്ത് അജയ് വാസുദേവിന്‍റെ 'ഷൈലോക്ക്' ഡബ്ബിംഗ് നടക്കുന്ന സമയത്താണ്. ഞാൻ എല്ലാ ദിവസവും അജയ്‌നെ കാണാനായി സ്റ്റുഡിയോയിൽ വരുമ്പോൾ, മുകളിലെ സ്യൂട്ടിൽ 'അയ്യപ്പനും കോശിയും' ഡബ്ബിംഗ് നടക്കുന്നുണ്ടായിരുന്നു. ഞാനന്ന് മുകളിൽ വന്ന് കൺസോളിൽ കയറി സച്ചിയേട്ടനെ കാണുമ്പോൾ "ഡാ, നീയോ... അജയ്‌നെ കാണാൻ വന്നതായിരിക്കും, അല്ലേ" എന്നു ചോദിക്കുക പതിവായിരുന്നല്ലോ. അന്നു നമ്മൾ എല്ലാ ദിവസവും തമ്മിൽ കണ്ടു. അന്ന് മുകളിൽ നിന്ന് വർക്ക് കഴിഞ്ഞു വരുമ്പോൾ സച്ചിയേട്ടന്‍റെ നടപ്പിനൊക്കെ ചെറിയ ബുദ്ധിമുട്ട് കണ്ട് ഞാൻ കാരണം തിരക്കുമ്പോൾ, 'ഷൂട്ട് കഴിഞ്ഞതിന്‍റെ സ്ട്രെയിൻ ആണ്, ഇതൊക്കെ കഴിഞ്ഞ് ഒന്നു റെസ്റ്റ് എടുക്കണം' എന്ന് സച്ചിയേട്ടൻ പറയും. 'ഷൂട്ട് കഴിയുമ്പോൾ എല്ലാവർക്കും ഉണ്ടാകുന്നതല്ലേ സച്ചിയേട്ടാ... സാരമില്ല, ഇതൊക്കെ കഴിയുമ്പോ അതങ്ങു ശരിയാകും' എന്നു ഞാനും പറഞ്ഞു. 'അയ്യപ്പനും കോശിയും' ആദ്യ ഷോ കണ്ടിട്ടു തന്നെ, ഏറെ ഇഷ്ടപ്പെട്ട കാര്യം അറിയിക്കാൻ ഞാൻ സച്ചിയേട്ടനെ വിളിച്ചിരുന്നു. സച്ചിയേട്ടന് ഭയങ്കര സന്തോഷമായി, ഒരുപാട് നന്ദിയൊക്കെ പറഞ്ഞിരുന്നു. സച്ചിയേട്ടാ, നമ്മൾ അവസാനമായി കാണുന്നത് ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന 'സുനാമി'യുടെ പൂജയ്ക്ക് ഇടപ്പള്ളി പള്ളിയിൽ വച്ചാണ്. അന്ന് അയ്യപ്പനും കോശിയും ഒരു വൻ വിജയമായി മാറിക്കഴിഞ്ഞിരുന്നു. എന്നെ ചേർത്തു പിടിച്ച്, അവിടെവച്ചും സച്ചിയേട്ടൻ എന്നോട് സിനിമാ വിശേഷങ്ങൾ അന്വേഷിച്ചു. പിന്നീട് നമ്മൾ തമ്മിൽ കണ്ടിട്ടില്ല. ഒരു ഫോൺ കോളിന്‍റെ ദൂരത്തിനപ്പുറം, ഞാൻ വിളിച്ചാൽ അറ്റൻഡ് ചെയ്യാൻ ഇന്നും സച്ചിയേട്ടൻ ഉണ്ടെന്നു തന്നെയാണ് എന്‍റെ വിശ്വാസം. ഇതെല്ലാം വായിക്കുന്നുണ്ടാകുമെന്നും...

Follow Us:
Download App:
  • android
  • ios