സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്തുന്ന ചിത്രമാണ് സൂരരൈ പൊട്രു. എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യൻ ആര്‍മി ക്യാപ്‍റ്റനുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവതകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററും വൻ സ്വീകാര്യത നേടി. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസറിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

നടനെന്ന നിലയിലും ശ്രദ്ധേയനായ ജി വി പ്രകാശ് കുമാറാണ് സൂരരൈ പൊട്രുവിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.  ചിത്രത്തിന്റ ടീസറിനായി മാര എന്ന സ്‍പെഷല്‍ തീം ഒരുക്കിയെന്നാണ് ജി വി പ്രകാശ് കുമാര്‍ അറിയിച്ചിരിക്കുന്നത്.  സുധ കൊങ്ങര പ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപര്‍ണ ബാലമുരളിയാണ് നായികയാകുന്നത്. ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനും വ്യവസായിയുമായ ജി ആര്‍ ഗോപിനാഥ് ആയാണ് സൂര്യ അഭിനയിക്കുന്നത്.  ജി ആര്‍ ഗോപിനാഥ് എഴുത്തുകാരനെന്ന നിലയിലും ശ്രദ്ധേയനാണ്.