സുജാത മോഹന് ആശംസകളുമായി ഗായകൻ ജി വേണുഗോപാല്‍ (Sujatha Mohan).

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളായ സുജാത മോഹന്റെ ജന്മദിനമാണ് ഇന്ന്. തന്റെ കുട്ടിക്കാലം സംഗീത സംമ്പുഷ്‍ടമാക്കിയതില്‍ സുജാതയ്‍ക്ക് നല്ല പങ്കുണ്ടെന്ന് ഗായകൻ ജി വേണുഗോപാല്‍ പറയുന്നു. സുജാതയ്‍ക്കൊപ്പം പാടിയ ഒരു ഗാനത്തിന്റെ വീഡിയോയും ജി വേണുഗോപാല്‍ പങ്കുവയ്‍ക്കുന്നു. സുജാത മോഹന്റെ മകള്‍ ശ്വേതയ്‍ക്ക് ജനിക്കുന്ന കുഞ്ഞിനൊപ്പം താൻ പാടാൻ ആഗ്രഹിക്കുന്നുവെന്നും വീഡിയോയില്‍ ജി വേണുഗോപാല്‍ പറയുന്നു (Sujatha Mohan).

ഇന്ന് സുജുവിന്റെ ജന്മദിനം. എന്റെ കുട്ടിക്കാലം സംഗീത സംമ്പുഷ്‍ടമാക്കിയതിൽ സുജുവിന്, അന്നത്തെ ബേബി സുജാതയ്ക്ക്, ഒരു പ്രധാന പങ്കുണ്ട്. ഈ വീഡിയോ സുജുവിന്റെ അൻപതാം ജന്മദിനത്തിന്റേതാണ്.
അതിൽ സുജുവിനോടും ശ്വേതയോടുമൊപ്പം പാടിയ സന്തോഷം പങ്ക് വയ്ക്കുന്നുണ്ട്. ഒപ്പം ഒരു പ്രവചനവും. ശ്വേതയ്ക്ക് ഒരു മോൾ ജനിക്കുമെന്നും, അവളോടൊപ്പവും ഞാൻ ഒരു യുഗ്മഗാനം പാടുമെന്നും.
ശ്രേഷ്ഠയ്ക്ക് നാല് വയസ്സാകുന്നു. നീ പാടിത്തുടങ്ങുന്നതും കാത്ത് ഞാൻ ഇവിടെത്തന്നെയുണ്ട് എന്നുമായിരുന്നു വീഡിയോ പങ്കുവെച്ച് ജി വേണുഗോപാല്‍ എഴുതിയിരിക്കുന്നത്.

സുജാത മോഹന്റെ അമ്പത്തിയൊമ്പതാമത് ജന്മദിനാണ് ഇന്ന്. യേശുദാസിനൊപ്പം രണ്ടായിരത്തോളം ഗാനമേളകളില്‍ പാടാൻ അവസരം ലഭിച്ചിട്ടുണ്ട് സുജാത മോഹന് ചെറുപ്പത്തില്‍ തന്നെ. 195ല്‍ 'ടൂറിസ്റ്റ് ബംഗ്ലാവ്' എന്ന ചിത്രത്തിലെ 'കണ്ണെഴുതിപ്പൊട്ടു' എന്ന ഗാനം പാടി വെള്ളിത്തിരയുടെ ഭാഗമായി. 'പള്ളിത്തേരുണ്ടോ', 'ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ', 'മിഴികളില്‍ നിൻ മിഴികളില്‍' തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ ജി വേണുഗോപാലും സുജാതയും ചേര്‍ന്ന് പാടിയിട്ടുണ്ട്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ബംഗ്ല, ഹിന്ദി, മറാത്തി ചിത്രങ്ങള്‍ക്ക് വേണ്ടി സുജാത മോഹൻ പാടിയിട്ടുണ്ട്. 46 വര്‍ഷത്തെ സിനിമാ പിന്നണി ഗാന ജീവിതത്തില്‍ 10,000ത്തിലധികം പാട്ടുകള്‍ സുജാത മോഹൻ പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്‍ക്കുള്ള കേരള സംസ്ഥാന അവാര്‍ഡുകള്‍ സുജാത മോഹൻ സ്വന്തമാക്കിയിട്ടുണ്ട്. 1996ല്‍ 'അഴകിയ രാവണൻ' എന്ന ചിത്രത്തിലെ 'പ്രണയമണിത്തൂവല്‍' എന്ന ഗാനത്തിനും 1998ല്‍ 'പ്രണയവര്‍ണങ്ങള്‍' എന്ന ചിത്രത്തിലെ 'വരമഞ്ഞളാടിയ' എന്ന ഗാനത്തിനും 2006ല്‍ 'രാത്രി മഴ' എന്ന ചിത്രത്തിലെ 'ബാസുരി' എന്ന ഗാനത്തിനുമാണ് അവാര്‍ഡ് ലഭിച്ചത്. 'പുതിയ മുഖം', 'മിൻസാര കനവ്', 'ധില്‍' എന്നീ ചിത്രങ്ങളിലെ ഗാനത്തിന് 1993, 1996, 2001 വര്‍ഷങ്ങളില്‍ മികച്ച പിന്നണി ഗായികയ്‍ക്കുള്ള തമിഴ്‍നാട് സര്‍ക്കാരിന്റെ അവാര്‍ഡും ലഭിച്ചു.

Read More : 'ഹൃദയ'ത്തിനായി പാട്ടും സഹസംവിധാനവും, മകനെ കുറിച്ച് ജി വേണുഗോപാല്‍