മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകന്റെ കുട്ടിക്കാല ഫോട്ടോ ശ്രദ്ധ നേടുന്നു. 

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകനാണ് ജി വേണുഗോപാല്‍. ആരാധകരോട് സംവദിക്കാനും സമയം കണ്ടെത്താൻ ശ്രമിക്കാറുള്ള ഗായകനാണ് ജി വേണുഗോപാല്‍. സാമൂഹ്യ മാധ്യമങ്ങളില്‍ തന്റെ വിശേഷങ്ങള്‍ ജി വേണുഗോപാല്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിത് ഒരു ത്രോ ബാക്ക് ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ജി വേണുഗോപാല്‍.

ജി വേണുഗോപാല്‍ 1975ലെ ഒരു ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. ജില്ലാം കലോത്സവം റോളിംഗ് ട്രോഫി ഏറ്റുവാങ്ങുന്നതിന്റെ ഫോട്ടോയാണ് ഇത്. അന്നേ മിടുക്കനായിരുന്നു ജി വേണുഗോപാലെന്ന് പറഞ്ഞ് ഇഷ്‍ട ഗായകനോടുള്ള സ്‍നേഹം അറിയിക്കുകയാണ് ആരാധകര്‍. ബാലഗോകുലം ജന്മാഷ്‍ടമി പുരസ്ക്കാരം കഴിഞ്ഞ ദിവസം സ്വീകരിച്ചതായി ജി വേണുഗോപല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുമുണ്ട്.

ജി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ, പന്ത്രണ്ട് ഓഗസ്റ്റിനു എറണാകുളം ടൗൺ ഹാളിൽ, 'ബാലഗോകുലം ജന്മാഷ്‍മി പുരസ്ക്കാരം' സ്വീകരിച്ചു. എനിക്ക് മുൻപ് മഹനീയമായ ഈ അവാർഡ് സ്വീകരിച്ച് കടന്നു പോയ പ്രതിഭാശാലികൾ പലരും മനസ്സിലേക്ക് കടന്നു വന്നു. സുഗതകുമാരി ടീച്ചർ, ശ്രീകുമാരൻ തമ്പി സർ, കൈതപ്രം തിരുമേനി, ഒ എൻ വി സർ, അങ്ങനെ പലരും. അവരുമൊക്കെയായുള്ള കൂടിച്ചേരലുകളുടേയും, കലാ പ്രവർത്തനങ്ങളുടെയുമൊക്കെ ദീപ്‍ത സ്‍മരണകൾ ഉള്ളിൽ നിറഞ്ഞു. തിങ്ങിനിറഞ്ഞ സദസ്സും, വേദിയിലെ മഹനീയ സാന്നിദ്ധ്യവുമൊക്കെ ആസ്വദിച്ചു. കേന്ദ്ര മന്ത്രി ശ്രീ വി മുരളീധരൻ, അസി. സൊളിസിറ്റർ ജനറൽ ശ്രീ എസ്. മനു, പ്രശസ്‍ത സിനിമാ സംവിധായകനായ ശ്രീ വിജി തമ്പി , ബൗദ്ധിക പ്രഭാഷകനായ ശ്രീ പ്രസന്നകുമാർ, ഇവരുടെയൊക്കെ സാമീപ്യവും സംഭാഷണവും ഹൃദ്യമായിരുന്നു. കൃത്യമായ അടുക്കും ചിട്ടയോടും നടന്ന കുടുംബ സംഗമവും അവാർഡ് ദാനച്ചടങ്ങും ഒരു മാതൃകയായിരുന്നു. ഈ വർഷം പ്രഖ്യാപിച്ച "മേൽപത്തൂർ " അവാർഡും, ഇന്നലെ ലഭിച്ച ജന്മാഷ്ടമി പുരസ്ക്കാരവും എനിക്ക് കിട്ടിയ ഇരട്ടിധുരങ്ങളാണ്. ഓം നമോ വാസുദേവായ നമ:

മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങള്‍ ജി വേണുഗോപാലിനെ തേടിയെത്തിയിട്ടുണ്ട്. 'മൂന്നാം പക്കം' എന്ന ചിത്രത്തിലെ 'ഉണരുമീ ഗാന'ത്തിനായിരുന്നു ആദ്യ അവാര്‍ഡ്. 'സസ്‍നേഹം' എന്ന ചിത്രത്തിലെ 'താനേ പൂവിട്ട മോഹം' എന്ന ഗാനത്തിനും കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 'ഉള്ളം' എന്ന ചിത്രത്തിലെ 'ആടടി ആടാടടി' എന്ന ഗാനത്തിനും ജി വേണുഗോപാല്‍ മികച്ച ഗായകനായി.

മലയാളികള്‍ എന്നും കേള്‍ക്കാൻ ആഗ്രഹിക്കുന്ന ഒട്ടേറെ ഗാനങ്ങള്‍ ജി വേണുഗോപാലിന്റേതായിട്ടുണ്ട്. 'പൂമാനമേ' എന്ന ഒരു ഗാനം വേണുഗോപാലിനെ തുടക്കത്തില്‍ പ്രശസ്‍തിയിലേക്ക് എത്തിച്ചു. 'ഒന്നാം രാഗം പാടി' എന്ന ഗാനത്തിന്റെ വരികള്‍ വായിക്കുമ്പോള്‍ പോലും ജി വേണുഗോപാലിന്റെ ശബ്‍ദമാണ് ഓര്‍മ വരിക. 'ഏതോ വാര്‍മുകില്‍', 'ചന്ദന മണിവാതില്‍', 'കാണാനഴകുള്ള മാണിക്കകുയിലേ', 'മായമഞ്ചലില്‍', 'മനസേ ശാന്തമാകൂ' തുടങ്ങിയ ഒട്ടേറെ ഹിറ്റ് ഗാനങ്ങളാണ് ജി വേണുഗോപാലിന്റെ ശബ്‍ദത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ചത്.

Read More : രജനികാന്തിന്റെ 'ജയിലറി'ല്‍ നായികയാകാൻ തമന്ന