ഹദ് ഫാസിലും ദിലീഷ് പോത്തനും ഒരുമിച്ച 'ജോജി' എന്ന ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു. ആമസോൺ പ്രൈമിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിൽ പലരും എഴുത്തുകാരൻ കണ്ടതിനപ്പുറമുള്ള നിഗമനങ്ങളും എഴുതിയിടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് കൊണ്ടുള്ള ബോളിവുഡ് താരം ഗജ്‌രാജ് റാവുവിന്റെ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ബോളിവുഡിനെ വിമര്‍ശിച്ചുകൊണ്ട് കൂടിയായിരുന്നു താരത്തിന്റെ പ്രശംസ.

ഗജ്‌രാജ് റാവുവിന്റെ പോസ്റ്റ്

ദിലീഷ് പോത്തനോടും മലയാളത്തിലെ മറ്റ് ചലചിത്ര പ്രവര്‍ത്തകരോടും- പ്രത്യേകിച്ച് ഫഹദ് ഫാസിലിനോടും സംഘത്തോടും,

ഞാന്‍ ഈയിടെ ജോജി കണ്ടു. ഇങ്ങനെ പറയേണ്ടി വരുന്നതില്‍ ദുഃഖമുണ്ട്. പക്ഷേ എനിക്ക് നിങ്ങളോടിത് പറഞ്ഞേ പറ്റൂ. നിങ്ങള്‍ ഇത്തരത്തില്‍ തുടര്‍ച്ചയായി പുതിയ ആശയങ്ങള്‍ കണ്ടെത്തുകയും അതിനെ ആത്മാര്‍ത്ഥമായി അവതരിപ്പിച്ച് നല്ല സിനിമകളുണ്ടാക്കുകയും ചെയ്യുന്നത് ന്യായമല്ല. മറ്റ് ഭാഷകളില്‍ നിന്ന് പ്രത്യേകിച്ച്, ഞങ്ങളുടെ ഹിന്ദിയില്‍ നിന്ന് നിങ്ങള്‍ ഒന്നോ രണ്ടോ കാര്യങ്ങള്‍ നിങ്ങള്‍ പഠിക്കേണ്ടതുണ്ട്. കുറച്ച് ഇടത്തരം സിനിമകള്‍ ചെയ്യേണ്ടതുണ്ട്. എവിടെയാണ് നിങ്ങളുടെ മടുപ്പിക്കുന്ന മാര്‍ക്കറ്റിംഗ് കാമ്പയിനുകളും ആത്മാവില്ലാത്ത റീമേക്കുകളും? വാരാന്ത്യത്തിലെ ബോക്‌സ് ഓഫീസ് ഭ്രമമെവിടെ? ഇതൊന്നുമില്ലാത്തത് അല്‍പ്പം കടുപ്പമാണ്, 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gajraj Rao (@gajrajrao)

തന്റെ വാക്കുകള്‍ കാര്യമായി എടുക്കില്ലെന്ന് പ്രത്യാശിക്കുന്നു എന്ന് കൂട്ടിച്ചേര്‍ത്താണ് താരം പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇനിയും നല്ല സിനിമകള്‍ ചെയ്യുന്നത് തുടരണമെന്നും, മഹാമാരിയില്ലാത്ത ഒരു ലോകമുണ്ടാകുമ്പോള്‍ അത്തരം സിനിമകളുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ, കാണാന്‍ പോപ്‌കോണുമായി താനുണ്ടാകുമെന്നും ഗജ്‌രാജ് റാവു പറയുന്നു.

മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററുകള്‍ ആയിരുന്ന മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.'ദൃശ്യം 2'നു ശേഷം ആമസോണ്‍ പ്രൈം ഡയറക്ട് റിലീസ് ചെയ്ത മലയാളചിത്രവുമാണ് ഇത്. ശ്യാം പുഷ്‍കരനാണ് ചിത്രത്തിന്‍റെ തിരക്കഥ. വില്യം ഷേക്സ്പിയറിന്‍റെ വിഖ്യാത നാടകം 'മാക്ബത്തി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്യാം രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നേരത്തെ മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തിരക്കഥയും ശ്യാം പുഷ്‍കരന്‍റേത് ആയിരുന്നു.