പ്രണയത്തിന്‍റെ വ്യത്യസ്തമായ തലങ്ങളിലൂടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന സംവിധായകനാണ് ഗൗതം മേനോന്‍. റിയലിസ്റ്റിക് പ്രണയരംഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഗൗതം മേനോന്‍ ചിത്രങ്ങള്‍. 'വാരണം ആയിരവും' 'വിണ്ണൈത്താണ്ടി വരുവായാ'യും ആസ്വാദകരെ അത്രത്തോളം പ്രണയാര്‍ദ്രമാക്കിയിട്ടുണ്ട്. ഗൗതം മേനോന്‍ സിനിമകള്‍ യാഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണോ എന്ന ആരാധകരുടെ സംശയത്തിന് മറുപടി നല്‍കുകയാണ് ജീവിതത്തിലെ പ്രണയം പറഞ്ഞ് ഗൗതം മേനോന്‍.

'വാരണം ആയിരം' എന്ന ചിത്രത്തിലെ പോലെ സ്വാഭാവികമായ പ്രണയം പറച്ചില്‍ തന്‍റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്ന് ഗൗതം മേനോന്‍ പറയുന്നു. തന്‍റെ സുഹൃത്തും പിന്നീട് ഭാര്യയുമായ പെണ്‍കുട്ടി പ്രണയം പറഞ്ഞതും സിനിമയിലെ രംഗം പോലെയാണ്. 'എനിക്ക് നിന്നോടുള്ള വികാരം സൗഹൃദവും കടന്നു പോയിരിക്കുന്നു. നീ എന്നെ സുഹൃത്തായി കാണുന്നത് കൊണ്ടാണ് തുറന്നു പറയാതിരുന്നത്. എന്നാല്‍ ഇനി പറയാതിരിക്കാനാവില്ല'- ഗൗതം മേനോന്‍ ഓര്‍ത്തെടുക്കുന്നു.

എന്നാല്‍ തന്നോട് പ്രണയം പറഞ്ഞ ശേഷം രണ്ടു വര്‍ഷം കഴിഞ്ഞാണ് സുഹൃത്തായ പെണ്‍കുട്ടിയോട് തന്‍റെ ഇഷ്ടം തുറന്നു പറയുന്നതെന്നും തന്‍റെ ആദ്യ സിനിമയ്ക്ക് മുമ്പായിരുന്നു വിവാഹം നടന്നതെന്നും പ്രണയചിത്രങ്ങളുടെ സംവിധായകന്‍ പറയുന്നു. തിയേറ്ററില്‍ വെച്ച് 'ഞാനും നിന്നെ സ്നേഹിക്കുന്നു, നമുക്ക് വിവാഹം ചെയ്യാം' എന്ന് താന്‍ പറയുകയായിരുന്നു ഗൗതം മേനോന്‍ പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ പ്രീതി മേനോനാണ് ഗൗതമിന്‍റെ ഭാര്യ.