സംവിധായകന് വാട്‍സ്ആപ് സന്ദേശം

ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെയെത്തി പ്രേക്ഷകപ്രീതി നേടിയ മലയാള ചിത്രം 'ഹോമി'ന് അഭിനന്ദനവുമായി തമിഴ് സംവിധായകന്‍ ഗൗതം മേനോന്‍. സംവിധായകന്‍ റോജിന്‍ തോമസിന് അയച്ച വാട്‍സ് ആപ്പ് സന്ദേശത്തിലാണ് ഗൗതം മേനോന്‍ ചിത്രത്തെ പ്രശംസിക്കുന്നത്. മഞ്ജു വാര്യരില്‍ നിന്നാണ് നമ്പര്‍ വാങ്ങിയത് എന്നു പറഞ്ഞാണ് ഗൗതം മേനോന്‍റെ ആശംസാ സന്ദേശം തുടങ്ങുന്നത്.

ഗൗതം മേനോന്‍റെ ആശംസാ സന്ദേശം

"ഹായ്, ഇത് ഗൗതം മേനോന്‍ ആണ്. മഞ്ജുവില്‍ നിന്നാണ് നിങ്ങളുടെ നമ്പര്‍ കിട്ടിയത്. നിങ്ങളുടെ സിനിമ എനിക്ക് ഏറെ ഇഷ്‍ടമായി. ചിത്രത്തിന്‍റെ ആശയവും അതിന്‍റെ എഴുത്തും എക്സിക്യൂഷനും വളരെ നന്നായിട്ടുണ്ട്. അനേകമാളുകള്‍ ഇതിനോടകം ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് എനിക്കറിയാം. എന്നാലും പറയുന്നു, വളരെ നല്ല വര്‍ക്കാണ് ഇത്. താരനിര്‍ണ്ണയം കൂടിയാണ് ചിത്രത്തിന് ഇത്രയും വ്യത്യാസം ഉണ്ടാക്കിയത്. അവരെല്ലാം വളരെ നന്നായിരുന്നു. നിങ്ങളുടെ അടുത്ത ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നു. എല്ലാ ആശംസകളും".

View post on Instagram

ചിത്രത്തിന് പ്രശംസയുമായി കഴിഞ്ഞ ദിവസം നടന്‍ സിദ്ധാര്‍ഥും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. "ഹോം എന്ന ചിത്രം എനിക്ക് വളരെ ഇഷ്‍ടപ്പെട്ടു. എന്‍റെ പ്രിയ അഭിനേതാക്കളില്‍ ഒരാളാണ് ഇന്ദ്രന്‍സ് ചേട്ടന്‍. ഈ ചിത്രം കണ്ടതിനു ശേഷം അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഉമ്മവെക്കാന്‍ തോന്നി. എങ്ങനെ അഭിനയിക്കണമെന്നും അര്‍ഥവത്തായ സിനിമകള്‍ എടുക്കണമെന്നും നമ്മളെ പഠിപ്പിക്കാന്‍ മുതിര്‍ന്ന നടന്മാര്‍ നമുക്ക് ഇപ്പോഴുമുണ്ട് എന്നതില്‍ ദൈവത്തിന് നന്ദി. ദയവായി നിങ്ങളുടെ കുടുംബത്തിനൊപ്പം ഈ ചിത്രം കാണുക. കേരളത്തില്‍ നിന്ന് അമ്പരപ്പിക്കുന്ന നിരവധി ചിത്രങ്ങള്‍ വരുന്നുണ്ട്. ഒരു കലാകാരന്‍ എന്ന നിലയില്‍ ഞാന്‍ ബഹുമാനിക്കുന്ന ശ്രീനാഥ് ഭാസിക്കും സ്നേഹം", സിദ്ധാര്‍ഥ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ആമസോണ്‍ പ്രൈം വീഡിയോയുടെ ഓണം റിലീസ് ആയി ഓഗസ്റ്റ് 19നാണ് ചിത്രം എത്തിയത്. സാങ്കേതിക പരിജ്ഞാനം കുറഞ്ഞ 'ഒലിവര്‍ ട്വിസ്റ്റ്' എന്ന മധ്യവര്‍ഗ്ഗ കുടുംബനാഥനായി ഇന്ദ്രന്‍സ് മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തിയത്. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്‍ലെന്‍ കെ ഗഫൂര്‍, കൈനകരി തങ്കരാജ്, ജോണി ആന്‍റണി, കെപിഎസി ലളിത, വിജയ് ബാബു തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍. ജയസൂര്യ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം 'കത്തനാര്‍' ആണ് റോജിന്‍ തോമസിന്‍റെ പുതിയ ചിത്രം.