Asianet News MalayalamAsianet News Malayalam

"ധ്രുവനച്ചത്തിരം പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ കോളെജില്‍, ഇപ്പോള്‍..."; പരിഹാസത്തിന് മറുപടിയുമായി ഗൗതം മേനോന്‍

വന്‍ പ്രതികരണമാണ് ഈ പോസ്റ്റിന് ട്വിറ്ററില്‍ ലഭിച്ചിരിക്കുന്നത്

gautham vasudev menon reacts to a tweet whick mocks him for delay of Dhruva Natchathiram chiyaan vikram nsn
Author
First Published Oct 26, 2023, 4:15 PM IST

കോളിവുഡില്‍ ഗൌതം വസുദേവ് മേനോന്‍റേതായി പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനങ്ങള്‍ വരുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന, അടക്കിപ്പിടിച്ച ഒരു ചിരിയുണ്ട്. ഇത് തിയറ്ററുകളിലെത്തുമോ എന്ന പരിഹാസ ചോദ്യമാണ് അത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച്, ഇനിയും തിയറ്ററുകളിലെത്താത്ത അദ്ദേഹത്തിന്‍റെ ഒരു ചിത്രമാണ് അതിന് കാരണം. വിക്രം നായകനാവുന്ന ധ്രുവനച്ചത്തിരം. സൂര്യയെ നായകനാക്കി ആദ്യം 2013 ല്‍ ആലോചിച്ച ചിത്രം പിന്നാലെ ഉപേക്ഷിക്കപ്പെട്ടു. 2015 ല്‍ പല  താരങ്ങളെയും നോക്കിയ ശേഷം അവസാനം വിക്രമിനെ ഉറപ്പിച്ചു. ഗൌതം മേനോന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം 2016 ല്‍ ചിത്രീകരണം തുടങ്ങിയിട്ടും അദ്ദേഹത്തിന്‍റെ സാമ്പത്തിക പ്രതിസന്ധികള്‍ മൂലം 2023 വരെ നിര്‍ത്തിവെക്കേണ്ടിവന്നു. ഇപ്പോഴിതാ ചിത്രം നവംബര്‍ 24 ന് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ഇപ്പോഴിതാ തന്നെ പരിഹസിച്ചുകൊണ്ട് ട്വിറ്ററിലെത്തിയ ഒരു പോസ്റ്റിന് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് ഗൌതം മേനോന്‍.

"ധ്രുവനച്ചത്തിരം പ്രഖ്യാപിക്കപ്പെട്ട സമയത്ത് ഞാന്‍ കോളെജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ആയിരുന്നു. ഇന്ന് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമായി ഞാനൊരു ബഹുരാഷ്ട്ര കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നു. എങ്ങനെയാണ് നിങ്ങളുടെ ജീവിതം (ഇക്കാലയളവില്‍) മാറിയത്?" എന്നായിരുന്നു കീര്‍ത്തി വെങ്കടേശന്‍ എന്നയാളുടെ പോസ്റ്റ്. ഒരു മില്യണ്‍ ട്വിറ്റര്‍ ഉപയോക്താക്കളുടെ ടൈംലൈനില്‍ എത്തിയ ഈ പോസ്റ്റിന് 2900 ലൈക്കുകളും 367 ഷെയറുകളും ലഭിച്ചു. പ്രസ്തുത പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ഗൌതം മേനോന്‍റെ മറുപടി. "ഇക്കാലത്തിനിടെ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഞാന്‍ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടു. നാല് ആന്തോളജി ചെറു ചിത്രങ്ങളും അഞ്ച് മ്യൂസിക് വീഡിയോകളും ഇക്കാലയളവില്‍ ചെയ്തു. ഒരു സിക്സ്ത്ത് സെന്‍സും രൂപപ്പെട്ടു", ഗൌതം മേനോന്‍ കുറിച്ചു. 

 

വന്‍ പ്രതികരണമാണ് ഈ പോസ്റ്റിന് ട്വിറ്ററില്‍ ലഭിച്ചിരിക്കുന്നത്. 19000 ല്‍ അധികം ലൈക്കും 2300 ല്‍ അധികം ഷെയറും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. അതേസമയം ഗൌതം വസുദേവ് മേനോന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ധ്രുവനച്ചത്തിരം സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. യുദ്ധ കാണ്ഡം എന്ന് പേരിട്ടിരിക്കുന്ന ആദ്യ ഭാഗം ആണ് തിയറ്ററുകളില്‍ എത്താന്‍ തയ്യാറെടുക്കുന്നത്. റിതു വര്‍മ്മ, രാധാകൃഷ്ണന്‍ പാര്‍ഥിപന്‍, ആര്‍ രാധിക ശരത്‍കുമാര്‍, സിമ്രാന്‍, വിനായകന്‍, ദിവ്യ ദര്‍ശിനി, മുന്ന സൈമണ്‍, വംശി കൃഷ്ണ, സലിം ബൈഗ്, സതീഷ് കൃഷ്ണന്‍, മായ എസ് കൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

ALSO READ : വീണ്ടും ഞെട്ടിക്കുന്ന ജോജു; 'പുലിമട' റിവ്യൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios