ഞാൻ അതിജീവിക്കുകയാണ്, ആരും സഹായിച്ചില്ല; 'ധ്രുവനച്ചത്തിരം' റിലീസ് വൈകുന്നതിൽ ഗൗതം മേനോൻ
2013ൽ ആണ് വിക്രമിനെ നായകനാക്കി ഗൗതം മേനോൻ സിനിമ എടുക്കുന്നുവെന്ന വാർത്തകൾ വരുന്നത്.

തമിഴ് സിനിമാസ്വാദകർ കഴിഞ്ഞ കുറേ വർഷമായി കാത്തിരിക്കുന്നൊരു സിനിമയുണ്ട്. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിൽ വിക്രം നായകനാകുന്ന 'ധ്രുവനച്ചത്തിരം'. സാമ്പത്തിക പ്രശ്നമാണ് ചിത്രത്തിന്‍റെ റിലീസ് നീണ്ടുപോകാൻ കാരണമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഒടുവിൽ 2023 നവംബര്‍ 24ന് ധ്രുവനച്ചത്തിരം റിലീസ് തീരുമാനിച്ചുവെങ്കിലും അവസാന നിമിഷം ഇത് മാറ്റുകയും ചെയ്തു.
നിലവിൽ മമ്മൂട്ടി നായകനായി എത്തുന്ന 'ഡൊമിനിക്ക് ആന്‍ഡ് ദി ലേഡീസ് പേഴ്സ്' എന്ന ഗൗതം മേനോന്റെ സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഈ അവസരത്തിൽ ധ്രുവനച്ചത്തിരത്തെ കുറിച്ച് സംവിധായകൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ധ്രുവനച്ചത്തിരം വൈകുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച് ഇൻഡസ്ട്രിയിലെ ആരും തന്നെ വന്നില്ലെന്നും ആരും സഹായം ആവശ്യമുണ്ടോന്ന് പോലും ചോദിച്ചില്ലെന്നും ഗൗതം മേനോൻ പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹെൽപ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോന്ന തരത്തിലായിരുന്നു ചോദ്യം. ഇതിന് "എനിക്ക് അങ്ങനെ ആരും ഇല്ല. അത് ശരിയായിട്ടുള്ളൊരു കാര്യമാണ്. ധ്രുവനച്ചത്തിരം റിലീസ് നടക്കാതിരുന്ന സമയത്ത് എന്നെ ആരും വിളിച്ചില്ല. എന്താണ് സംഭവിച്ചതെന്ന് ചോദിക്കാൻ പോലും ആരും മെനക്കെട്ടില്ല. ആരും സഹായിച്ചില്ല. ഒരു സിനിമ നന്നായാൽ അവർ ആശ്ചര്യപ്പെടും. അല്ലാതെ സന്തോഷിക്കില്ല. അതാണ് യാഥാർത്ഥ്യം. പ്രൊഡ്യൂസർ താനു സാറും സുഹൃത്തും സംവിധായകനുമായ ലിങ്കുസാമിയും മാത്രമാണ് എന്താണ് പറ്റിയതെന്ന് വിളിച്ച് ചോദിച്ചത്. എല്ലാ സിനിമകൾക്കും ഉണ്ടാകുന്ന പ്രശ്നമെ ധ്രുവനച്ചത്തിരത്തിനും ഉള്ളൂ. അല്ലാതെ വലിയ പ്രശ്നങ്ങളൊന്നും തന്നെ ഇല്ല. പ്രേക്ഷകർക്ക് ഇടയിലുള്ള ഹൈപ്പ് കൊണ്ട് മാത്രമാണ് എന്റെ പടം അതിജീവിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് ചെറിയ എന്തെങ്കിലും അപ്ഡേറ്റ് വന്നാൽ തന്നെ അവർ ആവേശത്തോടെയാണ് എടുക്കുന്നത്. അതുകൊണ്ട് മാത്രമാണ് ധ്രുവനച്ചത്തിരം നിലനിൽക്കുന്നത്", എന്നാണ് ഗൗതം വാസുദേവ് മേനോൻ പറഞ്ഞത്.
ഇനി ബേസിൽ- സൗബിൻ- ചെമ്പൻ വിനോദ് കൂട്ടുകെട്ടിന്റെ ഊഴം; ‘പ്രാവിൻകൂട് ഷാപ്പ്' തുറക്കാൻ മൂന്ന് ദിനം കൂടി
2013ൽ ആണ് വിക്രമിനെ നായകനാക്കി ഗൗതം മേനോൻ സിനിമ എടുക്കുന്നുവെന്ന വാർത്തകൾ വരുന്നത്. 2016ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പിന്നാലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം റിലീസിന് ഒരുങ്ങുമ്പോഴെല്ലാം സാമ്പത്തികമോ അല്ലാതയോ ഉള്ള പ്രശ്നങ്ങൾ കാരണം നീണ്ടു പോകുകയായിരുന്നു. ഗൗതം വാസുദേവ് മേനോൻ തന്നെ രചനയും ചെയ്തിരിക്കുന്ന ചിത്രത്തിൽ വില്ലനായെത്തുന്ന വിനായകൻ ആണ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..