സംവിധാനം ചെയ്ത പുതിയ ചിത്രം 'മൂത്തോന്' ലഭിക്കുന്ന പ്രേക്ഷക പ്രതികരണത്തില്‍ നന്ദി അറിയിച്ച് ഗീതു മോഹന്‍ദാസ്. 'മൂത്തോന്‍' ചെയ്യുമ്പോള്‍ തന്റെ പ്രേക്ഷകരെ കണ്ടെത്തുക എന്നത് മാത്രമായിരുന്നു ഉദ്ദേശ്യമെന്നും അത് സാധിച്ചു എന്നതാണ് ഇപ്പോള്‍ മനസിലാക്കുന്നതെന്നും ഗീതം ഫേസ്ബുക്കില്‍ കുറിച്ചു. 

'ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളിലും നിരൂപണങ്ങളിലും ഒരുപാട് സന്തോഷം. എന്റെ പ്രേക്ഷകരെ കണ്ടെത്തുക എന്നത് മാത്രമായിരുന്നു (മൂത്തോന്‍ ചെയ്യുമ്പോള്‍) ഉണ്ടായിരുന്ന ലക്ഷ്യം. എന്റെ വിഭാഗത്തെ ഞാന്‍ കണ്ടെത്തി എന്നാണ് ഇപ്പോള്‍ തോന്നുന്നത്. ഒറ്റ വാക്ക് മാത്രം- നന്ദി', ഗീതുവിന്റെ കുറിപ്പ്.

നേരത്തേ ടൊറന്റോ ചലച്ചിത്ര മേളയിലും മുംബൈ ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിച്ചതിന് ശേഷമാണ് 'മൂത്തോന്‍' ഇപ്പോള്‍ തീയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. മുംബൈ മേളയുടെ ഉദ്ഘാടന ചിത്രവുമായിരുന്നു മൂത്തോന്‍. ലക്ഷ്വദ്വീപും മുംബൈയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. രാജീവ് രവിയാണ് ഛായാഗ്രഹണം. ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് അനുരാഗ് കശ്യപ് ആണ്. എഡിറ്റിംഗ് അജിത്ത് കുമാറും കിരണ്‍ ദാസും ചേര്‍ന്ന്. സൗണ്ട് ഡിസൈന്‍ കുണാല്‍ ശര്‍മ്മ.