എ ഗോകുൽ കൃഷ്‍ണയാണ് സംവിധായകന്‍

ബ്രമാണ്ഡ ചിത്രമായ ജെൻ്റിൽമാൻ 2ന്‍റെ (Gentleman 2) പിന്നണിയിലേക്ക് ഒന്നിനു പിറകെ ഒന്നായി പ്രഗത്ഭര്‍ അണി ചേരുകയാണ്. നേരത്തേതന്നെ സവിധായകനായി ആഹാ കല്യാണം എന്ന ഹിറ്റ് ചിത്രം അണിയിച്ചൊരുക്കിയ യുവ സംവിധായകൻ എ ഗോകുൽ കൃഷ്ണ, സംഗീത സംവിധായകനായി മരഗതമണി (കീരവാണി), ഛായഗ്രാഹകനായി ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗത്ഭരിൽ ഒരാളായ അജയൻ വിൻസെൻ്റ് എന്നിവരുടെ പേരുകൾ നിർമ്മാതാവ് കെ ടി കുഞ്ഞുമോൻ പ്രഖ്യാപിച്ചിരുന്നു. നായികമാരായി മലയാളികളായ നയൻതാര ചക്രവർത്തി, പ്രിയാ ലാൽ എന്നിവരുടെ പേരുകളും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ കലാസംവിധായകരായി ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ തോട്ടാ ധരണിയുടേയും അദ്ദേഹത്തിൻ്റെ മകൾ രോഹിണി ധരണിയുടെയും പേരുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാവ്. 

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലേയും ബ്രമാണ്ഡ സിനിമകൾക്ക് കലാസംവിധായകനായി പ്രവർത്തിച്ച് കീർത്തി നേടിയ കലാകാരനാണ് തോട്ടാ ധരണി. നായകൻ, ബോംബേ, ദളപതി, ചന്ദ്രമുഖി, ശിവാജി, ദശാവതാരം, രുദ്രമാദേവി, ഡാം 999, മലയാളത്തിൽ അഭിമന്യു എന്നീ സിനിമകൾക്കായും, കുഞ്ഞുമോൻ തന്നെ നിർമ്മിച്ച ജെൻ്റിൽമാൻ, കാതലൻ, കാതൽദേശം, രക്ഷകൻ എന്നീ സിനിമകൾക്കായും തോട്ടാ ധരണി ഒരുക്കിയ സെറ്റുകൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്ടായ ' പൊന്നിയിൻ സെൽവ'ൻ്റെ പണിപ്പുരയിലാണിപ്പോൾ തോട്ടാ ധരണി. ജെൻ്റിൽമാൻ2നു വേണ്ടി ഹോളിവുഡ് നിലവാരത്തിലുള്ള സെറ്റുകളാണ് തോട്ടാ ധരണിയും രോഹിണി ധരണിയും ചേർന്ന് ഒരുക്കുകയത്രെ.

ALSO READ : കന്നഡയില്‍ നിന്ന് അടുത്ത പാന്‍ ഇന്ത്യന്‍ ചിത്രം; വിസ്‍മയിപ്പിക്കാന്‍ വിക്രാന്ത് റോണ: ട്രെയ്‍ലര്‍

അണിയറ സാങ്കേതിക വിദഗ്ദ്ധരെല്ലാം ഇന്ത്യൻ സിനിമയിലെ തന്നെ പ്രഗത്ഭരായിരിക്കുമെന്ന് കുഞ്ഞുമോൻ ആവർത്തിച്ച് പറഞ്ഞിരുന്നു. ചിത്രത്തിലെ നായകൻ, മറ്റ് അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ ആരൊക്കെയായിരിക്കും എന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികള്‍. സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് അവസാന വാരം ആരംഭിക്കും.