ജയിലറിലെ മാസിന് ശേഷം, ശിവണ്ണയുടെ മാസ് : 'ഗോസ്റ്റ്' ആദ്യപ്രതികരണങ്ങളും, ആദ്യദിന കളക്ഷനും ഇങ്ങനെ.!
ദളപതി വിജയ് നായകനായ ലിയോയ്ക്കൊപ്പം കന്നടയില്‍ ക്ലാഷായിട്ടാണ് ഗോസ്റ്റ് ഇറങ്ങിയത് ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ബെംഗലൂരു: നവരാത്രി ഉത്സവ സീസണില്‍ ഒറ്റ റിലീസ് മാത്രമാണ് കന്നട സിനിമ ലോകത്തുള്ളൂ. അത് സൂപ്പര്‍താരം ശിവരാജ് കുമാറിന്‍റെ ഗോസ്റ്റാണ്. തമിഴ് സൂപ്പര്‍താരം രജനികാന്തിന്‍റെ ജയിലറില്‍ ഒരു ക്യാമിയോ അപ്പിയറന്‍സില്‍ എത്തിയതോടെ തെന്നിന്ത്യ മൊത്തം തന്‍റെ സാന്നിധ്യം അറിയിച്ച ശിവരാജ് കുമാര്‍ പുതിയ ചിത്രവുമായി എത്തുമ്പോള്‍ വലിയ ശ്രദ്ധയാണ് നേടുന്നത്. കേരളത്തിലടക്കം ശിവരാജ് കുമാര്‍ പ്രമോഷന് എത്തിയിരുന്നു. മാത്രമല്ല മലയാളിക്ക് പ്രിയപ്പെട്ട നടന്‍ ജയറാമും ഗോസ്റ്റില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.
ദളപതി വിജയ് നായകനായ ലിയോയ്ക്കൊപ്പം കന്നടയില്‍ ക്ലാഷായിട്ടാണ് ഗോസ്റ്റ് ഇറങ്ങിയത് ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചില ട്വിറ്റര്‍ പ്രതികരണങ്ങള്‍ കാണാം. ഗോസ്റ്റ് ഒരു ആക്ഷന്‍ ത്രില്ലര്‍ ഫുള്‍ പാക്ഡ് ചിത്രം എന്നാണ് അണിയറക്കാര്‍ പറയുന്നത്. നോണ്‍ ലീനിയര്‍ രീതിയില്‍ കഥ പറഞ്ഞത് ചിത്രത്തെ ഏറെ ഗുണം ചെയ്തിട്ടുണ്ട്. അതേ സമയം ജയറാമിന്‍റെ റോളിനും കൈയ്യടി ലഭിക്കുന്നുണ്ട്.
അതേ സമയം ഒരു ഹീസ്റ്റ് ത്രില്ലറാണ് ഗോസ്റ്റ്, ജയിലില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ കൂടുതല്‍. ശിവരാജ്കുമാറിനും ജയറാമിനും പുറമെ അനുപം ഖേർ, പ്രശാന്ത് നാരായണൻ, അർച്ചന ജോയിസ്, സത്യപ്രകാശ്, ദത്തണ്ണ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ഗോസ്റ്റ് കന്നട, ഹിന്ദി, തമിഴ് ഭാഷകളിൽ ഒക്ടോബർ 19-ന് റിലീസ് ചെയ്തതത്. തെലുങ്ക് പതിപ്പ് ഒരാഴ്ച കഴിഞ്ഞ് ഒക്ടോബർ 27-നായിരിക്കും റിലീസ്. അതേ സമയം ഇൻഡസ്ട്രി ട്രാക്കർ സാക്നിൽകിന്‍റെ മുന്‍കൂര്‍ കണക്കുകള്‍ പ്രകാരം ഗോസ്റ്റ് വളരെ മന്ദഗതിയിലുള്ള ഓപ്പണിംഗാണ് ബോക്സോഫീസില്‍ ഉണ്ടാക്കിയിരിക്കുന്നത്. ശിവരാജ് കുമാര്‍ ചിത്രം ആദ്യദിനത്തില്‍ 2.5 കോടിക്ക് അടുത്താണ് നേടിയത് എന്നാണ് വിവരം.