എൻ പ്രഭാകരന്‍ഫെ ചെറുകഥയെ ആസ്പദമാക്കി ഷിജിൻ ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രം

അന്താരാഷ്ട്ര ഡോക്യുമെൻററി ഹ്രസ്വ ചിത്രമേളയിൽ ശ്രദ്ധ നേടി ഷിജിൻ ഗോവിന്ദ് സംവിധാനം ചെയ്ത ദി ഗ്ലോബ്. പുതുതായി പ്രദർശനാനുമതി ലഭിച്ചതിനെ തുടർന്ന് നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിക്കപ്പെട്ടത്. കുഞ്ഞാമൻ, മകൻ നാലാം ക്ലാസുകാരനായ കരിയൻ എന്നിവരിലൂടെയാണ് ചിത്രം കഥ പറയുന്നത്. ആദിവാസി സമൂഹത്തിന്റെ മണ്ണുമായുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന എൻ പ്രഭാകരന്റെ ഗ്ലോബ് എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. മറ്റെന്തുവേണമെങ്കിലും സമ്മാനമായി നൽകാമായിരുന്നിട്ടും എന്തുകൊണ്ടാണ് ഒരു നാലാം ക്ലാസുകാരന് ഗ്ലോബ് സമ്മാനിക്കുന്നതെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളു. ഞാനും നീയുമുൾപ്പെടുന്ന മണ്ണിന്റെ ചെറിയ പതിപ്പാണ് ഗ്ലോബ്. ഇടത്തിന്റെ, സ്വത്വത്തിന്റെ, നിലനിൽപ്പിന്റെ പ്രതീകമായി ഗ്ലോബിനെ ചിത്രീകരിക്കുമ്പോൾ അത് വിരൽ ചൂണ്ടുന്നത് കേരളത്തിലെ മാത്രമല്ല ആഗോള തലത്തിൽ ആദിവാസി സമൂഹങ്ങൾ നേരിടുന്ന പ്രതിസന്ധികളിലേക്ക് കൂടിയാണ്.

രാഷ്ട്രീയത്തിന്റെ, സംസ്കാരത്തിന്റെ പ്രതിരോധത്തിന്റെ അടയാളപ്പെടുത്തലുകൾ ചിത്രത്തിലുടനീളം കാണാൻ സാധിക്കും. വിഭവ ചൂഷണത്തിനെതിരെയും സ്വന്തം അവകാശങ്ങൾക്കായും പോരാടുന്ന ആദിവാസി നേതാക്കളും പരിസ്ഥിതി പ്രവർത്തകരും നിരന്തരം ആക്രമിക്കപ്പെടുകയോ അതിക്രമങ്ങൾക്ക് ഇരയാവുകയോ ചെയ്യുന്നുണ്ടെന്ന് ചിത്രം കുഞ്ഞാമനിലൂടെ പറഞ്ഞുവെക്കുന്നു. പൂർണ്ണമായും അട്ടപ്പാടിയിലെ ഊരുകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന 'ഗ്ലോബ്', സ്വന്തം മണ്ണിനോട് ചേർന്നുനിൽക്കുന്ന ഒരു ജനതയുടെ വൈകാരികമായ ആവിഷ്കാരമാണ്. ഒപ്പം, അവരുടെ പൈതൃകത്തിന് അർഹമായ നീതിയും അംഗീകാരവും നൽകണമെന്ന് ഈ ചിത്രം ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

കുത്തിയൊലിച്ചെത്തുന്ന മഴവെള്ളപ്പാച്ചിലിൽ ഗ്ലോബ് ഒഴുകിപ്പോകുന്നതും അത് നോക്കി നിസ്സഹായനായി നിൽക്കുന്ന കരിയനെയും കാണിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. പാർശ്വവൽക്കരിക്കപ്പെടുന്ന, അടിച്ചമർത്തപ്പെടുന്ന ഒരു സാമൂഹത്തിന്റെയാകെ പ്രതിനിധിയായി ഇവിടെ കരിയൻ മാറുന്നു. ഇടവും സ്വത്വവും നഷ്ടപ്പെടുന്ന ഒരു വിഭാഗത്തിന് വേണ്ടി നിലനിൽക്കുമ്പോൾ ആവിഷ്കരസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റങ്ങൾ സംവിധായകൻ എന്ന നിലയിൽ തന്റെയും സ്വത്വ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ടെന്നു ചിത്രത്തിന്റെ സംവിധായകൻ ഷിജിൻ ഗോവിന്ദ് പറയുന്നു.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming