വിജയ് യേശുദാസിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണം നഷ്‍ടപ്പെട്ടെന്ന് പരാതി.
ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടില്‍ മോഷണം. 60 പവൻ സ്വര്‍ണം നഷ്‍ടപ്പെട്ടെന്നാണ് വിജയ് യേശുദാസിന്റെ ഭാര്യ ദര്‍ശന നല്‍കിയ പരാതിയില്‍ പറയുന്നത്. അഭിരാമപുരം പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. ചെന്നെയിലെ വീട്ടിലെ മോഷണത്തില്‍ ജോലിക്കാര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.
വിവിധ ഭാഷാ സിനിമകളില്‍ ഗായകനെന്ന നിലയില്‍ വിജയ് യേശുദാസ് പേരെടുത്തിട്ടുണ്ട്. 'കോലക്കുഴല്‍ വിളി കേട്ടോ', 'അകലെയോ നീ', 'മഴകൊണ്ട് മാത്രം', 'പൂമുത്തോളേ' എന്നീ ഗാനങ്ങള്‍ക്ക് 2007, 2012, 2018 വര്‍ഷങ്ങളില്‍ മികച്ച ഗായകനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 'അവൻ' എന്ന സിനിമയിലൂടെ വിജയ് യേശുദാസ് മലയാളത്തില്‍ നടനുമായി. 'മാരി' എന്ന ചിത്രത്തിലൂടെയാണ് വിജയ് യേശുദാസ് തമിഴകത്ത് നടനായി എത്തിയത്.
അടുത്തിടെ തമിഴ് ചലച്ചിത്ര സംവിധായിക ഐശ്വര്യ രജനികാന്തിന്‍റെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. സംഭവത്തില്‍ പ്രതികളെ പൊലീസ് കണ്ടെത്തിയിരുന്നു. വീട്ടുജോലിക്കാരി ഈശ്വരി, ഡ്രൈവര്‍ വെങ്കടേശന്‍ എന്നിവരാണ് പിടിയിലായത്. 100 സ്വര്‍ണ്ണ നാണയങ്ങളും 30 ഗ്രാമിന്‍റെ വജ്രാഭരണങ്ങളും നാല് കിലോഗ്രാം വെള്ളിയും മോഷ്‍ടിച്ചതിന് ഈശ്വരിയുടെ പേരിലാണ് തേനാംപേട്ട് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
പല തവണകളായാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. ഐശ്വര്യ പൊലീസിന് നല്‍കിയ വിവരമനുസരിച്ച് 2019 ല്‍ നടന്ന അനുജത്തി സൗന്ദര്യയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് അവസാനമായി ആഭരണങ്ങള്‍ ധരിച്ചത്. പിന്നീട് അവ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഈ ലോക്കര്‍ പലയിടങ്ങളിലേക്ക് ഇക്കാലയളവില്‍ മാറ്റിയിട്ടുണ്ട്. മുന്‍ ഭര്‍ത്താവ് ധനുഷിന്‍റെയും അച്ഛന്‍ രജനികാന്തിന്‍റെയുമൊക്കെ വീടുകളില്‍ ഐശ്വര്യ ഈ ലോക്കര്‍ സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ലോക്കറിന്‍റെ താക്കോല്‍ എപ്പോഴും ഐശ്വര്യ തന്‍റെ ഫ്ലാറ്റില്‍ സൂക്ഷിക്കുകയും ചെയ്‍തിരുന്നു. തന്‍റെ പുതിയ ചിത്രം ലാല്‍ സലാമിന്‍റെ തിരക്കുകളില്‍ ആയിരുന്ന സമയത്താണ് മോഷണം നടന്നതെന്നാണ് ഐശ്വര്യയുടെ വിലയിരുത്തല്‍. ഐപിസി 381 പ്രകാരമുള്ള കേസ് ആണ് തേനാംപേട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്.
Read More: പ്രിയങ്ക ചോപ്രയുടെ സീരീസ് 'സിറ്റഡല്‍', ട്രെയിലര്‍ പുറത്ത്
