ചെന്നൈ: കൊവിഡ് വ്യാപനമാണ് രജനീകാന്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നിശ്ചലമാക്കിയതെന്ന് രജനീകാന്തിന്റെ സഹോദരൻ സത്യനാരായണ. പാർട്ടി പ്രഖ്യാപനത്തെക്കുറിച്ച് രജനീകാന്തിന് നല്ല ബോധ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

സജീവ രാഷ്ട്രീയപ്രവർത്തനത്തിനായി താരം തയാറായിരുന്നു. കൊവിഡ് വ്യാപനം കുറഞ്ഞാൽ ജനുവരിയിൽ ആരാധകർക്ക് ശുഭവാർത്ത എത്തുമെന്നും സത്യനാരായണ പറഞ്ഞു.

രജനീകാന്തിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഉടനുണ്ടാകില്ലെന്ന റിപ്പോർട്ടുകളയിരുന്നു പുറത്തുവന്നത്. ആരോഗ്യനില സൂക്ഷിക്കണമെന്ന് ഡോക്ടർമാരുടെ നിർദേശമുണ്ടെന്ന് താരം വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

ഡിസംബർ വരെ കാത്തിരിക്കാൻ ആരാധകരോട് രജനീകാന്ത് പറഞ്ഞു. കൊവിഡ് വ്യാപനം കുറഞ്ഞാൽ മാത്രം പാർട്ടി പ്രഖ്യാപനം നടത്തും. രജനീകാന്ത് പിൻമാറിയേക്കുമെന്ന കത്തിന്റെ പകർപ്പ് താരത്തിന്റെ ഓഫീസിൽ നിന്ന് പുറത്തുവന്നിരുന്നു. 

ചോർന്ന കത്ത് എന്റേതല്ലെന്നും ഇതിൽ പറയുന്ന ആരോഗ്യപ്രശ്നങ്ങൾ ശരിയാണെന്നും രജനീകാന്ത് വ്യക്തമാക്കിയിരുന്നു. രജനീ മക്കൾ മണ്ഡ്രവുമായി കൂടിയാലോചിച്ച് ഉചിതമായ സമയം നിശ്ചയിക്കുമെന്നായിരുന്നു താരം അറിയിച്ചത്.