Asianet News MalayalamAsianet News Malayalam

സിനിമാ സംഘടനകളുടെ യോഗം വിളിച്ച് സര്‍ക്കാര്‍; സെക്കന്‍ഡ് ഷോ ആവശ്യപ്പെടാന്‍ തിയറ്റര്‍ ഉടമകള്‍

കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഈ മാസം 25 മുതലാണ് തിയറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാനാവുക

government to convene a meeting of film associations before theatre opening
Author
Thiruvananthapuram, First Published Oct 8, 2021, 7:49 PM IST

കൊവിഡ് (Covid 19) രണ്ടാം തരംഗത്തില്‍ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ (Movie Theaters) തുറക്കുന്നതിനു മുന്നോടിയായി സര്‍ക്കാര്‍ സിനിമാ സംഘടനകളുടെ (Film Associations) യോഗം വിളിച്ചു. സിനിമ, സാംസ്‍കാരിക മന്ത്രി സജി ചെറിയാന്‍ (Saji Cheriyan) വിളിച്ചിരിക്കുന്ന യോഗം തിങ്കളാഴ്ചയാണ്. സെക്കൻഡ് ഷോ (Second Show) അനുവദിക്കുക, നികുതി കുടിശ്ശിക ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ തിയറ്റർ ഉടമകൾ ആവശ്യപ്പെടും. അൻപത് ശതമാനം സീറ്റിൽ മാത്രം പ്രവേശനം അനുവദിക്കുന്നതിന്‍റെ പ്രയാസവും സര്‍ക്കാരിനെ അറിയിക്കും.

ഈ മാസം രണ്ടാം തീയതിയാണ് സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറക്കാനുള്ള അനുമതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഈ മാസം 25 മുതലാണ് തിയറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാനാവുക. ജീവനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമാണെന്നും 50 ശതമാനം സീറ്റുകളിലേക്ക് മാത്രമായിരിക്കും പ്രവേശനമെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം 50 ശതമാനം പ്രവേശനത്തോടെ റിലീസ് നഷ്ടമായിരിക്കുമെന്ന് അറിയിച്ചുകൊണ്ട് ബിഗ് ബജറ്റ് ചിത്രങ്ങള്‍ ആരംഭസമയത്തെ റിലീസില്‍ നിന്ന് പിന്മാറിയിരുന്നു. മരക്കാര്‍, ആറാട്ട് അടക്കമുള്ള ചിത്രങ്ങള്‍ ഇക്കൂട്ടത്തില്‍ പെടും.

കാവല്‍, അജഗജാന്തരം, മിഷന്‍ സി, സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങളാണ് മലയാളത്തില്‍ നിന്ന് ആദ്യം തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം റ്റു ഡൈ കൂടാതെ ദീപാവലിക്ക് മറുഭാഷകളിൽ നിന്ന് വമ്പൻ റിലീസുകളുമുണ്ട്. രജനീകാന്തിന്‍റെ അണ്ണാത്തെ. വിശാൽ ചിത്രം എനിമി, അക്ഷയ് കുമാർ ചിത്രം സൂര്യവൻശി എന്നിവയൊക്കെ കേരളത്തിലെ തിയറ്ററുകളിലുമെത്തും.

കൊവിഡ് പശ്ചാത്തലത്തില്‍ 2020 ഫെബ്രുവരി മാസം പൂട്ടിയ തിയറ്ററുകള്‍ ഈ വര്‍ഷം ജനുവരിയില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു. വിജയ് നായകനായ തമിഴ് ചിത്രം മാസ്റ്റര്‍ ആയിരുന്നു ആദ്യ ബിഗ് റിലീസ്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം ഭീതി ഉയര്‍ത്തിയതോടെ ഏതാനും മാസങ്ങള്‍ക്കിപ്പുറം തിയറ്ററുകള്‍ വീണ്ടും അടയ്ക്കേണ്ടിവന്നു. തമിഴ്നാട് ഉള്‍പ്പെടെയുള്ള ഭൂരിഭാഗം സംസ്ഥാനങ്ങളും തിയറ്ററുകള്‍ നേരത്തേ തുറന്നിരുന്നു.

Follow Us:
Download App:
  • android
  • ios